ലാലിഗയിൽ വമ്പൻ ജയവുമായി റയൽ മാഡ്രിഡ് വീണ്ടും ഒന്നാമത്. യുവതാരം ജൂഡ് ബെല്ലിങ്ഹാം ഒരിക്കൽകൂടി ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന് വിയ്യാറയലിനെയാണ് തകർത്തുവിട്ടത്. ജയത്തോടെ ഒരു മത്സരം കുറച്ചുകളിച്ച ജിറോണയെ ഒരു പോയന്റ് പിന്നിലാക്കിയാണ് മാഡ്രിഡുകാർ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
സ്വന്തം തട്ടകമായ സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ 25ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളോടെയാണ് റയൽ ഗോളടി തുടങ്ങിയത്. ലൂക മോഡ്രിച് നൽകിയ കിടിലൻ ക്രോസ് ഉയർന്നുചാടിയ ബെല്ലിങ്ഹാം ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. അധികം വൈകാതെ രണ്ടാം ഗോളുമെത്തി. റയലിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിനെ തുടർന്ന് വിയ്യറയൽ ഗോൾമുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ വാസ്കിൽനിന്ന് പന്ത് ലഭിച്ച റോഡ്രിയോ അനായാസം പോസ്റ്റിനുള്ളിലേക്ക് തട്ടിയിടുകയായിരുന്നു. ആദ്യം ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നെങ്കിലും റഫറി ‘വാർ’ പരിശോധനയിലൂടെ ഗോൾ അനുവദിക്കുകയായിരുന്നു.
54ാം മിനിറ്റിൽ വിയ്യാറയൽ തിരിച്ചടിച്ചു. ടെറാറ്റ്സ് നൽകിയ പാസ് സ്വീകരിച്ച് കുതിച്ച ജോസ് ലൂയിസ് മൊറാലസ് ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാൽ, പത്ത് മിനിറ്റിനകം റയൽ ലീഡ് വർധിപ്പിച്ചു. ഗാർഷ്യയിൽനിന്ന് ലഭിച്ച പന്തുമായി കുതിച്ചോടിയ ബ്രഹിം ഡയസ് രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിച്ച് വളഞ്ഞുനിന്ന നാലുപേർക്കിടയിലൂടെ മനോഹരമായി പന്ത് നെറ്റിലെത്തിക്കുകയായിരുന്നു. മൂന്ന് മിനിറ്റിനകം റയൽ പട്ടിക തികച്ചു. റോഡ്രിഗോയുടെ ഗോൾശ്രമം എതിർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചപ്പോൾ പന്ത് ലഭിച്ച ലൂക മോഡ്രിച് തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു.
മറ്റു മത്സരങ്ങളെല്ലാം സമനിലയിൽ പിരിഞ്ഞു. റയൽ സൊസീഡാഡ്-റയൽ ബെറ്റിസ് മത്സരവും അൽമേരിയ-മല്ലോർക പോരാട്ടവും ഗോൾരഹിതമായും ലാസ് പൽമാസ്-കാഡിസ് മത്സരം 1-1നുമാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.