ബംഗളൂരു: കഴിഞ്ഞ സീസൺ പ്ലേ ഓഫിലെ തോൽവിക്ക് പകരംവീട്ടാൻ കണ്ഠീരവയുടെ മൈതാനത്ത് ജയം മോഹിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ബംഗളൂരു എഫ്.സിയുടെ വീട്ടുകരുത്തിന് മുന്നിൽ മുട്ടുകുത്തി. 89ാം മിനിറ്റിൽ യാവി ഹെർണാണ്ടസിന്റെ വെടിച്ചില്ല് കണക്കെയുള്ള ഷോട്ടിൽ ബംഗളൂരുവിന് എതിരില്ലാത്ത ഒറ്റ ഗോളിന്റെ ജയം. ഇതോടെ പ്ലേഓഫ് പ്രതീക്ഷ നിലനിർത്തിയ ബംഗളൂരുവിന് 18 കളിയിൽനിന്ന് 21 പോയന്റായി.
കഴിഞ്ഞ കളിയിൽനിന്ന് രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സും ബംഗളൂരുവും ഇറങ്ങിയത്. മഞ്ഞക്കുപ്പായക്കാരുടെ മധ്യനിരയിൽ ജീക്സൺ സിങ്ങിന് പകരം ഡാനിഷ് ഫാറൂഖും മുന്നേറ്റത്തിൽ കെ.പി. രാഹുലിന് പകരം നിഹാൽ സുധീഷും ആദ്യ ഇലവനിലിറങ്ങി. കഴിഞ്ഞ കളിയിലെ സ്കോറർ ശിവശക്തി നാരായണനെയും മാച്ച് വിലക്ക് കഴിഞ്ഞെത്തിയ സുരേഷ് സിങ്ങിനെയും ആദ്യ ഇലവനിൽ ബംഗളൂരു കോച്ച് ജെറാർഡ് സരഗോസ രംഗത്തിറക്കി.
അഞ്ചാം മിനിറ്റിൽ എതിർ ഗോൾമുഖത്ത് ബ്ലാസ്റ്റേഴ്സിന്റെ റെയ്ഡ്. വലതുവിങ്ങിലൂടെ സന്ദീപ് സിങ് മുന്നേറി നൽകിയ ക്രോസ് പെനാൽറ്റി ബോക്സിലൂടെ കടന്നുപോയെങ്കിലും തലവെക്കാൻ ദിമിത്രിയോസിനായില്ല. പതിനഞ്ചാം മിനിറ്റിൽ ആതിഥേയ ക്യാപ്റ്റനുമുന്നിൽ സുവർണാവസരം ലഭിച്ചു. ബംഗളൂരു പ്രതിരോധ താരം അലക്സാണ്ടർ ജെവാനോവിച്ച് മൈതാന മധ്യത്തുനിന്ന് നീട്ടിനൽകിയ ഒന്നാന്തരം ത്രൂ പാസിലേക്ക് ഓടിയടുക്കാൻ ഛേത്രി ഒരു നിമിഷം വൈകി. മുന്നോട്ടുവന്ന് ബ്ലാസ്റ്റേഴ്സ് ഗോളി കരൺജിത് സിങ് പന്ത് കൈപ്പിടിയിലൊതുക്കി.
32ാം മിനിറ്റ്. ബ്ലാസ്റ്റേഴ്സിന്റെ ഇടതുബോക്സിന് പുറത്ത് യാവി ഹെർണാണ്ടസിനെ നവോച്ച സിങ് ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് അപകടം വിതച്ചേനെ. ഫേക്ക് കിക്കെടുത്ത യാവി പന്ത് കൃത്യം പെനാൽറ്റി ബോക്സിലേക്ക് നൽകി. ഓടിയടുത്ത ഛേത്രിക്ക് വീണ്ടും മിസ്. ബ്ലാസ്റ്റേഴ്സ് നിരയിൽ ആശ്വാസ നിശ്വാസം! ഒന്നാംപകുതിയിൽ ആക്രമണത്തിൽ ബംഗളൂരു മുന്നിട്ടുനിന്നപ്പോൾ ബ്ലാസ്റ്റേഴ്സിന്റെത് ഒറ്റപ്പെട്ട നീക്കങ്ങളായി. ബ്ലാസ്റ്റേഴ്സ് നിരയിൽ ദെയ്സുകെ സകായി വിയർപ്പൊഴുക്കി കളിച്ചു. ഇഞ്ചുറി ടൈമിൽ ബംഗളൂരു പോസ്റ്റിന് മുപ്പതു വാര അകലെ നിന്ന് ഫ്രീകിക്കിന് അവസരമൊരുങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിന് മുതലെടുക്കാനായില്ല. ദിമിയെ ജൊവാനോവിച്ച് വീഴ്ത്തിയതിനായിരുന്നു കിക്ക്. സകായ് എടുത്ത ഫ്രീകിക്ക് പറന്നിറങ്ങിയത് ഗുർപ്രീതിന്റെ കൈയിലേക്ക്. ആദ്യ പകുതിയുടെ 56 ശതമാനവും പന്ത് നീലക്കുപ്പായക്കാരുടെ കാലിലായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ നിഹാലിനെ പിൻവലിച്ച് കോച്ച് ഇവാൻ അയ്മനെ കളത്തിലിറക്കി. 51ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തി. ദിമിയുടെ പാസ് സ്വീകരിച്ച അയ്മൻ പെനാൽറ്റി ബോക്സിൽനിന്ന് തൊടുത്ത ഗ്രൗണ്ടർ ഗോളി ഗുർപ്രീത് രക്ഷപ്പെടുത്തുകയായിരുന്നു.
അപകടം മണത്ത ബംഗളൂരു കോച്ച് സരഗോസ ഫ്രഷ് അറ്റാക്കറെ കൊണ്ടുവന്നു; ശിവശക്തിക്ക് പകരം ഷിവാൾഡോ. 68ാം മിനിറ്റിൽ കേരള ഗോൾമുഖം വിറകൊണ്ടു. റയാൻ വില്യംസ് ഇടതു ബോക്സിന് പുറത്തുനിന്ന് നീട്ടിനൽകിയ പന്ത് ഗോളിയെയും കടന്ന് ഗോൾമുഖത്തിലൂടെ നീങ്ങിയെങ്കിലും ഒഴിഞ്ഞ പോസ്റ്റിന് മുന്നിൽ പന്തിലേക്ക് എത്തിച്ചേരാനാവാതെ ഛേത്രി നിസ്സഹായനായി. പിന്നാലെ ഛേത്രിയെയടക്കം നാലുപേരെ കോച്ച് കളത്തിൽനിന്ന് പിൻവലിച്ചു. ബ്ലാസ്റ്റേഴ്സ് നിരയിൽ സന്ദീപിനും ഡാനിഷിനും പകരം ജീക്സണും പ്രീതം കോട്ടാലും വന്നു. അപകടകരമായ ഓരോ ആക്രമണങ്ങൾ ഇരു ഗോൾമുഖത്തേക്കുമെത്തിയെങ്കിലും സ്കോർ ബോർഡ് മാത്രം ചലിച്ചില്ല.
നിശ്ചിത സമയം അവസാനിക്കാൻ അഞ്ചു മിനിറ്റ് ശേഷിക്കെ, ആക്രമണത്തിന് മൂർച്ച കൂട്ടാൻ സകായിയെ മാറ്റി ഇവാൻ, രാഹുലിനെ നിയോഗിച്ചു. ഇതിന് ഫലവുമുണ്ടായി.
സ്വന്തം പകുതിയിൽനിന്ന് നീട്ടിനൽകിയ പന്ത് ഓടിയെടുത്ത രാഹുൽ എതിർബോക്സിലേക്ക് കടന്ന് നൽകിയ പാസ് സ്വീകരിച്ച ചെർണിച്ച് പന്ത് വലയിലേക്ക് തിരിച്ചെങ്കിലും ബംഗളൂരു പ്രതിരോധത്തിൽ തട്ടി ഗതി മാറി. പിന്നാലെ ബംഗളൂരുവിന്റെ വിജയഗോൾ പിറന്നു. വലതുവിങ്ങിലൂടെ കുതിച്ച ഷിവാൽഡോ നൽകിയ ക്രോസ് ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന യാവി ഹെർണാണ്ടസിലേക്ക്.
പന്ത് കാലിന് പാകം വരുത്തി വെടിയുണ്ട കണക്കെ യാവി തൊടുത്ത ഷോട്ടിനു മുന്നിൽ ഗോളി കരൺജിത്തിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഗോൾ വീണ പകപ്പിൽ അവസാന മിനിറ്റുകളിൽ കാര്യമായൊന്നും ചെയ്യാനാവാതെ മഞ്ഞക്കുപ്പായക്കാർ തരിച്ചുനിന്നപ്പോൾ, എതിർ മൈതാനത്തെ എവേ ഗാലറി നിറച്ച് ജയത്തിനായി ആർത്തുവിളിച്ച ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കൽകൂടി സങ്കടത്തോടെ മടങ്ങി.
മുംബൈ: പോയന്റ് പട്ടികയിൽ പിറകിലാണെങ്കിലും കരുത്തോടെ പൊരുതിനിന്ന പഞ്ചാബ് എഫ്.സിയെ വീഴ്ത്തി മുംബൈ സിറ്റി ഐ.എസ്.എൽ പ്ലേഓഫിൽ. പോയന്റ് നിലയിൽ ഒന്നാമതുള്ള ഒഡിഷ എഫ്.സിക്കൊപ്പമെത്തിയാണ് (35 പോയന്റ് വീതം) മുംബൈ പ്ലേഓഫ് ഉറപ്പിക്കുന്ന രണ്ടാം ടീമായത്. സൂപ്പർതാരം ചാങ്തേയിലൂടെ ആദ്യം മുന്നിലെത്തിയത് മുംബൈയാണ്, 16ാം മിനിറ്റിൽ. ആദ്യപകുതിയിൽ രണ്ടുവട്ടം തിരിച്ചടിച്ച് പഞ്ചാബ് ഇടവേളക്ക് പിരിയുംമുമ്പ് ലീഡ് തങ്ങളുടെതാക്കി.
ഫ്രഞ്ച് പ്ലേമേക്കർ മാദിഹ് തലാലും പിറകെ വിൽമർ ജോർഡൻ ഗില്ലുമായിരുന്നു സ്കോറർമാർ. രണ്ടാം പകുതിയിൽ പക്ഷേ, ആക്രമണം കനപ്പിച്ച മുംബൈക്കാർക്കായി ഇകർ ഗ്വാരറ്റ്ക്സേന രണ്ടുവട്ടം വല കുലുക്കി ജയവും പോയന്റും മുംബൈയുടേതാക്കി. സീസണിൽ മുംബൈക്കിത് 10ാം ജയമാണ്. ജംഷഡ്പൂരുമായി മാർച്ച് എട്ടിനാണ് ടീമിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.