ടെൻ ഹാഗ് ഔട്ട്! മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്ലബിന്‍റെ മോശം ഫോമിനെ തുടർന്നാണ് നടപടി.

ഞായറാഴ്ച ലണ്ടനിൽ നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനോടും യുനൈറ്റഡ് തോറ്റിരുന്നു. ഒമ്പത് ലീഗ് മത്സരങ്ങളിൽ യുനൈറ്റഡിന്‍റെ നാലാം തോൽവിയാണിത്. സീസണിലെ മോശം പ്രകടനത്തിൽ ടെൻ ഹാഗിനെ പുറത്താക്കിയേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടര വർഷം ക്ലബിനെ പരിശീലിപ്പിച്ചാണ് ഡച്ചുകാരൻ പുറത്തുപോകുന്നത്.

തിങ്കളാഴ്ച ചേർന്ന ക്ലബ് ബോർഡ് യോഗമാണ് ടെൻ ഹാഗിനെ പുറത്താക്കാനുള്ള തീരുമാനം കൈകൊണ്ടത്. റൂഡ് വാൻ നിസ്റ്റൽറൂയ് താൽക്കാലിക പരിശീലകനാകും. നിലവിൽ കബ്ലിന്‍റെ അസിസ്റ്റന്‍റ് പരിശീലകനാണ്. പ്രീമിയർ ലീഗിൽ നിലവിൽ 11 പോയന്റുമായി 14ാം സ്ഥാനത്താണ് യുനൈറ്റഡ്.

യൂറോപ്പ ലീഗ് പട്ടികയിൽ 36 ടീമുകളിൽ യുനൈറ്റഡ് 21ാം സ്ഥാനത്താണ്. ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളും സമനിലയിലാണ് പിരിഞ്ഞത്. മേയിൽ എഫ്.എ കപ്പ് കിരീട നേട്ടത്തിനു പിന്നാലെ ടെൻ ഹാഗിന് ഒരു വർഷം കൂടി കരാർ നീട്ടി നൽകിയിരുന്നു. എന്നാൽ, പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം സീസണിലും ക്ലബിന്‍റെ മോശം തുടക്കമാണ് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.

2013ൽ സർ അലക്സ് ഫെർഗൂസൺ പടിയിറങ്ങിയശേഷം ക്ലബിന്‍റെ അഞ്ചാമത്തെ പരിശീലകനായാണ് ഡച്ചുകാരൻ എത്തുന്നത്. 2022 സമ്മറിലാണ് 54കാരനായ ടെൻ ഹാഗ് ക്ലബിന്‍റെ ചുമലയേറ്റെടുക്കുന്നത്. അരങ്ങേറ്റ സീസണിൽ പ്രീമിയർ ലീഗിൽ ക്ലബ് മൂന്നാമത് ഫിനിഷ് ചെയ്തു. എഫ്.എ കപ്പിൽ ഫൈനലിൽ എത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയോട് 2-1ന് പരാജയപ്പെട്ടു. തൊട്ടടുത്ത സീസൺ മുതലാണ് കഷ്ടകാലം തുടങ്ങുന്നത്.

വെസ്റ്റ് ഹാമിനോട് ഒന്നിനെതിരെ രണ്ടു ഗോളിനാണ് യുനൈറ്റഡിന്‍റെ തോൽവി. ഇൻജുറി ടൈമിൽ വഴങ്ങിയ പെനാൽറ്റിയാണ് ടീമിന് തിരിച്ചടിയായത്. ക്രിസെൻസിയോ സമ്മർവില്ലെ, ജെറാഡ് ബോവൻ എന്നിവരാണ് വെസ്റ്റ്ഹാമിനായി ഗോൾ നേടിയത്. കാസെമിറോയുടെ വകയായിരുന്നു യുനൈറ്റഡിന്‍റെ ആശ്വാസ ഗോൾ. തുടക്കത്തിൽ കിട്ടിയ നല്ല അവസരങ്ങൾ തുലച്ചതാണ് ടെൻ ഹാഗിനും സംഘത്തിനും വിനയായത്.

Tags:    
News Summary - Man Utd sack manager Ten Hag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.