ഇറ്റാലിയൻ വമ്പുമായെത്തിയ ഇന്‍റർമിലാനെ വീഴ്ത്തി അത്ലറ്റികോ മഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ. നാടകീയ മത്സരത്തിനൊടുവിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പുകളായ ഇന്‍ററിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് സ്പാനിഷ് ക്ലബ് അത്ലറ്റികോ അവസാന എട്ടിലെത്തിയത്. സ്കോർ 3-2.
ചാമ്പ്യൻസ് ലീഗിന്‍റെ പ്രീ ക്വാർട്ടറിൽ തുടർച്ചയായ രണ്ടാംദിവസമാണ് വിജയികളെ ഷൂട്ടൗട്ടിലൂടെ തീരുമാനിക്കുന്നത്. എഫ്.സി പോർട്ടോയെ ആഴ്സണൽ തോൽപിച്ചതും ഷൂട്ടൗട്ടിലാണ്. മഡ്രിഡിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ അത്ലറ്റികോ 2-1ന് ജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി സ്കോർ (2-2) തുല്യമായി. ഇറ്റലിയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഇന്‍റർ 1-0ത്തിന് ജയിച്ചിരുന്നു. മത്സരത്തിന്‍റെ 33ാം മിനിറ്റിൽ ഫ്രെഡെറികോ ഡിമാർകോയിലൂടെ ഇന്‍ററാണ് ആദ്യം ലീഡെടുത്തത്. ഇതോടെ സീരി എ ടോപ്പർമാർക്ക് രണ്ടു ഗോളിന്‍റെ ലീഡായി. രണ്ടു മിനിറ്റിനിടെ സൂപ്പർതാരം അന്‍റോണിയോ ഗ്രീസ്മാനിലൂടെ (35ാം മിനിറ്റിൽ) അത്ലറ്റികോ സമനില പിടിച്ചു. നിശ്ചിത സമയം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെ മെംഫിസ് ഡിപായി അത്ലലറ്റികോയെ മുന്നിലെത്തിച്ചു. ഇതോടെ ഇരുപാദങ്ങളിലെയും സ്കോർ 2-2 ആയി.
അധിക സമയത്തും ഇരുടീമുകൾക്കും വിജയഗോൾ നേടാനാകാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. അത്ലറ്റികോ ഗോൾ കീപ്പർ ജാൻ ഒബ്ലാക്ക് ഇന്‍റർ താരങ്ങളായ അലെക്സിസ് സാഞ്ചസിന്‍റെയും ഡേവി ക്ലാസന്‍റെയും കിക്കുകൾ തടുത്തിട്ട് ഹീറോയായി. അർജന്‍റൈൻ താരം ലൗട്ടാരോ മാർട്ടിനെസും അവസരം നഷ്ടപ്പെടുത്തി. അത്ലറ്റികോ താരം സൗൾ നിഗ്യൂസിന്‍റെ കിക്ക് ഇന്‍റർ ഗോളി യാൻ സോമറും തടുത്തിട്ടു. ഒടുവിൽ 3-2 എന്ന സ്കോറിൽ (അഗ്രിഗേറ്റ് 5-4) അത്ലറ്റികോ ക്വാർട്ടറിലേക്ക്. കഴിഞ്ഞതവണ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് 1-0ത്തിനാണ് ഇന്‍റർ തോറ്റത്.
സീരി എയിൽ ഒന്നാം സ്ഥാനത്ത് 16 പോയന്‍റിന്‍റെ ലീഡുമായി കുതിക്കുന്ന ഇന്‍റർ 20ാം ആഭ്യന്തര കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2024ൽ ഇന്‍ററിനെ പരാജയപ്പെടുത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഡീഗോ സിമിയോണിയും സംഘവും സ്വന്തമാക്കി. മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ ഡച്ച് ക്ലബ് പി.എസ്.വി എന്തോവനെ പരാജയപ്പെടുത്തി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും ക്വാർട്ടറിലെത്തി. രണ്ടാംപാദ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് (ഇരുപാദങ്ങളിലുമായി 3-1) ഡോർട്ട്മുണ്ടിന്‍റെ ജയം. മൂന്നു വർഷത്തിനിടെ ആദ്യമായാണ് ജർമൻ ക്ലബ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്നത്. ജാഡോൻ സാഞ്ചോ (മൂന്നാം മിനിറ്റിൽ), മാർകോ റൂസ് (90+5) എന്നിവരാണ് ഗോൾ നേടിയത്.
ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് വെള്ളിയാഴ്ച നടക്കും. ആഴ്സണൽ, ബാഴ്സലോണ, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി, റയൽ മഡ്രിഡ്, ഡോർട്ട്മുണ്ട്, അത്ലറ്റികോ ടീമുകളാണ് ക്വാർട്ടർ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.