ഇംഗ്ലീഷ് ക്ലബ് ആസ്റ്റൻ വില്ലയെ രണ്ടാംപാദ സെമിയിലും മുട്ടുകുത്തിച്ച് ഗ്രീക്ക് ക്ലബ് ഒളിമ്പിയാകോസ് യൂറോപ കോൺഫറൻസ് ലീഗ് ഫൈനലിൽ. ആദ്യപാദത്തിൽ 4-2ന് ജയിച്ചുകയറിയ ഒളിമ്പിയാകോസ് രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയം പിടിച്ചത്. ഇതോടെ ആകെ സ്കോർ 6-2 ആയി. ആദ്യപാദത്തിൽ ഹാട്രിക് നേടിയ അയൂബ് എൽ കാബി രണ്ടാംപാദത്തിൽ ഇരട്ട ഗോളുമായി വിജയശിൽപിയായി. ഇറ്റാലിയൻ ക്ലബ് ഫിയറന്റീനയാണ് മേയ് 29ന് നടക്കുന്ന കലാശക്കളിയിൽ ഒളിമ്പിയാകോസിന്റെ എതിരാളികൾ. ആദ്യമായാണ് പ്രധാന യൂറോപ്യൻ ടൂർണമെന്റുകളിലൊന്നിൽ ഗ്രീസുകാർ ഫൈനലിലെത്തുന്നത്.
മത്സരത്തിന്റെ 74 ശതമാനവും പന്ത് വരുതിയിലാക്കിയിട്ടും ലക്ഷ്യം കാണാനാവാതിരുന്നതാണ് ആസ്റ്റൻ വില്ലക്ക് തിരിച്ചടിയായത്. പത്താം മിനിറ്റിൽ തന്നെ എമിലിയാനോ മാർട്ടിനസ് കാത്ത വില്ല വലയിൽ പന്തെത്തി. മരിൻ റ്യൂസ് നൽകിയ ക്രോസ് അയൂബ് എൽ കാബി വലയിലേക്ക് തട്ടിയിടുകയായിരുന്നു. തിരിച്ചടിക്കാൻ വില്ല ആഞ്ഞുപിടിച്ചെങ്കിലും ആദ്യപകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ല.
എന്നാൽ, 78ാം മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി ഒളിമ്പിയാകോസ് ലീഡ് ഇരട്ടിയാക്കി. ഗോൾകീപ്പർ കോൺസ്റ്റന്റിനോസ് സൊലാകിസ് നീട്ടിയടിച്ച പന്ത് ഓടിയെടുത്ത അയൂബ് എൽ കാബി മുന്നോട്ട് നീങ്ങി പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഓഫ്സൈഡ് സംശയമുയർന്ന ഗോൾ വി.എ.ആർ പരിശോധനയിലൂടെയാണ് അനുവദിച്ചത്. തുടർന്നും തിരിച്ചടിക്കാൻ വില്ല ആക്രമിച്ചുകയറിയെങ്കിലും എതിർ പ്രതിരോധവും ഗോൾകീപ്പറും വഴങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.