ദുബൈ: പ്രവാസലോകത്തെ കാൽപന്ത് പ്രേമികൾ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ യു.എ.ഇ പ്രോലീഗ് ക്ലബുകളുമായുള്ള പ്രീ സീസൺ മത്സരങ്ങൾക്ക് ശനിയാഴ്ച കിക്കോഫ്. നാളെ ദുബൈ സബീൽ സ്റ്റേഡിയത്തിൽ അൽവസ്ൽ എഫ്.സിയുമായാണ് മഞ്ഞപ്പടയുടെ ആദ്യ സൗഹൃദ മത്സരം. 12ന് ഷാർജ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഷാർജ എഫ്.സിയെയും 15ന് ദുബൈയിലെ അൽ അവീറിലെ ശഹാബ് അൽ അഹ്ലി സ്റ്റേഡിയത്തിൽ ശഹാബ് അൽ അഹ്ലിയെയും നേരിടും. സെപ്റ്റംബർ 21ന് തുടങ്ങുന്ന ഐ.എസ്.എല്ലിന് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനങ്ങളുടെ ഭാഗമായി മൂന്നു മത്സരങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷവും ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരങ്ങൾക്കായി യു.എ.ഇയിൽ എത്തിയിരുന്നെങ്കിലും ഫിഫ വിലക്ക് മൂലം കളിക്കാനായിരുന്നില്ല.
ഇത്തവണ മികച്ച മൂന്ന് പ്രോ ലീഗ് ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിലൂടെ ടീമിന് മികച്ച പരിശീലനം നൽകാനാകുമെന്നാണ് കോച്ച് ഇവാൻ വുകൊമനോവികിന്റെ പ്രതീക്ഷ. ഇന്ത്യൻ ടീമിന് മത്സരങ്ങളുള്ളതിനാൽ ജീക്സൺ സിങ്, കെ.പി. രാഹുൽ, വിപിൻ തുടങ്ങിയവർ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കളിക്കാനെത്തുന്നത്. എന്നാൽ, മിന്നുംതാരം അട്രിയാൻ ലൂണയുടെ പ്രകടനം ആരാധകരെ കൈയിലെടുക്കുമെന്നുറപ്പാണ്. ക്വമെ പെപ്ര, മിലോസ് ഡ്രിൻസിക്, പ്രീതം കോട്ടൽ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
ചൊവ്വാഴ്ച രാത്രി ദുബൈ വിമാനത്താവളത്തിൽ എത്തിയ ടീമിന് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഗംഭീര സ്വീകരണമൊരുക്കിയിരുന്നു. കൊച്ചിയിൽ ടീമിന് ലഭിച്ച പിന്തുണ ഉറപ്പാക്കാനും മത്സരങ്ങൾ ആഘോഷമാക്കാനുമാണ് മഞ്ഞപ്പടയുടെ തീരുമാനം. സെപ്റ്റംബർ 16 വരെ ടീം യു.എ.ഇയിലുണ്ടാകും. മുൻ യു.എ.ഇ ദേശീയ താരവും അൽഅഹ്ലി, അൽവസ്ൽ ക്ലബുകളുടെ കളിക്കാരനുമായിരുന്ന ഹസൻ അലി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള എച്ച് 16 സ്പോർട്സ് ആണ് പ്രീ സീസൺ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.