ലണ്ടൻ: മികച്ച ഒരു വിദേശ ഡിഫൻഡറെ ടീമിലെത്തിക്കണമെന്ന് അൽ നസ്ർ കോച്ച് ലൂയിസ് കാസ്ട്രോ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ടീമിന്റെ പ്രതിരോധ നിരയിൽ കാര്യമായ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിന് തൊട്ടു പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയുടെ അയ്മറിക് ലപോർട്ടെയെ പൊക്കി സൗദി ക്ലബായ അൽനസ്ർ.
സ്പാനിഷ് താരവും മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ ഭടനുമായ 29 കാരനെ മൂന്ന് വർഷത്തെ കരാറിലാണ് ടീമിലെത്തിക്കുക. 30 മില്യൺ യൂറോക്ക് സിറ്റിയുമായി കരാർ ഉറപ്പിച്ച അൽ നസ്ർ 20 മില്യൺ ഡോളറിലധികം താരത്തിന് പ്രതിഫലമായി നൽകുമെന്നാണ് റിപോർട്ട്. മെഡിക്കൽ ബുക്ക് ചെയ്തതായും ഔദ്യോഗിക രേഖകൾ തയാറാക്കുകയാണെന്നും ഉടൻ കരാർ ഒപ്പിടുമെന്നും വിദേശ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
2018 ജനുവരിയിൽ 57 മില്യൺ പൗണ്ടിന് സിറ്റിയിലെത്തിയ അയ്മറിക് ലപോർട്ടെ അഞ്ച് പ്രീമിയർ ലീഗുകൾ, രണ്ട് എഫ്.എ കപ്പുകൾ, മൂന്ന് ലീഗ് കപ്പുകൾ, ചാമ്പ്യൻസ് ലീഗ് എന്നിവയുടെയെല്ലാം ഭാഗമായി. ഫ്രാൻസിൽ ജനിച്ച ലപോർട്ടെ അണ്ടർ 21 വരെ ഫ്രാൻസിന് വേണ്ടിയാണ് കളിച്ചിരുന്നത്. 2021 ലാണ് സ്പെയിൻ സീനിയർ ടീമിന് വേണ്ടി ബൂട്ടുകെട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.