പതിവുകളൊന്നും തെറ്റിയില്ല. കണക്കുകൂട്ടലുകൾ പിഴച്ചുമില്ല. ഏറ്റവും മികച്ച നിരയും ജയിക്കാവുന്ന സമയവുമായിട്ടും രണ്ടു ഗോൾ (ഇരു പാദങ്ങളിലെ ശരാശരി 3-0) തോൽവിയുമായി പി.എസ്.ജി വീണ്ടും ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ കടമ്പ കടക്കാനാവാതെ മടങ്ങി. ഒട്ടും വിഷമിക്കാതെ ബയേൺ ക്വാർട്ടറിലുമെത്തി.
ഓരോ സീസണിലും പരമാവധി മികച്ച താരങ്ങളെ അതിലേറെ ഉയർന്ന വില നൽകി സ്വന്തമാക്കിയിട്ടും വലിയ പോരിടങ്ങളിൽ മുട്ടിടിക്കുകയെന്ന ശീലം മ്യൂണിക്കിലും ആവർത്തിച്ചായിരുന്നു പി.എസ്.ജി മടക്കം. അടിക്കാൻ കഴിയാതെ പോയ ഗോളുകളെക്കാൾ വെറുതെ വാങ്ങിയ രണ്ടെണ്ണമാണ് ബുധനാഴ്ച വിധി നിർണയിച്ചത്. മുൻ പി.എസ്.ജി താരം മാക്സിം ചൂപോ മോട്ടിങ്ങും സെർജി നബ്രിയുമായിരുന്നു സ്കോറർമാർ.
ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും നയിക്കുന്ന ആക്രമണത്തിൽ പ്രതീക്ഷയർപ്പിച്ച് അലയൻസ് അറീനയിൽ വൻ മാർജിനിൽ ജയം തേടി ഇറങ്ങിയ പാരിസുകാർക്ക് ഒരിക്കലൂടെ എല്ലാം പിഴച്ച ദിനമായിരുന്നു ബുധനാഴ്ച. വിങ്ങിലൂടെയുള്ള അതിവേഗപ്പാച്ചിലിന് എംബാപ്പെക്ക് അവസരമുണ്ടായില്ല. മധ്യനിര എഞ്ചിനായി അവസരം സൃഷ്ടിച്ചും ലഭിച്ചവ വലയിലെത്തിച്ചും തിളങ്ങാറുള്ള മെസ്സി ബയേൺ ഒരുക്കിയ പൂട്ടിൽ കുരുങ്ങിക്കിടന്നു. പലപ്പോഴും ടാക്ലിങ്ങുകളെ അതിജീവിക്കാറുള്ള താരം പലവട്ടം മൈതാനത്ത് വീണു. നെയ്മർ പരിക്കുമായി പുറത്തിരിക്കുന്ന ടീമിൽ എംബാപ്പെ- മെസ്സി ദ്വയം പണി മുടക്കിയപ്പോൾ ഇരു പാദങ്ങളിലായി 180 മിനിറ്റ് കളിച്ചിട്ടും ഒറ്റ ഗോൾ പോലും നേടാൻ ടീമിനായില്ല.
ഏറ്റവും മികച്ച പ്രതിരോധവും ഒപ്പം നിന്നുള്ള മധ്യനിരയുമായിരുന്നു ശരിക്കും ബയേണിന് ജയമൊരുക്കിയത്. ഒപ്പം മിന്നായം പോലെ പറന്നെത്തിയ അപൂർവം നീക്കങ്ങളും. മോട്ടിങ് ആദ്യ ഗോൾ അടിക്കുന്നത് ആളൊഴിഞ്ഞ പോസ്റ്റിലായിരുന്നെങ്കിൽ നബ്റിയുടെത് മനോഹര ഫിനിഷിലായിരുന്നു.
ലീഗ് വണ്ണിൽ ചാമ്പ്യൻമാരായി വാഴുമ്പോഴും പുറത്തേക്ക് ഇനിയും വഴി തുറന്നുകിട്ടാത്ത ക്ഷീണം എങ്ങനെ തീർക്കുമെന്നാകും പി.എസ്.ജി കോച്ചിന്റെ ആധി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ടീം വാരിക്കൂട്ടിയ ട്രോഫികൾ 29 ആണ്. എന്നിട്ടും ഗോളെന്നുറച്ച വലിയ അവസരങ്ങൾ പാരിസ് മുന്നേറ്റത്തിൽനിന്ന് പിറന്നുവെന്ന് പറയാനാകില്ല. വിറ്റിഞ്ഞ അടിച്ച പന്ത് ഗോൾലൈനിൽ മാത്തിസ് ഡി ലൈറ്റ് രക്ഷപ്പെടുത്തിയത് മാത്രമായിരുന്നു കാര്യമായി അപകട സൂചന നൽകിയ ഒന്ന്. മറുവശത്ത്, രണ്ടു ഗോളുകൾക്ക് പുറമെ ചൂപോ മോട്ടിങ്, സാദിയോ മാനേ എന്നിവരും പന്ത് വലയിലെത്തിച്ചത് ഓഫ്സൈഡിൽ കുരുങ്ങിയില്ലായിരുന്നെങ്കിൽ മാർജിൻ അഞ്ചിലേക്ക് ഉയരുമായിരുന്നു. സാദിയോ പഴയ ഫോം വീ
25 സീസണിൽ 20ാം തവണയാണ് ബയേൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്നത്. പി.എസ്.ജിയാകട്ടെ, അവസാനം കളിച്ച ഏഴു പ്രീക്വാർട്ടറിൽ അഞ്ചാം തവണയാണ് തോൽവി വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.