സാമ്പത്തിക അച്ചടക്കത്തിൽ വാൾ തൂങ്ങിക്കിടക്കുന്ന കറ്റാലൻ ക്ലബ് സീസൺ അവസാനിക്കുംമുമ്പ് ആവശ്യമായ 20 കോടി യൂറോ സമാഹരിക്കുന്ന തിരക്കിലെന്ന് സ്പാനിഷ് മാധ്യമങ്ങൾ. വരുമാനം വർധിപ്പിച്ചും ചെലവ് വെട്ടിക്കുറച്ചും തുക കണ്ടെത്തുകയാണ് നിലവിലെ ലാ ലിഗ ഒന്നാം സ്ഥാനക്കാരുടെ ലക്ഷ്യം. ലാ ലിഗ അധികൃതർ അനുമതി നൽകിയാൽ അടുത്ത സീസണിൽ പുതിയ താരങ്ങൾക്കായി വല വീശാൻ ടീമിനാകും. ഇതിൽ ഒന്നാം പരിഗണന സ്വാഭാവികമായും മെസ്സിക്കാകുമെന്നും സ്പാനിഷ് മാധ്യമമായ ‘മാർക’ റിപ്പോർട്ട് പറയുന്നു.
ബാഴ്സ സ്റ്റുഡിയോസിന്റെ 25 ശതമാനം ഓഹരികൾ വിറ്റഴിക്കലാണ് പ്രധാന നടപടികളിലൊന്ന്. കഴിഞ്ഞ വർഷം ഇതിന്റെ 25 ശതമാനം ഓർഫിയസ് മീഡിയക്ക് കൈമാറി 10 കോടി സമാഹരിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരുന്നു അന്നും ഓഹരികൾ വിറ്റഴിച്ചത്. ഇത്തവണ ഓഡിയോ വിഷ്വൽ അവകാശവും വിൽപന നടത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടു കമ്പനികൾ ഇതിനകം താൽപര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
തുക സമാഹരിക്കാനായാൽ ക്ലബിന്റെയും താരത്തിന്റെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട് മെസ്സി ബാഴ്സയിലെത്തിയേക്കും. പഴയ തട്ടകത്തിൽ തിരിച്ചെത്താൻ താൽപര്യമുണ്ടെന്ന് മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. മെസ്സിയെ തിരികെയെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ക്ലബും വ്യക്തമാക്കി. 2021ലാണ് മെസ്സി ബാഴ്സ വിട്ട് പി.എസ്.ജിക്കൊപ്പമെത്തിയത്. രണ്ടു സീസണിലേക്കായിരുന്നു കരാർ. ഈ വർഷം കരാർ അവസാനിക്കുന്ന മുറക്ക് ടീം വിടാനാണ് മെസ്സിയുടെ നീക്കം. ഇത് അവസരമാക്കി തിരിച്ചെത്തിക്കുകയാണ് കറ്റാലൻ ക്ലബിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.