മ്യൂണിക്/പാരിസ്: ക്ലബ് ഫുട്ബാളിലെ അതികായന്മാരായ ബയേൺ മ്യൂണികിനും പാരിസ് സെന്റ് ജർമനും നേട്ടങ്ങളുടെ പത്ത്. ജർമൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ പത്താം കിരീടവുമായി ബയേൺ മ്യൂണിക് ആധിപത്യമുറപ്പിച്ചപ്പോൾ ഫ്രഞ്ച് ലീഗ് വണിൽ പത്താം ട്രോഫിയുമായി പി.എസ്.ജിയും മേധാവിത്വം അരക്കിട്ടുറപ്പിച്ചു.
31ാം റൗണ്ടിൽ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ വെല്ലുവിളി 3-1ന് മറികടന്നാണ് ബയേൺ മൂന്നു മത്സരം ബാക്കിയിരിക്കെ കിരീടമുറപ്പിച്ചത്. ബയേണിന് 75ഉം ഡോർട്ട്മുണ്ടിന് 63ഉം പോയന്റാണുള്ളത്. 2011-12ൽ ലീഗ് സ്വന്തമാക്കിയ ഡോർട്ട്മുണ്ടിൽനിന്ന് തൊട്ടടുത്ത വർഷം കിരീടം തിരിച്ചുപിടിച്ച ബയേൺ പിന്നീട് ട്രോഫി ആർക്കും വിട്ടുകൊടുത്തിട്ടില്ല.
യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ തുടർച്ചയായി പത്ത് കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമാണ് ബയേൺ. ഒമ്പതു വർഷം (2011-12 മുതൽ 2019-20 വരെ) ഇറ്റാലിയൻ സീരീ എ കിരീടം നേടിയ യുവന്റസിന്റെ നേട്ടമാണ് ബയേൺ മറികടന്നത്. ബയേണിന്റെ 32ാമത് ബുണ്ടസ് ലീഗ കിരീടമാണിത്. ഒമ്പതു തവണ ജേതാക്കളായ എഫ്.സി ന്യൂറൻബർഗാണ് രണ്ടാം സ്ഥാനത്ത്.
34-ാം റൗണ്ടിൽ ലെൻസിനോട് സമനില പാലിച്ചാണ് നാലു മത്സരങ്ങൾ ശേഷിക്കെ പി.എസ്.ജി ചാമ്പ്യന്മാരായത്. പി.എസ്.ജിക്ക് 78ഉം രണ്ടാമതുള്ള മാഴ്സെക്ക് 62ഉം പോയന്റാണുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പി.എസ്.ജിയുടെ എട്ടാം കിരീടമാണിത്. 2016-17ൽ മോണകോയും 2020-21ൽ ലില്ലെയുമാണ് പി.എസ്.ജിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ട്രോഫി നേടിയിരുന്നത്.
പി.എസ്.ജിയും മാഴ്സെയും സെന്റ് എറ്റീനെയും പത്ത് കിരീടങ്ങളുമായി തുല്യനിലയിലാണ്. മോണകോയും നാന്റസുമാണ് എട്ടു ട്രോഫികളുമായി രണ്ടാമത്. പി.എസ്.ജി കോച്ച് മൗറീഷ്യോ പോച്ചെറ്റീനോയുടെയും ബയേൺ കോച്ച് ജൂലിയൻ നാഗൽസ്മാന്റെയും ആദ്യ ലീഗ് കിരീടനേട്ടങ്ങളാണിത്.
ബുണ്ടസ് ലീഗ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ പരിശീലകനാണ് 34കാരനായ നാഗൽസ്മാൻ. 2001-02ൽ ഡോർട്ട്മുണ്ടിന് കിരീടം നേടിക്കൊടുക്കുമ്പോൾ മത്യാസ് സാമർ ബയേൺ കോച്ചിനെക്കാൾ ദിവസങ്ങൾ ഇളയതായിരുന്നു.
സെവിയ്യ: സ്പാനിഷ് കോപ ഡെൽ റേ കിരീടം റയൽ ബെറ്റിസിന്. ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശക്കളിയിൽ വലൻസിയയെ 5-4ന് തോൽപിച്ചാണ് ബെറ്റിസിന്റെ കിരീടധാരണം. നിശ്ചിത സമയത്ത് സ്കോർ 1-1 ആയിരുന്നു. 17 വർഷത്തിന്റെ ഇടവേളക്കുശേഷമാണ് ബെറ്റിസിന് കിരീടം. 40കാരനായ ക്യാപ്റ്റൻ യൊവാക്വിൻ സാഞ്ചസാണ് മാനുവൽ പെല്ലഗ്രീനിയുടെ ടീമിനായി ട്രോഫി ഏറ്റുവാങ്ങിയത്.
റോം: ഇറ്റാലിയൻ സീരി എയിൽ ചാമ്പ്യന്മാരായ ഇൻറർ മിലാൻ ഒന്നാം സ്ഥാനത്തേക്ക് കയറി. എ.എസ് റോമയെ 3-1ന് തോൽപിച്ചായിരുന്നു ഇന്റർ കുതിപ്പ്. ഡെൻസൽ ഡംഫ്രൈസ്, മാഴ്സലോ ബ്രോസോവിച്, ലൗതാറോ മാർട്ടിനെസ് എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്. ഹെന്റിക് മിഖ്താരിയൻ ആണ് റോമയുടെ ആശ്വാസഗോൾ നേടിയത്. 33 മത്സരങ്ങളിൽ ഇൻററിന് 72 പോയന്റാണുള്ളത്. 33കളികളിൽ 71 പോയന്റുമായി എ.സി മിലാനാണ് രണ്ടാം സ്ഥാനത്ത്.
ലണ്ടൻ: അവസാന മിനിറ്റുവരെ ഗോളടിക്കാതെ പിടിച്ചുനിർത്തിയ വെസ്റ്റ്ഹാം യുനൈറ്റഡിന്റെ വലയിൽ 90ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിക് പന്തടിച്ചുകയറ്റിയപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിക്ക് ജയം. ജയത്തോടെ 65 പോയന്റുമായി ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കും (80) ലിവർപൂളിനും (76) പിറകിൽ മൂന്നാം സ്ഥാനത്ത് ലീഡ് അഞ്ചു പോയന്റാക്കി ഉയർത്തി. ആഴ്സനലാണ് (60) നാലാം സ്ഥാനത്ത്. ബേൺലി 1-0ത്തിന് വോൾവ്സിനെ തോൽപിച്ചപ്പോൾ ബ്രൈറ്റൺ-സതാംപ്ടൺ മത്സരം 2-2ന് സമനിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.