മഡ്രിഡ്: അനായാസ ജയവുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താമായിരുന്ന ബാഴ്സലോണ വഴിയിൽ കലമുടച്ചപ്പോൾ അത്ലറ്റിക്കോക്കെതിരെ ഗോൾരഹിത സമനില. ഇതോടെ ലാ ലിഗയിൽ കിരീട പോരാട്ടത്തിന് വീണ്ടും പൊള്ളും ചൂട്. ഒരു കളി കുറച്ചുകളിച്ച റയൽ മൂന്നാം സ്ഥാനത്താണെങ്കിലും ഒന്നാമതെത്താനും കിരീടം പിടിക്കാനും ടീമിനു തന്നെ നിലവിൽ സാധ്യത കൂടുതൽ.
ബാഴ്സ- അത്ലറ്റികോ കളിയുടെ ആദ്യ പകുതിയിൽ തിളങ്ങിയത് അത്ലറ്റികോ തന്നെയായിരുന്നു. പരിക്കും ഫൗളും വേറിട്ടുനിന്ന കളിയിൽ അത്ലറ്റികോ നീക്കങ്ങൾക്ക് മൂർച്ച കൂടുതലായിരുന്നുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഒരു തവണ ഒറ്റയാൾ നീക്കവുമായി മെസ്സി നിരവധി എതിർ താരങ്ങളെ ഡ്രിബിൾ ചെയ്ത് വലയിലേക്കു പായിച്ചത് അത്ലറ്റികോ ഗോളി ഒബ്ലാക് പണിപ്പെട്ട് രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലും എണ്ണയിട്ട യന്ത്രം കണക്കെ അത്ലറ്റികോ നിറഞ്ഞുനിന്നപ്പോൾ മറുവശത്ത്, എല്ലാം പിഴച്ച് ബാഴ്സ മുന്നേറ്റവും മധ്യനിരയും മൈതാനത്ത് ഉഴറിനടന്നു. അതിനിടെ ഗോളാക്കാമായിരുന്ന അവസരം പുറത്തേക്ക് ഹെഡ് ചെയ്തുകളഞ്ഞ് ഡെംബലെ പിറക്കാമായിരുന്ന ഏക ഗോളും നിഷേധിച്ചു. നാലാമതുള്ള സെവിയ്യയുമായി ഇന്നത്തെ കളിയിൽ റയൽ ജയിച്ചാൽ ലീഡ് പിടിക്കും.
ജനുവരിയിൽ അത്ലറ്റിക്കോയുമായി 13 പോയിന്‍റ് വരെ അകലമുണ്ടായിരുന്ന ബാഴ്സ കളി അവസാനത്തിലേക്കു നീങ്ങുേമ്പാൾ രണ്ടു പോയിന്‍റ് മാത്രം വ്യത്യാസമായി കുറച്ചതിന്‍റെ ആശ്വാസത്തിലാണ്. ബാഴ്സ വഴിയിലിട്ടപ്പോൾ കളംമാറി അത്ലറ്റിക്കോക്കൊപ്പം ചേർന്ന സുവാരസ് പഴയ തട്ടകത്തിനെതിരെ കളം നിറയുന്നതിനും നൂകാമ്പ് സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.