ബംഗളൂരു എഫ്​.സിയെ ഗോളിൽ മുക്കി ബഗാൻ; ഐ.എസ്.എൽ ഷീൽഡിന് ഇഞ്ചോടിഞ്ച് പോര്

ബംഗളൂരു: ഐ.എസ്​.എല്ലിന്‍റെ പത്താം സീസണിൽ ആരാവും ഷീൽഡ്​ ജേതാക്കൾ? ലീഗിലെ അവസാന മത്സരം​ അതിനുത്തരമേകും. 21 കളിയിൽ 47 പോയന്‍റുമായി ഒന്നാമതുള്ള മുംബൈ സിറ്റി എഫ്​.സിയും അത്രയും മത്സരങ്ങളിൽ 45 പോയന്‍റുള്ള മോഹൻ ബഗാനും തമ്മിൽ ഏപ്രിൽ 15ന്​ കൊൽക്കത്തയിലാണ്​ ഷീൽഡിനായുള്ള ‘ഫൈനൽ’.

വ്യാഴാഴ്ച ബംഗളൂരു ശ്രീകണ്ഠീരവയിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്​.സിയെ ബഗാൻ മറുപടിയില്ലാത്ത നാലുഗോളിന്​ മുക്കി. 22 കളി പൂർത്തിയാക്കിയ ബംഗളൂരു 22 പോയന്‍റുമായി പ്ലേ ഓഫ്​ കാണാതെ പുറത്തായി. ആദ്യ പകുതിയിൽ ഭേദപ്പെട്ട പ്രകടനം ബംഗളൂരു പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ കൊൽക്കത്തക്കാരുടെ വിളയാട്ടമായിരുന്നു.

കളി തുടക്കത്തിലേ പരുക്കനായതോടെ ആദ്യ 12 മിനിറ്റിനുള്ളിൽത്തന്നെ റഫറി മൂന്നുതവണ മഞ്ഞക്കാർഡ്​ പുറത്തെടുത്തു. പതിനെട്ടാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽനിന്ന്​ ബഗാൻ ലീഡെടുത്തു. ഹെക്ടർ യുസ്​തെയുടെ ആദ്യ ശ്രമം ക്രോസ്​ ബാറിൽതട്ടി തിരിച്ചുവന്നപ്പോൾ റീബൗണ്ട്​ ബാൾ പിഴവൊന്നുമില്ലാതെ യു​സ്​തെ വലയിലാക്കി. 39 ആം മിനിറ്റിൽ സമനില ഗോളിന്​ സുവർണാവസരം തെളിഞ്ഞു. ചേത്രിയെ പെനാൽറ്റി ബോക്സിൽ ബഗാൻ പ്രതിരോധ താരം അൻവർ അലി ഫൗൾ ചെയ്തതിന്​ റഫറി പെനാൽറ്റി അനുവദിച്ചു. ചേത്രിയുടെ കിക്ക്​ പക്ഷേ, ക്രോസ്​ ബാറിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തുടരെത്തുടരെ ആതിഥേയ വല കുലുങ്ങി​. 5 1 ആം മിനിറ്റിൽ മൻവീർ സിങ്ങും മൂന്നു മിനിറ്റിന്​ ശേഷം അനിരുദ്ധ്​ ഥാപ്പയും 60 ആം മിനിറ്റിൽ അർമാൻഡോ സാദിഖുവും ബംഗളൂരുവിനെ നിശ്ശബ്​ദരാക്കി. യുവതാരങ്ങളെ കളത്തിലിറക്കി ആശ്വാസഗോളെങ്കിലും കണ്ടെത്താൻ ആതിഥേയർ നടത്തിയ പരീക്ഷണവും ഫലം കാണാതായതോടെ ഹോം മൈതാനത്ത്​ കനത്ത തോൽവിയോടെ ബംഗളൂരു ബൂട്ടഴിച്ചു.


Tags:    
News Summary - Bagan defeated Bengaluru FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.