ബുഡാപെസ്റ്റ്: കപ്പുകൾ വന്ന് വന്ന് ബയേൺ മ്യൂണിക്കിൻെറ അലമാര നിറഞ്ഞു. 2020 മാത്രം നാലു കിരീടങ്ങളാണ് ബയേൺ റാഞ്ചിപ്പറന്നത്. ജർമൻ ബുണ്ടഴ്സ് ലിഗ, ചാമ്പ്യൻസ് ലീഗ്, ഡി.എഫ്.ബി എന്നിവ നേരത്തെയെത്തിയ ഷോക്കോസിലേക്ക് യുവേഫ സൂപ്പർകപ്പാണ് പുതിയ അതിഥി.
ഏഴുവർഷം മുമ്പ് ബയേൺ മ്യൂണികിന് ആദ്യമായി യുവേഫ സൂപ്പർ കപ്പ് സമ്മാനിച്ച ഗോളിനുടമ യാവിയർ മാർട്ടിനസിെൻറ ഹെഡറിലൂടെയാണ് മ്യൂണികിലേക്ക് വീണ്ടും യൂറോപ്യൻ കിരീടമെത്തിയത്.
യൂറോപ്യൻ ചാമ്പ്യന്മാരുടെ പോരാട്ടമായ സൂപ്പർ കപ്പിൽ യൂറോപ ജേതാക്കൾ സെവിയ്യയെ 2-1ന് തോൽപിച്ചായിരുന്നു ബയേണിെൻറ കിരീട നേട്ടം. കളിയുടെ 13ാം മിനിറ്റിൽ മുൻ ബാഴ്സ താരം ഇവാൻ റാകിടിചിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലൂകാസ് ഒകാമ്പസ് ഗോളാക്കിമാറ്റി സെവിയ്യയെ മുന്നിലെത്തിച്ചു.
വൈകാതെതന്നെ ബയേൺ തോമസ് മ്യൂളർ ബോക്സിനുള്ളിലേക്ക് ലോബ് ചെയ്ത പന്ത് ലെവൻഡോവ്സ്കി വോളിപാസ് കണക്കെ നൽകിയപ്പോൾ ലിയോൺ ഗൊരസ്ക സമനില നേടി.
104ാം മിനിറ്റിൽ റീബൗണ്ട് ചെയ്ത കോർണർ കിക്ക് അലാബ ബോക്സിലേക്ക് പായിച്ചപ്പോൾ സെവിയ്യ ഗോളി കുത്തിയകറ്റി. പക്ഷേ, ഉയർന്ന പന്ത് പതിച്ചത് സബ്സ്റ്റിറ്റ്യൂട്ടായെത്തിയ മാർടിനസിെൻറ തലയിൽ. കാവലൊഴിഞ്ഞ ഗോൾപോസ്റ്റിനെ കുലുക്കി പന്ത് വിശ്രമിച്ചു. ബയേണിന് കിരീടമെത്തിയ ഗോൾ.
2013 സൂപ്പർ കപ്പിൽ ചെൽസിക്കെതിരെ എക്സ്ട്രാടൈമിൽ ബയേണിെൻറ രക്ഷയായ ഗോൾ നേടിയ മാർടിനസിനെ മ്യൂളർ 'മിസ്റ്റർ സൂപ്പർ കപ്പ്' എന്ന് വിശേഷിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.