പൈതൃകം കൊണ്ടും നേട്ടങ്ങൾ കൊണ്ടും ഇന്ത്യൻ ക്ലബുകളിൽ പകരംവെക്കാനില്ലാത്ത പോരാളികൾ, ഇന്ത്യൻ കാല്പന്തുകളിയിൽ ഒന്നേകാൽ നൂറ്റാണ്ട് കാലത്തെ പരിചയസമ്പത്ത്. 1889 സ്ഥാപിതമായ ക്ലബിന്റെ ആഭ്യന്തര- അന്താരാഷ്ട്ര കരിയറിലെ പല അവിസ്മരണീയ നേട്ടങ്ങൾക്കും ഇന്ത്യൻ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1977ൽ സാക്ഷാൽ പെലെയുടെ ക്ലബായ ന്യൂയോർക്ക് കോസ്മോസിനെവരെ പരാജയപ്പെടുത്തിയ ചരിത്രമുള്ളവർ. പഴമയുടെ വീര്യം ഒട്ടും ചോരാതെ ഇന്നും നില നിൽക്കുന്നു എന്നതാണ് ബഗാന്റെ കേളിയും പെരുമയും. കളിമികവുകൊണ്ടും നേട്ടങ്ങൾകൊണ്ടും പഴമയോട് കിടപിടിക്കുന്ന പുതുനിര. അതാണ് ഇന്ന് എ.ടി.കെ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. പേരിലെ പോലെ കളിക്കളത്തിലെ മല്ലന്മാരാണ് മോഹൻ ബഗാൻ.
2020ൽ അറ്റ്ലറ്റികോ ഡി കൊൽക്കത്തയുമായി സംയോജിച്ചാണ് ടീം ഐഎസ്എല്ലിലേക്ക് വരുന്നത്. ഫസ്റ്റ് ഇംപ്രഷൻ ബെസ്റ്റാക്കിയ മോഹൻ ബഗാൻ ആ സീസണിൽ റണ്ണേഴ്സായാണ് അവസാനിപ്പിച്ചത്. തൊട്ടടുത്ത സീസണിലെ പ്രയാണം സെമിയിലും, അവസാന സീസണിലെ തേരോട്ടം ചാമ്പ്യൻപട്ടം നേടിയും ടീം വിശ്രമിച്ചു. എന്നാൽ, കപ്പിനോടുള്ള അടങ്ങാത്ത ഭ്രമം ടീമിനെ ഇത്തവണത്തെ ഡ്യൂറന്റ് കപ്പിലും മുത്തമിടിയിച്ചു.
കഴിഞ്ഞത് തങ്ങളുടെ അവസാന കപ്പല്ലെന്നും ഇനിയും ഒരുപാട് നേടാനുണ്ടെന്നും ഇത്തവണ കൂടുതൽ ശക്തരാണെന്നും ടീമിന്റെ പുതിയ സൈനിങ് കൊണ്ട് പറയാതെ പറയുകയാണ് മോഹൻ ബഗാൻ. ഇന്ത്യൻ സൂപർ മിഡ് മലയാളി താരം സഹൽ അബ്ദുസമദിനെയും, അനിരുദ്ധ് ഥാപ്പയെയും ശ്രദ്ധേയനായ ഇന്ത്യൻ യുവ ഡിഫൻഡർ അൻവർ അലിയെയും സ്വന്തം പാളത്തിലെത്തിച്ചാണ് ടീം കളി കനപ്പിക്കാനൊരുങ്ങുന്നത്.
മധ്യനിരയെ കരുത്തുറ്റതാക്കാൻ മലയാളി താരമായ ആശിഖ് കുരുണിയനും ആസ്ട്രേലിയൻ അറ്റാക്കിങ്ങ് മിഡ്ഫീൽഡർ ദിമിത്രി പെട്രട്ടോസും കൂടെയുണ്ട്. വിദേശി, സ്വദേശി കരുത്തുകൊണ്ട് സമൃദ്ധമായ ടീമിൽ സ്പാനിഷ് പരിശീലകൻ ജുഹാൻ ഫെറാൻഡോയുടെ തന്ത്രങ്ങൾകൂടി ചേരുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.
കളി പഠിപ്പിച്ചിടങ്ങളിലെല്ലാം വിജയം കണ്ടെത്തുന്ന ചുരുക്കം ചില ഭാഗ്യ പരിശീലകരുടെ പട്ടികയിലെ അംഗമാണ് സ്പാനിഷുകാരനായ ജുഹാൻ ഫെറാൻഡോ. 2009 മുതൽ പരിശീലന കുപ്പായത്തിലുള്ള 42കാരനായ ഫെറാൻഡോ 2020-21 സീസണിൽ എഫ് സി ഗോവ വഴിയാണ് ഇന്ത്യയിലെത്തുന്നത്.
ഇന്ത്യൻ മണ്ണിലെ കളിപാടവം ഒട്ടുമില്ലാതിരുന്ന ഫെറാൻഡോ ആ സീസണിൽ ഗോവക്ക് നൽകിയ അമൂല്യ സമ്മാനം ഡ്യൂറന്റ് കപ്പാണ്. ശേഷം 2022ൽ മോഹൻ ബഗാനിലേക്ക് കൂടുമാറിയ അദ്ദേഹം ടീമിനായി ഒരുക്കിയ നിധികൾ ആദ്യ ഐ.എസ്.എൽ കിരീടവും 2023ലെ ഡ്യൂറന്റ് കപ്പുമാണ്. എതിരാളികളുടെ കരുത്തും പോരായ്മകളും മനസ്സിലാക്കി ടീമിനെ ഒരുക്കുന്ന രീതിയാണ് ഫെറാൻഡോയുടേത്.
സെപ്. 23 പഞ്ചാബ് എഫ്.സി
സെപ്. 27 ബംഗളൂരു എഫ്.സി
ഒക്ടോ. 07 ചെന്നൈയിൻ എഫ്.സി
ഒക്ടോ. 28 ഈസ്റ്റ് ബംഗാൾ
നവം. 01 ജാംഷഡ്പുർ എഫ്.സി
ഡിസം. 02 ഹൈദരാബാദ് എഫ്.സി
ഡിസം. 06 ഒഡിഷ എഫ്.സി
ഡിസം. 15 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
ഡിസം. 20 മുംബൈ സിറ്റി എഫ്.സി
ഡിസം. 23 എഫ്.സി ഗോവ
ഡിസം. 27 കേരള ബ്ലാസ്സ്റ്റേഴ്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.