മോശം പെരുമാറ്റം തിരിച്ചടിയായി; അൽ നസ്റിൽ റൊണാൾഡോയുടെ അരങ്ങേറ്റം വൈകിയേക്കും

മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് സൗദി അറേബ്യയിലെ അൽ നസ്ർ ക്ലബിലേക്ക് ചേക്കേറിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ക്ലബിനായി അരങ്ങേറാനായേക്കില്ല. താരത്തിന്റെ രാജകീയ അരങ്ങേറ്റത്തിനായി പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് ഏറെ നിരാശയുണ്ടാക്കുന്നതാണ് വാർത്ത. മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിക്കുമ്പോൾ ഫുട്‌ബാൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് താരത്തിന് തിരിച്ചടിയാവുക.

മോശമായ പെരുമാറ്റത്തിന് 37കാരനെ ലോകകപ്പിന് മുമ്പ് നവംബറിലാണ് ഫുട്ബാൾ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തത്. ഇംഗ്ലീഷ് ക്ലബിൽനിന്ന് പുറത്തുപോയെങ്കിലും വിലക്ക് നിലനിൽക്കും. എന്നാൽ, ലോകകപ്പിൽ അത് തടസ്സമായിരുന്നില്ല. ഏപ്രിൽ ഒമ്പതിന് ഗുഡിസൺ പാർക്കിൽ നടന്ന എവർട്ടണെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ 1-0ത്തിന് തോറ്റ ശേഷമാണ് വിലക്കിനിടയാക്കിയ സംഭവമുണ്ടായത്. 14കാരനായ എവർട്ടൺ ആരാധകന്റെ പെരുമാറ്റത്തിൽ ക്ഷുഭിതനായ റൊണാൾഡോ അദ്ദേഹത്തിന്റെ ഫോൺ തട്ടിത്തെറിപ്പിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളിലെ വിലക്കിന് പുറമെ 50,000 പൗണ്ട് പിഴയും ചുമത്തിയിരുന്നു. സ്വതന്ത്ര സമിതിയുടെ അന്വേഷണത്തിന് ശേഷമായിരുന്നു ശിക്ഷ വിധിച്ചത്.

സംഭവത്തിൽ റൊണാൾഡോ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. “ഞങ്ങൾ അഭിമുഖീകരിക്കുന്നത് പോലുള്ള വിഷമകരമായ നിമിഷങ്ങളിൽ വികാരങ്ങൾ നിയന്ത്രിക്കൽ ഒരിക്കലും എളുപ്പമല്ല. എന്നിരുന്നാലും, ഞങ്ങൾ എല്ലായ്പ്പോഴും ബഹുമാനവും ക്ഷമയും ഉള്ളവരായിരിക്കണം. മനോഹരമായ ഈ കളി ഇഷ്ടപ്പെടുന്ന എല്ലാ ചെറുപ്പക്കാർക്കും മാതൃകയാകണം. എന്റെ പെരുമാറ്റത്തിന് ക്ഷമാപണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു, സാധ്യമെങ്കിൽ ഓൾഡ് ട്രാഫോഡിൽ ഒരു മത്സരം കാണാൻ ആ ആരാധകനെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’, എന്നിങ്ങനെയായിരുന്നു റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ക്ഷമാപണത്തിൽ കുറിച്ചത്.

റൊണാൾഡോയോ സൗദി ക്ലബോ മത്സരത്തിൽ ഇറങ്ങുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ജനുവരി 21ന് ഇത്തിഫാക്കിനെതിരായ ഹോം മത്സരത്തിൽ സൂപ്പർ താരം അരങ്ങേറ്റം കുറിച്ചേക്കും.

Tags:    
News Summary - Bad behavior backfired; Ronaldo's debut in Al Nassr may be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.