ലോകകപ്പ് ഫുട്ബാൾ മഹാമേളക്കു പിന്നാലെ ഖത്തർ കാത്തിരിക്കുന്ന കളിയുത്സവത്തിന് വിസിൽ മുഴങ്ങാൻ ഇനി ഒരു മാസത്തെ മാത്രംകാത്തിരിപ്പ്. ഡിസംബർ 12ൽ നിന്നും കിക്കോഫ് തീയതിയായ ജനുവരി 12ലേക്കുള്ള 31 ദിവസങ്ങൾ കളിയുത്സവത്തിന്റെ ആരവ നാളുകളാണ്. രാവിലും പകലിലും കിനിഞ്ഞിറങ്ങുന്ന തണുപ്പിനെ, കളിയാവേശംകൊണ്ട് ചൂടു പിടിപ്പിക്കാൻ ആതിഥേയ നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇനി ടീം പ്രഖ്യാപനവും കളിക്കാരുടെ വരവും സന്നാഹ മത്സരങ്ങളും ആരാധകരുടെ വരവുമെല്ലാമായി വീണ്ടും ദോഹയുടെ തെരുവുകൾ ഉത്സവവേദികളായി മാറുന്ന നാളുകൾ. കളിയാവേശത്തിലേക്ക് നാളുകൾ എണ്ണിത്തുടങ്ങാം.
ദോഹ: ഏഷ്യൻകപ്പ് പോരാട്ടങ്ങൾക്ക് വിസിൽ മുഴങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ തയാറെടുപ്പുകൾ വിലയിരുത്തി പ്രാദേശിക സംഘാടക സമിതിയുടെ യോഗം. കഴിഞ്ഞ ദിവസം ചേർന്ന കോഓഡിനേഷൻ മീറ്റിങ്ങിൽ ടൂർണമെൻറിൽ മാറ്റുരക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുന്ന മത്സരത്തിൽ വൻകരയിലെ കരുത്തരായ 24 ടീമുകളാണ് മാറ്റുരക്കുന്നത്. സംഘാടക സമിതി മീഡിയ ഡയറക്ടർ ശൈഖ് ഹമദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി യോഗത്തിൽ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുടെ യാത്ര, വി.ഐ.പി അതിഥികൾ, വിവിധ എംബസികളുടെ ക്ഷണ പ്രകാരമുള്ള അതിഥികൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെയും ആരാധകരുടെയും യാത്ര തുടങ്ങി ടൂർണമെൻറ് ഒരുക്കങ്ങളുടെ ഭാഗമായി വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്ത് തീരുമാനമെടുത്തതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന ടൂർണമെൻറിന്റെ സംഘാടനത്തിൽ 6000 വളൻറിയർമാരുെട സേവനമാണ് ലഭ്യമാക്കിയത്. റിക്രൂട്ട്മെൻറ് കഴിഞ്ഞ വളൻറിയർ ടീമിന്റെ പരിശീലനവും പൂർത്തിയായിക്കഴിഞ്ഞു. ടൂർണമെൻറ് കിക്കോഫിന് മുേമ്പ തന്നെ ഒരുവിഭാഗം വളൻറിയർമാരുടെ ഡ്യൂട്ടിയും ആരംഭിക്കും. 18 മുതൽ 72 വയസ്സു വരെയുള്ള 107 രാജ്യങ്ങളിൽ നിന്നാണ് വളൻറിയർമാരുള്ളത്. സ്റ്റേഡിയങ്ങൾ, മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളം ഉൾപ്പെടെ 20 കേന്ദ്രങ്ങളിലായി വളൻറിയർമാരെ സേവനങ്ങൾക്കായി നിയമിക്കും. വളൻറിയർമാരിൽ അഞ്ചു ശതമാനം മാത്രമാണ് ആദ്യമായി ഡ്യൂട്ടിക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ. കൂടുതൽപേരും ലോകകപ്പ് ഉൾപ്പെടെ നേരത്തേ വിവിധ മേളകളുടെ ഭാഗമായി പ്രവർത്തിച്ചവരാണ്.
സംഘാടനത്തിൽ ഏറ്റവും മികച്ച ടൂർണമെൻറിനായിരിക്കും ഖത്തർ വേദിയൊരുക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത എംബസികളുടെ പ്രതിനിധികൾ വ്യക്തമാക്കി.
ദോഹ: ഏഷ്യൻ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ബൂട്ടുകെട്ടാൻ ഒരുങ്ങുന്നവരാണ് ലബനാൻ. ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിലെ അങ്കത്തിലേക്ക് ഒരു മാസം മാത്രം ബാക്കിനിൽക്കെ കോച്ചിന്റെ കസേരയിൽ ആർക്കും ഇരിക്കപ്പൊറുതിയില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഒക്ടോബർ രണ്ടിന് സ്ഥാനമേറ്റ ക്രൊയേഷ്യക്കാരൻ നികോള ജുർസെവിചിനെയും കഴിഞ്ഞ ദിവസം പുറത്താക്കി. രണ്ടു മാസത്തിനുള്ളിലാണ് കോച്ചിനെ മാറ്റിയത്. മുൻ പരിശീലകൻ കൂടിയായ യൂഗോസ്ലാവ്യക്കാരൻ മൊഡ്രാഗ് റഡുലോവിചാണ് പുതിയ പരിശീലകനായി സ്ഥാനമേറ്റത്. ആതിഥേയരായ ഖത്തറും ഒരാഴ്ച മുമ്പ് തങ്ങളുടെ പരിശീലകൻ കാർലോസ് ക്വിറോസിനെ മാറ്റിയിരുന്നു. ക്ലബ് പരിശീലകനായ മാർക്യുസ് ലോപസാണ് ഖത്തർ ടീമിന്റെ പുതിയ കോച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.