മ്യൂണിക്: ജർമൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ 11ാം സീസണിലും ബയേൺ മ്യൂണിക്കിന് കിരീടം. ബയേണിന്റെ രാജവാഴ്ചക്ക് ഇത്തവണ ബൊറൂസിയ ഡോർട്ട്മുണ്ട് അന്ത്യമിടുമെന്ന് കരുതിയെങ്കിലും അവസാന റൗണ്ടിൽ മെയ്ൻസിനോട് 2-2 സമനിലയിൽ കുരുങ്ങിയത് തിരിച്ചടിയായി.
രണ്ട് പോയന്റ് പിന്നിലായിരുന്ന ബയേണിനെ കോളനെതിരായ 2-1 ജയമാണ് വീണ്ടും കിരീടത്തിലേക്ക് നയിച്ചത്. 34 റൗണ്ടും പൂർത്തിയായപ്പോൾ ഇരു ടീമിനും 71 പോയന്റായി. ഗോൾ വ്യത്യാസത്തിലാണ് ബയേൺ ഒന്നാമതെത്തിയത്. ടീമിന്റെ 32ാം കിരീടമാണിത്. കഴിഞ്ഞയാഴ്ച ആർ.ബി ലെയ്പ്സിഷിനോട് ബയേൺ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽക്കുകയും ഓഗ്സ്ബർഗിനെ ഡോർട്ട്മുണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് തകർക്കുകയും ചെയ്തതോടെ പോയന്റ് ടേബിളിൽനിന്ന് ചാമ്പ്യന്മാർ രണ്ടാം സ്ഥാനത്തേക്കിറങ്ങിയിരുന്നു.
ശനിയാഴ്ച ജയിച്ചാൽ കിരീടമുറപ്പായിരുന്ന ഡോർട്ട്മുണ്ടിന് ബയേൺ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താലും മതിയായിരുന്നു ജേതാക്കളാവാൻ. 2011, 2012 വർഷങ്ങളിൽ ബൊറൂസിയ ജേതാക്കളായ ശേഷം ബയേൺ കിരീടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. 2013 മുതൽ 2022 വരെ സീസണുകളിൽ അവർ കപ്പിൽ മുത്തമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.