'ഇതാണ്​ ഫുട്​ബാൾ'; രണ്ടുഗോളിന്​ പിന്നിട്ടശേഷം അഞ്ചെണ്ണം തിരിച്ചടിച്ച്​ ബാഴ്​സലോണ!

ഫുട്​ബാളിന്‍റെ അനിശ്ചിതത്വവും സൗന്ദര്യവും മാറിമാറിക്കണ്ട മത്സരത്തിൽ അവിസ്​മരണീയമായ തിരിച്ചുവരവ്​ നടത്തിയ ബാഴ്​സലോണക്ക്​ മുമ്പിൽ ഗ്രനഡ മുട്ടുമടക്കി. കോപ്പഡെൽറേയിലെ ​ക്വാർട്ടർ ഫൈനലിലായിരുന്നു കൈവിട്ടുവെന്ന്​ തോന്നിച്ച ​മത്സരം ബാഴ്​സ ​ഉജ്ജ്വലമായി തിരിച്ചുപിടിച്ചത്​. 88 മിനുറ്റുവരെ രണ്ടുഗോളിന്​ പിന്നിട്ട ശേഷമായിരുന്നു ബാഴ്​സയുടെ ലേറ്റ്​ മാസ്​ എൻട്രി. ​ഗോളടിച്ചില്ലെങ്കിലും മത്സരത്തിൽ നിർണായക നീക്കങ്ങൾ നടത്തി ലയണ​ൽ മെസ്സി കളംവാണു.

ബാഴ്​സ പ്രതിരോധനിരയിലെ വീഴ്​ച മുതലെടുത്ത് 33ാം മിനുറ്റിലാണ്​​ ഗ്രനഡ ബാഴ്​സക്ക്​ ആദ്യ ഷോക്ക്​ നൽകിയത്​. 47ാം മിനുറ്റിൽ പെ​ാടുന്നനെയുള്ള കൗണ്ടർ അറ്റാക്കിലൂടെ റോബർ​ട്ടോ സൊൽഡാഡോ ഗ്രനഡയുടെ ലീഡുയർത്തി. പന്തുകൈവശം വെക്കുന്നതിലും അവസരങ്ങൾ സൃഷ്​ടിക്കുന്നതിലും ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും ബാഴ്​സക്ക്​ ലക്ഷ്യത്തിലേക്ക്​ നിറയൊഴിക്കാനായില്ല. ബാഴ്​സയുടെ എണ്ണം പറഞ്ഞ ഏതാനും ഷോട്ടുകൾ പോസ്റ്റ്​ ബാറിലുടക്കി തെറിച്ചുപോയി.


88ാം മിനുറ്റിൽ ബാഴ്​സ കാത്തിരുന്ന നിമിഷമെത്തി. മെസ്സിയുടെ ​അളന്നുമുറിച്ചുള്ള ക്രോസിന്​ തലവെച്ച്​ അ​േന്‍റായിൻ ഗ്രിസ്​മാൻ ബാഴ്​സയുടെ ആദ്യ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ശേഷിക്കേ മെസ്സിയുടെ ക്രോസ്​ പെനൽറ്റി ബോക്​സിൽ നിന്ന ഗ്രീസ്​മാൻ ജോർഡി ആൽബക്ക്​ ​തലകൊണ്ട്​ മറിച്ചുകൊടുത്തു. കൃത്യമായി പിടിച്ചെടുത്ത ആൽബയുടെ ഹെഡറിൽ വീരോചിതം സമനിലപിടിച്ച ബാഴ്​സ ആഹ്ലാദത്താൽ തുള്ളിച്ചാടി.

ഇതൊടെ എക്​സ്​ട്രാ ടൈമിലേക്ക്​ നീണ്ട മത്സരത്തിൽ കാര്യങ്ങൾ ബാഴ്​സക്ക്​ എളുപ്പമായി. ആൽബയുടെ ക്രോസിന്​ തലവെച്ച്​ ഗ്രീസ്​മാൻ ബാഴ്​സയെ മുന്നിലെത്തിച്ചു. സന്തോഷം അധികം നീളുംമു​േമ്പ പെനൽറ്റിയിലൂടെ ഗ്രനഡ ഒപ്പമെത്തിയെങ്കിലും ജയിക്കാനുറച്ച ബാഴ്​സയെ തോൽപ്പിക്കാൻ അതുമതിയായിരുന്നില്ല. 108ാം മിനുറ്റിൽ മെസ്സിയുടെ ഷോട്ടിൽ റീബൗണ്ടായിവന്ന പന്ത്​ വലയിലെത്തിച്ച്​ ഡി ജോങ്​ ബാഴ്​സയെ മുന്നിലെത്തിച്ചു. 113ാം മിനുറ്റിൽ തകർപ്പൻ വോളിയിലൂടെ ഒരിക്കൽ കൂടി ആൽബ വലകുലുക്കിയപ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ ഗ്രനഡക്കായുള്ളൂ. 



 


Tags:    
News Summary - Barcelona’s ‘incredible’ Copa del Rey win over Granada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.