ആഴ്സനലിന് സീസണിലെ ആദ്യ ജയം; പി.എസ്.ജിയെ തകർത്തത് മറുപടിയില്ലാത്ത രണ്ട് ഗോളിന്

ലണ്ടൻ: പാരിസ് സെന്‍റ് ജർമനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകർത്ത് യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിൽ ആദ്യ ജയം സ്വന്തമാക്കി ആഴ്സനൽ. കായ് ഹാവേർട്സിന്‍റെ തകർപ്പൻ ഹെഡ്ഡറിലൂടെയും ബുകായോ സാകോ ഫ്രീകിക്കിലൂടെയും നേടിയ ഗോളുകളാണ് ഗണ്ണേഴ്സിന് ജയം സമ്മാനിച്ചത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. കിട്ടിയ അവസരങ്ങൾ പി.എസ്.ജി നഷ്ടപ്പെടുത്തിയതും ആഴ്സനലിന് തുണയായി.

20-ാം മിനിറ്റിലാണ് ആഴ്സനലിനായി ഹാവേർട്സ് വല കുലുക്കിയത്. 15 മിനിറ്റിനു ശേഷം രണ്ടാം ഗോളും പിറന്നതോടെ ആദ്യ പകുതിയിൽ ഗണ്ണേഴ്സ് ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ പി.എസ്.ജി ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾ നേടാനായില്ല. മത്സരത്തിലാകെ അവർ പത്ത് ഷോട്ടുകളുതിർത്തെങ്കിലും ഫലമുണ്ടായില്ല. ജൂണോ മെൻഡിസും ജോ നേവ്സും ഗോൾവല ലക്ഷ്യമാക്കി പായിച്ച ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. പന്തടക്കവും പാസുകളുടെ കൃത്യതയിലും മുന്നിട്ടുനിന്നെങ്കിലും ഭാഗ്യം പി.എസ്.ജിയെ തുണച്ചില്ല. 65 ശതമാനമാണ് പി.എസ്.ജിയുടെ ബോൾ പൊസഷൻ.

ജയത്തോടെ ആഴ്സനൽ പോയിന്‍റ് പട്ടികയിൽ എട്ടാമതെത്തി. ആദ്യ മത്സരത്തിൽ അവർ സമനില നേടിയിരുന്നു. ഒരു ജയവും ഒരു തേൽവിയുമായി പി.എസ്.ജി 18-ാമതാണ്. കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ഡോർട്മുണ്ട്, ബ്രെസ്റ്റ്, ലെവർക്യുസെൻ എന്നിവയാണ് ആദ്യ മൂന്നിലുള്ളത്. മാഞ്ചസ്റ്റർ സിറ്റി, ഇന്‍റർമിലാൻ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകൾ.

കഴിഞ്ഞ ദിവസം നടന്ന മറ്റു മത്സരങ്ങളിൽ ബാഴ്സലോണ യങ് ബോയിസിനെതിരെയും (5-0), ലെവർക്യുസൻ മിലാനെതിരെയും (1-0), ഡോർട്മുണ്ട് സെൽറ്റികിനെതിരെയും (7-1) മാഞ്ചസ്റ്റർ സിറ്റി ബ്രാറ്റിസ്ലാവക്കെതിരെയും (4-0), ഇന്‍റർ മിലാൻ റെഡ് സ്റ്റാർ ബൽഗ്രേഡിനെതിരെയും (4-0) ജയം സ്വന്തമാക്കി. പി.എസ്.വി - സ്പോർട്ടിങ് ലിസ്ബൻ മത്സരം (1-1) സമനിലയിലായി.

Tags:    
News Summary - Arsenal beat PSG to secure first UCL season victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.