വാസ്കോ: കഴിഞ്ഞ കളിയിലെ അതേ സാധ്യതയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ.എസ്.എല്ലിൽ അങ്കത്തിനിറങ്ങുന്നത്. ജയിച്ചാൽ പോയന്റ് പട്ടികയിൽ മുമ്പന്മാരായ മുംബൈക്ക് ഒപ്പം പിടിക്കാം. മൂന്നു ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ ഒറ്റക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. സമനിലയാണെങ്കിൽ മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടണം.
നിലവിൽ 13 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് എട്ടു പോയന്റുമായി എട്ടാമതുള്ള എഫ്.സി ഗോവയാണ് എതിരാളികൾ. 13 പോയന്റും ഒരു ഗോൾ കൂടുതലുമായി ബ്ലാസ്റ്റേഴ്സിന്റെ തൊട്ടുമുന്നിലുള്ള ജാംഷഡ്പുർ എഫ്.സിയും 11 പോയന്റുമായി തൊട്ടുപിറകിലുള്ള ചെന്നൈയിൻ എഫ്.സിയും തമ്മിലാണ് ഞായറാഴ്ചത്തെ രണ്ടാം മത്സരം. ഈ മത്സരഫലവും ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനത്തെ ബാധിക്കാം.
ആദ്യ കളിയിൽ എ.ടി.കെ മോഹൻ ബഗാനോട് തോറ്റശേഷം ഏഴു മത്സരങ്ങളിൽ പരാജയം രുചിക്കാത്ത ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലാണ്. കരുത്തരായ മുംബൈയെയും ചെന്നൈയിനെയും ആധികാരികമായി തോൽപിച്ച ഇവാൻ വുകോമാനോവിചിന്റെ ടീം ജാംഷഡ്പുരുമായി പോയന്റ് പങ്കുവെച്ചെങ്കിലും മികച്ച കളിയായിരുന്നു കെട്ടഴിച്ചത്.
പ്രതിരോധത്തിന്റെ കെട്ടുറപ്പും മധ്യനിരയുടെ ഭാവനയും മുൻനിരയുടെ പ്രഹരശേഷിയും സമ്മേളിക്കുന്ന കളിയായിരുന്നു മഞ്ഞപ്പട മുംബൈക്കും ചെന്നൈയിനുമെതിരെ പുറത്തെടുത്തത്. ഇതേ കളിയാണ് ഗോവക്കെതിരെ ആരാധകർ പ്രതീക്ഷിക്കുന്നത്. അൽവാരോ വാസ്ക്വസിന്റെയും സഹൽ അബ്ദുസ്സമദിന്റെയും ഹോർഹെ പെരീര ഡയസിന്റെയും സ്കോറിങ് മികവ് തുണച്ചാൽ ബ്ലാസ്റ്റേഴ്സ് കസറും.
മറുവശത്ത് ഗോവ മുൻ സീസണുകളിലെ ഫോമിന്റെ നാലയലത്തുപോലുമല്ല. ആദ്യ മൂന്നു കളികളിലെ തോൽവിക്കുശേഷം രണ്ടു മത്സരങ്ങൾ ജയിച്ചെങ്കിലും അവസാന മൂന്നു കളികളിൽ രണ്ടു സമനിലയും ഒരു തോൽവിയുമാണ് ഡെറിക് പെരേരയുടെ ടീമിന്റെ ക്രെഡിറ്റിലുള്ളത്. രണ്ടു ഗോളും മൂന്നു അസിസ്റ്റുമുള്ള സ്ട്രൈക്കർ ജോർജ് ഓർട്ടിസ് സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്നത് ഗോവക്ക് കരുത്തുപകരും. മലയാളി താരം മുഹമ്മദ് നെമിൽ ഗോവ ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.