ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിലെ ഗ്രൂപ് റൗണ്ട് പോരാട്ടങ്ങൾ അവസാന റൗണ്ടിലേക്ക്. ഞായറാഴ്ച രാത്രിയിൽ സൗദിയും കിർഗിസ്താനും തമ്മിലെ മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെ തിങ്കളാഴ്ച മുതൽ മൂന്നാം റൗണ്ടിന് തുടക്കം. ഇതിനകം പ്രീക്വാർട്ടർ ഉറപ്പിച്ചവർക്ക്, ഗ്രൂപ്പിലെ ഒന്നാം നമ്പർ സ്ഥാനം നിലനിർത്തി നോക്കൗട്ടിലെ എതിരാളി ആരെന്ന് നിർണയിക്കാനുള്ള അങ്കങ്ങളാണെങ്കിൽ പിന്നിലുള്ളവർ മരണക്കളികളാണ് കാത്തിരിക്കുന്നത്. ഇനി ഓരോ ഗ്രൂപ്പിലും രണ്ടു മത്സരങ്ങൾക്ക് ഒരേസമയം കിക്കോഫ് വിസിൽ മുഴങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ് ‘എ’യിൽ വൈകീട്ട് ആറിന് ഖത്തർ ചൈനയെയും, തജികിസ്താൻ ലബനാനെയും നേരിടും. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ആതിഥേയരായ ഖത്തറിന്റെ മത്സരം. മൂന്നും നാലും സ്ഥാനക്കാരായ തജികിസ്താനും ലബനാനും ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലും ഏറ്റുമുട്ടും.
ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യരണ്ടു സ്ഥാനക്കാരാണ് പ്രീക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടുന്നത്. ശേഷം, ആറ് ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരിൽ നിന്നും മുൻനിരയിലുള്ള നാലു പേരും അവസാന 16 പേരുടെ പോരാട്ടത്തിന് യോഗ്യത നേടും.
ഗ്രൂപ് എ
ആദ്യ രണ്ട് കളിയും ജയിച്ച ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തർ സേഫ് സോണിലാണ്. ആറ് പോയന്റുമായി ഹസൻ ഹൈദോസും സംഘവും പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർക്കാണ് പോരാട്ടം. ചൈനക്ക് രണ്ടും, തജികിസ്താൻ, ലബനാൻ ടീമുകൾക്ക് ഓരോ പോയന്റും. ഇന്ന് ഖത്തറിനെതിരെ ജയിച്ചാൽ ചൈനക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം. സമനിലയായാൽ, തജികിസ്താൻ-ലബനാൻ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള യാത്ര.
ഗ്രൂപ് ബി
ആറു പോയന്റുമായി ആസ്ട്രേലിയ പ്രീക്വാർട്ടറിൽ ഇടം നേടി. ഒരോ ജയവും സമനിലയുമായി നാല് പോയന്റുള്ള ഉസ്ബകിസ്താനും ഏതാണ്ട് പ്രീക്വാർട്ടർ ഉറപ്പിച്ചകഴിഞ്ഞു. ഒരു പോയന്റുള്ള സിറിയ ഇന്ന് ഇന്ത്യക്കെതിരെ നാലു ഗോളിലേറെ മാർജിനിൽ ജയിച്ചാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഉസ്ബകിന് പ്രീക്വാർട്ടർ ബർത്തിൽ ഭീഷണിയുള്ളൂ. അതേസമയം, ഇന്ത്യയുടെ സാധ്യതകളെല്ലാം ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞു.
ഗ്രൂപ് സി
രണ്ട് കളിയും ജയിച്ച ഇറാൻ പ്രീക്വാർട്ടറിലെത്തി. ഒരു ജയവും സമനിലയുമായി യു.എ.ഇ നാലു പോയന്റുമായി രണ്ടാം സ്ഥാനത്താണ്. 23ന് ഇറാനും യു.എ.ഇയും തമ്മിലാണ് അവസാന മത്സരം. അവസാന അങ്കം തോൽക്കുകയും, ഒരു പോയന്റുള്ള ഫലസ്തീൻ ഹോങ്കോങ്ങിനെ വീഴ്ത്തി ഗോൾ വ്യത്യാസത്തിൽ മേധാവിത്വം നേടുകയും ചെയ്താൽ ഗ്രൂപ്പിലെ സ്ഥിതിഗതികൾ മാറും.
ഗ്രൂപ് സി
രണ്ട് കളി ജയിച്ച ഇറാഖ് പ്രീക്വാർട്ടറിലെത്തി. എന്നാൽ അവസാന കളിയിൽ അപ്രതീക്ഷിതമായി തോറ്റ ജപ്പാന് മൂന്ന് പോയന്റ് മാത്രമാണുള്ളത്. ഇതേ നിലയിൽ തന്നെ ഇന്തോനേഷ്യയും മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ നിർണായകമായി മാറും. ജപ്പാനും ഇന്തോനേഷ്യയും ഇറാഖും വിയറ്റ്നാമും തമ്മിലാണ് അവസാന അങ്കങ്ങൾ.
ഗ്രൂപ് ഇ
ഏറെ സങ്കീർണമായ ഗ്രൂപ് ‘ഇ’. നാല് ടീമുകളും രണ്ട് കളി വീതം കഴിഞ്ഞപ്പോൾ ആർക്കും പ്രീക്വാർട്ടർ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ജോർഡനും ജപ്പാനും നാലും, ബഹ്റൈന് മൂന്നും പോയന്റാണുള്ളത്. 25ന് നടക്കുന്ന അവസാന റൗണ്ട് മത്സരത്തിലെ ഫലങ്ങളെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള യാത്രകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.