ജിറോണയെ വീഴ്ത്തി റയൽ വിജയവഴിയിൽ; ഇൻജുറി ഗോളിൽ വിജയം കൈവിട്ട് ബാഴ്സ

മാഡ്രിഡ്: ലാ ലിഗയിൽ വമ്പന്മാർ കളത്തിലിറങ്ങിയ ദിനം റയൽ മഡ്രിഡ് ജയിച്ചുകയറിയപ്പോൾ, ഒന്നാമതുള്ള ബാഴ്സലോണ ഇൻജുറി ടൈമിൽ വഴങ്ങിയ ഗോളിൽ നാടകീയ സമനില വഴങ്ങി. എതിരില്ലാത്ത മൂന്ന് ഗോളിന് ജിറോണ എഫ്.സിയെ കീഴടക്കിയാണ് റയൽ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയത്.

കഴിഞ്ഞ മത്സരത്തിൽ അത്‌ലറ്റിക് ക്ലബിനോട് തോറ്റിരുന്നു. സൂപ്പർതാരങ്ങളായ ജൂഡ് ബെല്ലിങ്ഹാം (36), ആർദ ഗുലർ (55), കിലിയൻ എംബാപ്പെ (62) എന്നിവരാണ് ടീമിനായി വലകുലുക്കിയത്. സീസണിന്‍റെ തുടക്കത്തിൽ നിറംമങ്ങിയ ഇംഗ്ലണ്ട് മധ്യനിര താരം തുടർച്ചയായ അഞ്ചാം ലീഗ് മത്സരത്തിലാണ് റയലിനായി വലകുലുക്കുന്നത്. 2021ൽ കരീം ബെൻസേമക്കുശേഷം തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ റയൽ താരമാണ്.

എംബാപെയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് കൂടിയായി മത്സരം. താരത്തിന്‍റെ ലീഗിലെ ഒമ്പതാം ഗോളാണിത്. ഇതോടെ എംബാപ്പെയുടെ മൊത്തം ലീഗ് ഗോൾ 200 ആയി. നേരത്തെ, മൊണോക്കോക്കുവേണ്ടി 16 ഗോളും പി.എസ്.ജിക്കുവേണ്ടി 175 ഗോളുകളും നേടിയിരുന്നു. ജയത്തോടെ ബാഴ്‌സയുമായുള്ള പോയന്റ് വ്യത്യാസം റയൽ രണ്ടാക്കി ചുരുക്കി.

ബെനിറ്റോ വില്ലമറിനിൽ നടന്ന റയൽ ബെറ്റിസ്-ബാഴ്സലോണ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി. റോബർട്ട് ലെവൻഡോവ്സ്കി 39ാം മിനിറ്റിൽ ബാഴ്‌സയെ മുന്നിലെത്തിച്ചു. കൗണ്ടേയുടെ അസിസ്റ്റിൽ നിന്നായിരുന്നു താരം സീസണിലെ 16ാം ഗോൾ നേടിയത്. 68ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ജിയോവാനി ലോ സെൽസോ ല‍ക്ഷ്യത്തിലെത്തിച്ച് റയൽ ബെറ്റിസിനെ ഒപ്പമെത്തിച്ചു

82ാം മിനിറ്റിൽ കൗമാര താരം ലാമിൻ യമാലിന്‍റെ അസിസ്റ്റിൽനിന്ന് ഫെറാൻ ടോറസ് ബാഴ്‌സലോണയെ വീണ്ടും മുന്നിലെത്തിച്ചു. മത്സരം ബാഴ്സ ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+4) അസാൻ ഡിയാവോ ബെറ്റിസിനായി സമനില ഗോൾ നേടുന്നത്. 17 മത്സരങ്ങളിൽനിന്ന് 38 പോയന്‍റുമായാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നാൽ ഒരു മത്സരം കുറവ് കളിച്ച റയൽ 36 പോയന്റുമായി രണ്ടാമതുണ്ട്.

Tags:    
News Summary - Barcelona dropping points in a 2-2 draw with Real Betis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.