ന്യൂജഴ്സി: കോപ അമേരിക്കയിൽ കനഡക്കെതിരായ സെമിഫൈനലിന്റെ ആദ്യ പകുതിയിൽ അർജന്റീന ഒരു ഗോളിന് മുന്നിൽ. ഹൂലിയൻ അൽവാരസ് നേടിയ ഏക ഗോളാണ് നിലവിലെ ചാമ്പ്യന്മാർക്ക് നിർണായക ലീഡ് സമ്മാനിച്ചത്.
ലയണൽ മെസ്സിയെയും ഹൂലിയൻ അൽവാരസിനെയും മുന്നേറ്റത്തിൽ വിന്യസിച്ച് കളത്തിലിറങ്ങിയ അർജന്റീന ആദ്യ മിനിറ്റുകളിൽ പന്തടക്കത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ഭാവനാസമ്പന്നമായ മുന്നേറ്റങ്ങളൊരുക്കുന്നതിൽ പരാജയപ്പെട്ടു. അതിനിടെ, കൗണ്ടർ അറ്റാക്കിലൂടെ രണ്ടുതവണ അർജന്റീന ഗോൾമുഖത്ത് കാനഡ ഭീതി വിതക്കുകയും ചെയ്തു. 11ാം മിനിറ്റിലാണ് അർജന്റീനയുടെ മികച്ച മുന്നേറ്റം കണ്ടത്. വലതു വിങ്ങിലൂടെ പന്തുമായി കുതിച്ച എയ്ഞ്ചൽ ഡി മരിയ മെസ്സിക്ക് പന്ത് കൈമാറിയെങ്കിലും സൂപ്പർ താരത്തിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ലക്ഷ്യം തെറ്റി. തൊട്ടുപിന്നാലെ കാനഡയുടെ രണ്ട് മുന്നേറ്റങ്ങൾക്കും ലക്ഷ്യബോധമില്ലായിരുന്നു.
23ാം മിനിറ്റിലാണ് അർജന്റീന കാത്തിരുന്ന ഗോളെത്തിയത്. റോഡ്രിഗോ ഡി പോൾ നൽകിയ മനോഹര പാസ് ഓടിയെടുത്ത ഹൂലിയൻ അൽവാരസ് മുന്നോട്ടാഞ്ഞ ഗോൾകീപ്പർ മാക്സിം ക്രെപിയുടെ കാലിനിടയിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു.
വൈകാതെ ക്രിസ്റ്റ്യൻ റൊമേരെയെ മാരകമായി ഫൗൾ ചെയ്തതിന് ജൊനാഥൻ ഡേവിഡ് മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് കണ്ടു. ലീഡ് ഇരട്ടിപ്പിക്കാൻ മിനിറ്റുകൾക്കകം രണ്ടവസരങ്ങൾ അർജന്റീനയെ തേടിയെത്തിയെങ്കിലും ഫലംകണ്ടില്ല. ഒരു തവണ ഗോൾകീപ്പർ മുന്നോട്ടുകയറിനിന്ന പോസ്റ്റിലേക്ക് ഡി മരിയ പന്ത് ചിപ്പ് ചെയ്തിട്ടെങ്കിലും പുറത്തേക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ മെസ്സിയുടെ തകർപ്പൻ പാസ് നിക്കൊളാസ് ടാഗ്ലിയാഫിക്കോയെ തേടിയെത്തിയെങ്കിലും ടൈറ്റ് ആംഗിളിൽനിന്നുള്ള താരത്തിന്റെ ഷോട്ടിന് േബ്ലാക്കിട്ട കാനഡ കോർണർ വഴങ്ങി രക്ഷപ്പെട്ടു. മെസ്സിയെടുത്ത കിക്കിന് ലിസാൻഡ്രൊ മാർട്ടിനസ് തലവെച്ചെങ്കിലും സൈഡ് നെറ്റിലാണ് പതിച്ചത്.
ആദ്യ പകുതി അവസാനിക്കാനിരിക്കെ മെസ്സിക്ക് ലഭിച്ച രണ്ട് സുവർണാവസരങ്ങൾ നിർഭാഗ്യകരമായി പുറത്തായി. ആദ്യതവണ വലതുവിങ്ങിൽനിന്ന് ലഭിച്ച പന്ത് രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് പോസ്റ്റിലേക്കടിച്ചെങ്കിലും പുറത്തേക്കായിരുന്നു. തൊട്ടുടനെ ലഭിച്ച അവസരം ക്രോസ് ബാറിന് മുകളിലൂടെയും പറന്നു. ഉടൻ കാനഡയും ഗോളിനടുത്തെത്തിയെങ്കിലും എമിലിയാനോ മാർട്ടിനസ് തടസ്സംനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.