സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ കോപ അമേരിക്ക മത്സരത്തിൽ അർജന്റീനക്ക് തകർപ്പൻ ജയം. ലൗതാറോ മാർട്ടിനെസിന്റെ ഇരട്ട ഗോളിലാണ് അർജന്റീന പെറുവിനെതിരെ ജയിച്ച് കയറിയത്. 47ാം മിനിറ്റിലായിരുന്നു മാർട്ടിനെസിന്റെ ആദ്യ ഗോൾ പിറന്നത്. 86ാം മിനിറ്റിൽ മാർട്ടിനെസ് ഗോൾനേട്ടം രണ്ടാക്കി ഉയർത്തുകയും ചെയ്തു
പെറു പ്രതിരോധത്തിലെ പിഴവ് കൃത്യമായി മനസിലാക്കി ഡി മരിയ നീട്ടി നൽകിയ പാസിൽ നിന്നാണ് മാർട്ടിനെസിന്റെ ആദ്യ ഗോൾ വന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെയായിരുന്നു ഗോൾ. 86ാം മിനിറ്റിൽ ബോക്സിന് തൊട്ട് മുന്നിൽ നിന്ന് പന്ത് സ്വീകരിച്ച് രണ്ട് പെറു ഡിഫൻഡർമാരെ മറികടന്നായിരുന്നു രണ്ടാം ഗോൾ.
അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റിൽ തന്നെ ഗാർനാച്ചോ അർജന്റീനക്കായി കോർണർ നേടി. പിന്നീട് അർജന്റീനയുടെ മാലാഖ ഡി മരിയ നിരവധി ഗോളവസരങ്ങൾ തുറന്നെടുത്തുവെങ്കിലും പെറുവിയൻ പ്രതിരോധത്തിൽ തട്ടി അതൊന്നും ഗോളായില്ല. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി തുടർന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോളടിച്ച് അർജന്റീന കളിയുടെ നിയന്ത്രണമേറ്റെടുത്തു. ഗോൾ തിരിച്ചടിക്കാൻ പെറു പരമാവധി ശ്രമിച്ചെങ്കിലും വലകുലുക്കാൻ അവർക്കായില്ല. ഇതിനിടെ കളിയുടെ 71ാം മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. എന്നാൽ, ലിയാൻഡ്രോ പരേഡെസ് പെനാൽറ്റി പാഴാക്കി.
നേരത്തെ തന്നെ കോർട്ടർ ഫൈനലിലെത്തിയത് കൊണ്ട് അർജന്റീനയെ സംബന്ധിച്ചടുത്തോളം മത്സരം നിർണായകമായിരുന്നില്ല. പെറുവിനോടും ജയിച്ചതോടെ ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് കളിയും ജയിച്ച് വിരോചിതമായി തന്നെ അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.