ജർമൻ ഫുട്ബാളിൽ പുതുയുഗപ്പിറവി; ബുണ്ടസ് ലീഗ കിരീടം ബയേർ ലെവർകുസന്; ബയേണിന്‍റെ 11 വർഷത്തെ കുത്തക തകർന്നു

ജർമൻ ഫുട്ബാളിൽ പുതുചരിത്രമെഴുതി ബയേർ ലെവർകുസൻ. അഞ്ചു മത്സരങ്ങൾ ബാക്കിനിൽക്കെ ബുണ്ടസ് ലിഗയിൽ തങ്ങളുടെ ആദ്യം കിരീടം നേടി ലെവർകുസൻ. സ്പാനിഷ് പരിശീലകൻ സാബി അലോൻസോയുടെ കീഴിൽ സ്വപ്നസമാനമായ കുതിപ്പ് നടത്തിയാണ് ക്ലബ് കിരീടം ഉറപ്പിച്ചത്.

സ്വന്തം തട്ടകത്തിൽ വെർഡെർ ബ്രെമനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് ലെവർകുസൻ ചരിത്രം തീർത്തത്. ലീഗിൽ 11 വർഷം നീണ്ട ബയേൺ മ്യൂണിക്കിന്‍റെ ആധിപത്യത്തിനുകൂടിയാണ് ഇതോടെ അന്ത്യമായത്. 2011-12 സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻമാരായ ശേഷം ലീഗിലെ തുടർച്ചയായ 11 വർഷവും കിരീടം നേടിയത് ബയേണായിരുന്നു. 2022 ഒക്ടോബറിൽ അലോൻസോ ടീമിന്‍റെ ചുമതല ഏറ്റെടുക്കുമ്പോൾ ലെവർകുസൻ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുകയായിരുന്നു. കഷ്ടിച്ച് 18 മാസങ്ങൾ കൊണ്ടാണ് സാബിയുടെ ശിക്ഷണത്തിൽ അമ്പരപ്പിക്കുന്ന കുതിപ്പ് നടത്തിയത്.

കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 43 മത്സരങ്ങളിൽ ലെവർകുസൻ പരാജയം അറിഞ്ഞിട്ടില്ല. ശനിയാഴ്ച നടന്ന മത്സരത്തിൽ ബയേൺ കൊളോണിനെ തോൽപ്പിച്ചതോടെയാണ് ചാമ്പ്യൻപട്ടത്തിലേക്കുള്ള യാത്ര ഒരുദിവസം നീണ്ടത്. വെർഡെർ ബ്രെമനെതിരെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയാണ് തകർപ്പൻ ജയം ലെവർകുസൻ സ്വന്തമാക്കിയത്. വിക്ടർ ബോണിഫേസാണ് ആദ്യം സ്കോർ ചെയ്തത്. 25ാം മിനിറ്റിൽ പെനൽറ്റിയിലൂടെയായിരുന്നു ഗോൾ. 60ാം മിനിറ്റിൽ ഗ്രനിറ്റ് ഷാക്ക ലീഡുയർത്തി. 68, 83, 90 മിനിറ്റുകളിൽ ഫ്ലോറിയൻ വിർട്ട്സ് വലകുലുക്കി വിജയം രാജകീയമാക്കി.

വിർട്ട്സ് രണ്ടാം ഗോൾ നേടിയതിനു പിന്നാലെ ആരാധകർ സന്തോഷം കൊണ്ട് ഗ്രൗണ്ടിലേക്കിറങ്ങുന്നതിനും മത്സരം സാക്ഷിയായി. ആരാധകർ സീറ്റുകളിലേക്ക് മടങ്ങിയശേഷമാണ് മത്സരം പുനരാരംഭിച്ചത്. സീസണിൽ ട്രബ്ൾ കിരീട നേട്ടം സ്വന്തമാക്കാനുള്ള അവസരവും ക്ലബിന് മുന്നിലുണ്ട്. ജെർമൻ കപ്പ്, യൂറോപ്പ ലീഗ് ചാമ്പ്യൻഷിപ്പുകളിലും കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 29 മത്സരങ്ങൾ പൂർത്തിയായപ്പോൾ തോൽവിയറിയാതെ ലെവർകുസന് 79 പോയന്‍റും രണ്ടാമതുള്ള ബയേണിന് 63 പോയന്‍റുമാണ്. അഞ്ചു മത്സരങ്ങൾ ബാക്കി നിൽക്കെ 16 പോയന്‍റിന്‍റെ ലീഡ്.

Tags:    
News Summary - Bayer Leverkusen clinch maiden Bundesliga title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.