ജർമൻ ബുണ്ടസ് ലീഗയിൽ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്ത് ബയേൺ മ്യൂണിക്. ഷാൽകെയെ എതിരില്ലാത്ത ആറ് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. അതേസമയം, കിരീടപ്പോരിൽ ഒപ്പത്തിനൊപ്പം പോരാടുന്ന ബൊറൂസിയ ഡോട്ട്മുണ്ടും തകർപ്പൻ ജയം സ്വന്തമാക്കി. ബൊറൂസിയ മോൻഷൻഗ്ലാഡ്ബാഷിനെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ഡോണ്ട്മുണ്ട് കീഴടക്കിയത്.
ഷാൽകെക്കെതിരെ ബയേണിനായി സെർജി നാബ്രി ഇരട്ട ഗോൾ നേടിയപ്പോൾ തോമസ് മുള്ളർ, ജോഷ്വ കിമ്മിച്ച്, മാത്തിസ് ടെൽ, നുസൈർ മസ്റൗഇ എന്നിവർ ഓരോ ഗോൾ നേടി. 21ാം മിനിറ്റിൽ ലിറോയ് സാനെയുടെ അസിസ്റ്റിൽ തോമസ് മുള്ളറാണ് ആദ്യ ഗോൾ നേടിയത്. 29ാം മിനിറ്റിൽ ജമാൽ മുസിയാലയെ എതിർതാരം വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് കിമ്മിച്ച് ലീഡ് ഇരട്ടിയാക്കി. 50, 65 മിനിറ്റുകളിലായിരുന്നു നാബ്രിയുടെ ഗോളുകൾ. 80ാം മിനിറ്റിൽ ജമാൽ മുസിയാലയുടെ അസിസ്റ്റിൽ മാത്തിസ് ടെൽ അഞ്ചാം ഗോളും നേടി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ സാദിയോ മാനെ നൽകിയ പാസിൽ മസ്റൗഇ പട്ടിക പൂർത്തിയാക്കുകയായിരുന്നു.
സെബാസ്റ്റ്യൻ ഹാലറുടെ ഇരട്ട ഗോളുകളാണ് ഡോട്ട്മുണ്ടിന് മികച്ച വിജയം സമ്മാനിച്ചത്. അഞ്ചാം മിനിറ്റിൽ ഡോനിയൽ മലാനിലൂടെയാണ് ഗോൾവേട്ട തുടങ്ങിയത്. ഹാലറുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ റീബൗണ്ടിൽ മലാൻ വലയിലെത്തിക്കുകയായിരുന്നു. 18ാം മിനിറ്റിൽ ഹാലറെ എതിർ താരം ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജൂഡ് ബെല്ലിങ്ഹാം ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിറ്റിനകം ഹാലർ ആദ്യ ഗോൾ നേടി. ഡോനിയൽ മലാൻ നൽകിയ ക്രോസ് ബാക്ക് ഹീലിലൂടെ വലയിലേക്ക് തട്ടിയിടുകയായിരുന്നു. 12 മിനിറ്റിനകം താരം രണ്ടാം ഗോളും നേടി. 75ാം മിനിറ്റിൽ ഗ്ലാഡ്ബാഷിന് ലഭിച്ച പെനാൽറ്റിയിലൂടെ റാമി ബെൻസബൈനിയും അഞ്ച് മിനിറ്റിനകം ലാർസ് സ്റ്റിൻഡിലും ഗോൾ നേടിയതോടെ സ്കോർ 4-2ൽ എത്തി. എന്നാൽ, ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ജിയോവാനി റെയ്ന കൂടി വല കുലുക്കിയതോടെ ഡോട്ട്മുണ്ട് ഗോൾപട്ടിക തികച്ചു.
മറ്റു മത്സരങ്ങളിൽ യൂനിയൻ ബർലിന 4-2ന് ഫ്രെയ്ബർഗിനെയും ഫ്രാങ്ക്ഫർട്ട് മെയ്ൻസിനെ 3-0ത്തിനും വോൾഫ്സ്ബർഗ് ഹോഫൻഹീമിനെ 2-1നും തോൽപിച്ചു. ലീഗിൽ രണ്ട് മത്സരം മാത്രം ശേഷിക്കെ 68 പോയന്റാണ് ബയേൺ മ്യൂണിക്കിനെങ്കിൽ ഒരു പോയന്റ് മാത്രം പിറകിലാണ് ഡോട്ട്മുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.