ബാഴ്സലോണ: ലയണൽ മെസ്സിയില്ലാത്ത ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ ദയനീയ തോൽവിയോടെ തുടക്കം. ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തിൽ സ്വന്തം മൈതാനത്ത് ബാഴ്സ ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനോട് 3-0ത്തിന്‍റെ ദയനീയ തോൽവി ഏറ്റുവാങ്ങി.
ബയേണിനായി റോബർട്ട് ലെവൻഡോസ്കി ഇരട്ഗോൾ നേടി. തോമസ് മുള്ളറിന്‍റെ വകയായിരുന്നു ശേഷിക്കുന്ന ഗോൾ. 33ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്ത് നിന്നുമാണ് ബയേൺ അക്കൗണ്ട് ഓപൺ ചെയ്തത്. ചാമ്പ്യൻസ് ലീഗിലെ മുള്ളറിന്‍റെ 49ാം ഗോളായിരുന്നു. രണ്ടാം പകുതിയിൽ 56, 85 മിനിറ്റുകളിലായിരുന്നു പോളിഷ് താരമായ ലെവൻഡോസ്കിയുടെ ഗോളുകൾ.
ഏഴുതവണ ബയേൺ താരങ്ങൾ പോസ്റ്റ് ലക്ഷ്യമിട്ടിരുന്നുവെങ്കിലും മൂന്ന് തവണ മാത്രമാണ് ഫലമുണ്ടായത്. എന്നാൽ ബാഴ്സ താരങ്ങൾക്ക് ഒരുതവണ പോലും ബയേൺ ഗോൾകീപ്പറെ വിറപ്പിക്കാനായില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡൈനാമോ കിയവും ബെനഫിക്കയും ഗോൾരഹിത സമിനലയിൽ പിരിഞ്ഞു.
ഗ്രൂപ്പ് എച്ചിൽ നിലവിലെ ജേതാക്കളായ ചെൽസിയും യുവന്‍റസും ജയിച്ചുകയറി. ചെൽസി 1-0ത്തിന് സെനിത് സെന്‍റ് പീറ്റേഴ്സ്ബർഗിനെ തോൽപിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 69ാം മിനിറ്റിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവാണ് ഇംഗ്ലീഷ് ക്ലബിന് വിജയം സമ്മാനിച്ചത്.
ചെൽസി നായകൻ ആസ്പിലിക്വറ്റയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെയായിരുന്നു ബെൽജിയം താരമായ ലുകാകുവിന്‍റെ ഗോൾ. ചെൽസിക്ക് വേണ്ടി അവസാനം കളിച്ച നാല് കളികളിൽ ലുക്കാക്കു നേടുന്ന നാലാമെത്ത ഗോളാണിത്.
അതേ സമയം ഇറ്റാലിയൻ സീരി എയിൽ ആദ്യ മൂന്ന് മത്സരങ്ങളിലും പച്ചതൊടാൻ സാധിക്കാതിരുന്ന യുവന്‍റസിന് സീസണിലെ ആദ്യ ജയം. സ്വീഡിഷ് ക്ലബായ മാൽമോക്കെതിരെ 3-0ത്തിനായിരുന്നു യുവെയുടെ വിജയം.
ആദ്യ പകുതിയിലായിരുന്നു അലഗ്രിയുടെ കുട്ടികളുടെ മൂന്ന് ഗോളുകളും. അലക്സ് സാണ്ട്രോ (23), പൗളോ ഡിബാല (45), ആൽവരോ മൊറാട്ട (45+1) എന്നിവരാണ് സ്കോർ ചെയ്തത്. ചാമ്പ്യൻസ് ലീഗിലെ ഡിബാലയുടെ 16ാം ഗോളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.