ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിന് ഞായറാഴ്ച വെസ്റ്റ് ഹാം യുനൈറ്റഡിനോട് വഴങ്ങിയ സമനില ഏൽപിച്ചത് കനത്ത തിരിച്ചടി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ തോൽപിച്ചതോടെ പോയന്റ് വ്യത്യാസം നാലായി ചുരുങ്ങിയിരിക്കുകയാണ്. ആഴ്സണലിനേക്കാൾ ഒരു മത്സരം കുറച്ചാണ് സിറ്റി കളിച്ചത്. 31 മത്സരങ്ങളിൽ ഗണ്ണേഴ്സിന് 74 പോയന്റുള്ളപ്പോൾ ഒരു മത്സരം കുറവിൽ സിറ്റിക്ക് 70 പോയന്റായി. അടുത്ത മത്സരം സിറ്റി ജയിച്ചാൽ ഒരൊറ്റ പോയന്റിന്റെ വ്യത്യാസം മാത്രമാകും. ഇതോടെ കിരീട പോര് ഇഞ്ചോടിഞ്ചാകും.
വെസ്റ്റ് ഹാമിനെതിരെ ആദ്യ പത്തു മിനിറ്റിൽ രണ്ടു ഗോളടിച്ചിട്ടും ആഴ്സനൽ രണ്ടെണ്ണം തിരിച്ചുവാങ്ങുകയായിരുന്നു. ഏഴാം മിനിറ്റില്‍ തന്നെ ഗണ്ണേഴ്സ് മുന്നിലെത്തി. ബ്രസീല്‍ സൂപ്പര്‍താരം ഗബ്രിയേല്‍ ജീസസാണ് വലകുലുക്കിയത്. മൂന്ന് മിനിറ്റിനകം മാര്ട്ടിന് ഒഡേഗാര്‍ഡും ലക്ഷ്യം കണ്ടതോടെ ലീഡ് ഇരട്ടിയായി. എന്നാല്‍ 33ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സൈദ് ബെന്റാമ വെസ്റ്റ് ഹാമിന് ആദ്യഗോള്‍ സമ്മാനിച്ചു. ആദ്യ പകുതി 2-1ന് പിരിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ വെസ്റ്റ് ഹാം സമനില ഗോളും നേടി. 54ാം മിനിറ്റില്‍ ജാരോഡ് ബോവനാണ് ആഴ്സണൽ വലകുലുക്കിയത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം വെസ്റ്റ്ഹാം പ്രതിരോധക്കോട്ടയില്‍ തട്ടിത്തെറിച്ചതോടെ ആഴ്സണലിന് സമനിലയോടെ മടങ്ങേണ്ടി വന്നു.
എർലിങ് ഹാലൻഡിന്റെ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. അഞ്ചാം മിനിറ്റിൽ ജോൺ സ്റ്റോൺസാണ് സിറ്റിക്കായി ആദ്യം വലകുലുക്കിയത്. 13ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാലൻഡ് ലീഡ് ഉയർത്തി. 25ാം മിനിറ്റിൽ ഹാലൻഡിന്റെ രണ്ടാം ഗോളും പിറന്നു. 75ാം മിനിറ്റിൽ നൈജീരിയൻ താരം കെലേച്ചി ഇഹെഅനാച്ചോയുടെ വകയായിരുന്നു ലെസ്റ്ററിന്റെ ആശ്വാസ ഗോൾ. ഇരട്ട ഗോളോടെ ഹാലൻഡ് പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളെന്ന ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹിന്റെ റെക്കോഡിനൊപ്പമെത്തി, 32 ഗോളുകൾ. 32 മത്സരങ്ങളിൽനിന്നാണ് ഹാലൻഡ് ഈ നേട്ടം കൈവരിക്കുന്നത്. ലീഗിൽ ഇനിയും എട്ടു മത്സരങ്ങൾ ബാക്കിനിൽക്കെയാണ് താരത്തിന്റെ റെക്കോഡ്.
മറ്റു മത്സരങ്ങളിൽ ചെൽസി 1-2ന് ബ്രൈറ്റനോട് തോൽവി ഏറ്റുവാങ്ങിയപ്പോൾ ഫുൾഹാം 3-1ന് എവർട്ടനെയും ആസ്റ്റൻ വില്ല 3-0ത്തിന് ന്യൂകാസിലിനെയും ക്രിസ്റ്റൽ പാലസ് 2-0ത്തിന് സതാംപ്റ്റണിനെയും ബോൺമൗത്ത് 3-2ന് ടോട്ടൻഹാമിനെയും വൂൾഫ്സ് 2-0ത്തിന് ബ്രെന്റ്ഫോഡിനെയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.