മ്യൂണിക്: കളിമൈതാനങ്ങളെ കൊറോണയെടുത്ത 2020ൽ അഞ്ചാം കിരീടവും ഷെൽഫിെലത്തിച്ച് ബയേൺ തേരോട്ടം. ജോഷ്വ കിമ്മിഷ് നേടിയ മാസ്മരിക ഗോളിൽ ബദ്ധവൈരികളായ ബൊറൂസിയ ഡോർട്മുണ്ടിനെ കലാശപ്പോരിൽ 3-2ന് വീഴ്ത്തി ജർമൻ സൂപ്പർ കപ്പാണ് ബവേറിയൻ കരുത്തർ അവസാനമായി മാറോടുചേർത്തത്.
സ്വന്തം മൈതാനമായ അലിയൻസ് അറീനയിൽ കോറൻറീൻ ടൊളീസോയും തോമസ് മ്യൂളറും നേടിയ ഗോളുകളിൽ ആദ്യം മുന്നിലെത്തിയ ശേഷം തുടരെ ഗോളുകൾ വഴങ്ങി സമനിലയിലേക്ക് ചുരുങ്ങിയവർക്ക് കിമ്മിഷ് അവസാന നിമിഷങ്ങളിൽ രക്ഷകനാവുകയായിരുന്നു. ജൂലിയൻ ബ്രാൻഡ്റ്റും എർലിങ് ഹാലൻഡുമായിരുന്നു ഡോർട്മുണ്ട് സ്കോറർമാർ.
22 കളികളിൽ ഹാലൻഡ് ടീമിനായി നേടിയത് 19 ഗോളുകൾ. തുടർച്ചയായ 23 ജയങ്ങളുമായി അശ്വമേധം തുടർന്ന ബയേൺ ഞായറാഴ്ച ഹോഫൻഹീമിനു മുന്നിൽ വൻതോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിെൻറ ക്ഷീണം തീർത്താണ് ബയേൺ കപ്പുമായി മടങ്ങിയത്.
എട്ടാം തവണയും പതിവുപോലെ ബുണ്ടസ് ലിഗയിൽ കിരീടംതൊട്ട ടീം ജർമൻ കപ്പ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവയാണ് ഈ വർഷം സ്വന്തമാക്കിയ മറ്റു കിരീടങ്ങൾ. അഞ്ചു വർഷത്തിനിടെ നാലാം തവണയാണ് സൂപ്പർ കപ്പ് ജേതാക്കളാകുന്നത്. ഡോർട്മുണ്ട് താരങ്ങളായ ജെയ്ഡൻ സാഞ്ചോയും ഗോൾകീപ്പർ റോമൻ ബുർകിയും കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇറങ്ങിയിരുന്നില്ല. പിന്നീട് നടന്ന പരിശോധനയിൽ ഇരുവരും നെഗറ്റിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.