പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളർക്ക് നൽകുന്ന ബാലൻ ഡിഓർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയായി. സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബാള്‍ മാഗസിന്‍ പുറത്തുവിട്ട പട്ടികയിൽ അർജന്റീനയുടെ ലോകകപ്പ് നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി, ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടി യന്ത്രം എര്‍ലിങ് ഹാലൻഡ്, പി.എസ്.ജിയുടെ കിലിയൻ എംബാപ്പെ, കഴിഞ്ഞ വര്‍ഷത്തെ ജേതാവ് കരീം ബെന്‍സേമ, തുടങ്ങിയവരുണ്ട്. അഞ്ച് തവണ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 20 വര്‍ഷത്തിനിടെ ആദ്യമായി പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ഒക്ടോബര്‍ 30നാണ് പ്രഖ്യാപനം.
ഏഴ് തവണ ബാലൻ ഡിഓർ ജേതാവായ മെസ്സിയാണ് ഇത്തവണ സാധ്യതകളിൽ മുമ്പിൽ. ഖത്തർ ലോകകപ്പിൽ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ച മെസ്സി, പി.എസ്.ജി വിട്ട് ഈ സീസണിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മാറുകയായിരുന്നു. സിറ്റിക്ക് മൂന്ന് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ പങ്കുവഹിച്ച ഹാലൻഡാണ് മെസ്സിക്ക് പ്രധാന ഭീഷണി. യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയത് ഹാലൻഡാണ്. വനിത പട്ടികയില്‍ ലോകകപ്പ് നേടിയ സ്‌പെയ്‌ൻ ടീം അംഗം ബാഴ്‌സലോണയുടെ ഐറ്റാന ബോണ്‍മറ്റി, ചെല്‍സിയുടെ സാം കെര്‍, മില്ലി ബ്രൈറ്റ് തുടങ്ങിയവരുണ്ട്. കഴിഞ്ഞ രണ്ട് തവണ പുരസ്കാരം നേടിയ ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെയാസില്ല.
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരപട്ടികയില്‍ അർജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ്, സിറ്റി താരം എഡേഴ്‌സണ്‍, ലാ ലിഗ ഗോള്‍ഡന്‍ ഗ്ലൗ ജേതാവ് മാര്‍ക്ക് ആന്ദ്രേ ടെര്‍സ്‌റ്റേഗന്‍ തുടങ്ങിയവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.