ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗംഭീര ജയത്തോടെ ആഴ്സണൽ കുതിപ്പ് തുടരുന്നു. ഫ്രഞ്ച് ക്ലബായ ലെൻസിനെതിരെ ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് ആഴ്സണൽ ജയിച്ച് കയറിയത്. ഇതോടെ ഗ്രൂപ്പ് ബിയിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിന്റുമായി ആഴ്സണൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകുമെന്ന് ഉറപ്പായി.
13ാം മിനിറ്റിൽ കായ് ഹവേർട്സാണ് ആഴ്സണലിന് വേണ്ടി ആദ്യ ലീഡെടുത്തത്. 21 ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ്, 23 ാം മിനിറ്റിൽ ബുക്കായോ സാക്ക, 27ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനല്ലി എന്നിവരും ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡും ഗോൾ നേടിയതോടെ അഞ്ച് ഗോളിന്റെ ലീഡുമായാണ് ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ ഗോൾമഴക്ക് ശമനമുണ്ടായെങ്കിലും 86ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോർഗീഞ്ഞോ ഗോൾ കണ്ടെത്തിയതോടെ ലെൻസിന്റെ പതനം പൂർണമായി.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവിയോളം പോന്നൊരു സമനിലയുമായി നോക്കൗട്ട് പ്രതീക്ഷ തല്ലിക്കെടുത്തി. തുർക്കി ക്ലബായ ഗലറ്റസറെയോട് 3-3 ന്റെ സമനില വഴങ്ങുകയായിരുന്നു. 3-1 ന് മുന്നിൽ നിന്ന യുണൈറ്റഡ് സമനില ചോദിച്ചു വാങ്ങുകയായിരുന്നു. ഇതോടെ അഞ്ച് കളികളിൽ ഒരു ജയം മാത്രമുള്ള യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ യിൽ അവസാന സ്ഥാനക്കാരാണ്. തുർക്കിയിൽ നടന്ന ആവേശപോരാട്ടത്തിൽ 11ാം മിനിറ്റിൽ അലെജാന്ദ്രൊ ഗർനാച്ചോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആദ്യ ഗോൾ കണ്ടെത്തിയത്. 18ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ഗോളിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. എന്നാൽ 29ാം മിനിറ്റിൽ ഹക്കീം സിയെച് ഫ്രീകിക്കിലൂടെ ഗലറ്റസറെക്ക് വേണ്ടി ആദ്യ മറുപടി ഗോൾ നേടി.
രണ്ടാം പകുതിയിൽ 55ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനെയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോളും കണ്ടെത്തിതയതോടെ (3-1) വിജയപ്രതീക്ഷയിലായി. എന്നാൽ 62ാം മിനിറ്റിൽ ഹക്കീം സിയെചിന്റെ മറ്റൊരു ഫ്രീകിക്കിൽ യുണൈറ്റഡ് ഗോൾകീപ്പർക്ക് അടിതെറ്റിയതോടെ (3-2) ഗലറ്റസറെ തിരിച്ചുവന്നു. 71ാം മിനിറ്റിൽ അക്റ്റുർ കാഗ്ലുവിന്റെ തകർപ്പൻ ഗോളിലൂടെ (3-3) യുണൈറ്റഡിന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ നാപോളിക്കെതിരെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച് റയൽ മാഡ്രിഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ബെൻഫിക്ക ഇന്റർമിലാനെ 3-3 സമനിലയിൽ തളച്ചു. മറ്റൊരു മത്സരത്തിൽ ബയേണിനെ കോപൻഹേഗൻ ഗോൾരഹിത സമനിലയിൽ കുരുക്കി. അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ച് ഗ്രൂപ്പിൽ ഒന്നാമതുള്ള ബയേണിന്റെ ആദ്യ സമനിലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.