ബയേൺ മ്യൂണിക്കിന്റെ ശൈത്യകാല പരിശീലനം ദോഹയിൽ

ദോഹ: ജർമൻ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ ശൈത്യകാല പരിശീലന ക്യാമ്പിന് ദോഹയിൽ തുടക്കം. ദോഹയിലെ ബയേണിന്റെ പതിനൊന്നാമത് ശൈത്യകാല പരിശീലന ക്യാമ്പിനാണ് ആസ്പയർ സോൺ ഗ്രൗണ്ടിൽ തുടക്കം കുറിച്ചിരിക്കുന്നത്. ക്യാമ്പ് ജനുവരി 12 വരെ തുടരും. പരിശീലനത്തിനുശേഷം ജനുവരി 20ന് ആർ.ബി ലൈപ്സിഷിനെതിരായ മത്സരത്തോടെ ബയേണിന്റെ ജർമൻ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കും.

അതിനു മുന്നോടിയായി ജനുവരി 13ന് ആർ.ബി സാൽസ്ബർഗിനെതിരായി ടീം സൗഹൃദ മത്സരവും കളിക്കും. 15 മത്സരങ്ങൾ പിന്നിടുമ്പോൾ 34 പോയൻറുമായി ലീഗിൽ ഒന്നാമതാണ് ബയേൺ. നാലു പോയൻറ് കുറവുള്ള ഫ്രീബർഗാണ് രണ്ടാമത്.

വെള്ളിയാഴ്ച ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ബയേണിൽ 21 താരങ്ങളാണുൾപ്പെടുന്നത്. പ്രധാന താരങ്ങളായ മാന്വേൽ നോയർ, സാദിയോ മാനേ, ലൂക്കാസ് ഹെർണാണ്ടസ്, ബൗന സാർ എന്നിവർ പരിക്കുകാരണം ക്യാമ്പിനെത്തിയിട്ടില്ല. ഓസ്ട്രിയൻ മിഡ്ഫീൽഡറായ മാർസൽ സാബിറ്റ്സർ, മൊറോക്കോയുടെ നുസൈർ മസ്റൂഈ എന്നിവരും ക്യാമ്പിൽനിന്ന് വിട്ടുനിന്നു.

ശൈത്യകാല അവധിക്കാലത്ത് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പരിശീലന സ്ഥലമായ ദോഹയിലേക്കാണ് ബയേൺ സ്ഥിരമായി എത്താറുള്ളത്. ബയേൺ ടീമിനൊപ്പം ഔദ്യോഗിക സമൂഹമാധ്യമ ചാനലുകൾ, ബയേൺ ചാനൽ, ബയേൺ വെബ്സൈറ്റ്, ജർമൻ ടെലിവിഷൻ ചാനലുകൾ തുടങ്ങിയവരുൾപ്പെടുന്ന വലിയ മാധ്യമപ്പടയും ദോഹയിലെത്തിയിട്ടുണ്ട്.

ദോഹ ആസ്പയർ സോണിലെ പരിശീലന ക്യാമ്പ് വളരെ പ്രാധാന്യത്തോടെയാണ് ബയേൺ ടീം കണ്ടുവരുന്നത്. അതിനാൽ തന്നെ പരിക്കിന്റെ പിടിയിലല്ലാത്ത പ്രധാന താരങ്ങളെല്ലാം തന്നെ ഓരോ വർഷവും ടീമിനൊപ്പം ദോഹയിലെത്താറുണ്ട്. അരിയോൺ ഇബ്രാഹിമോവിച്, താരെക് ബുച്മാൻ, ലോവ്റോ സ്വെനാരെക്, ടോം റിറ്റ്സി ഹൾസ്മാൻ, യൂസുഫ് കബദായി എന്നീ അഞ്ചു യുവതാരങ്ങളും പരിശീലകൻ നാഗൽസ്മാനിൽ മതിപ്പുളവാക്കുകയെന്ന ലക്ഷ്യവുമായി ജർമൻ വമ്പന്മാർക്കൊപ്പം ക്യാമ്പിലെത്തിയിട്ടുണ്ട്.

ലോകകപ്പ് ഫൈനലിലെത്തിയ ഫ്രഞ്ച് ടീമംഗങ്ങളായ ദയോത് ഉപമെകാനോ, ബെഞ്ചമിൻ പവാർഡ്, കിങ്സ്ലി കോമാൻ എന്നിവരും നീണ്ട ഇടവേളക്കുശേഷം ടീമിനൊപ്പം പരിശീലനത്തിന് ചേർന്നിട്ടുണ്ട്. ഈയടുത്ത് ടീമിലെത്തിയ ഡാലേ ബ്ലൈൻഡും ദോഹയിലുണ്ട്.

Tags:    
News Summary - Bayern Munich's winter training in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.