മഡ്രിഡ്: ആധുനിക ഫുട്ബാളിലെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കു മുമ്പിൽ വാതിലുകളടച്ചിട്ടില്ലെന്ന് അത്‍ലറ്റികോ മഡ്രിഡ്. മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായ പോർചുഗീസുകാരനെ ടീമിലെത്തിക്കാൻ തങ്ങളുടെ മിന്നും താരങ്ങളിലൊരാളെ വിട്ടുനൽകാനും ഒരുക്കമാണ് അത്‍ലറ്റികോയെന്നാണ് സ്‍പെയിനിൽനിന്നുള്ള റിപ്പോർട്ടുകൾ.
ക്രിസ്റ്റ്യാനോ എത്തുന്നതോടെ ടീമിലെ മുന്നേറ്റക്കാരൻ അന്റോയിൻ ഗ്രീസ്മാനെ വിട്ടുനൽകാനാണ് അത്‍ലറ്റികോ ഒരുങ്ങുന്നത്. വരം സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന അതിയായ മോഹവുമായാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽനിന്ന് പുറത്തുകടക്കാനൊരുങ്ങുന്നത്. സൂപ്പർ താരത്തെ ടീമിൽ നിലനിർത്താൻ യുനൈറ്റഡ് പല വഴികളും നോക്കുന്നുണ്ടെങ്കിലും താരം ഒരുക്കമല്ല. കഴിഞ്ഞ ദിവസം ക്ലബ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലും റൊണാൾഡോ ഇക്കാര്യം വ്യക്തമാക്കിയെന്നാണ് സൂചന.
ഫ്രാൻസിനെ ലോകകപ്പ് ജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗ്രീസ്മാനെ ബാഴ്സലോണയിൽനിന്ന് വായ്പാടിസ്ഥാനത്തിലാണ് അത്‍ലറ്റികോ ടീമിലെത്തിച്ചത്. അത്‍ലറ്റികോയിൽ തുടരാൻ ഗ്രീസ്മാനും താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോച്ച് ഡീഗോ സിമിയോണിക്കും ഫ്രഞ്ച് താരത്തെ ഏറെ മതിപ്പാണ്. എങ്കിലും ക്രിസ്റ്റ്യാനോ എത്തുമെങ്കിൽ ഗ്രീസ്മാന് പുറത്തേക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.