കൊച്ചി: ഇന്നു രാത്രി 7.30ന് സ്വന്തം തട്ടകമായ കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ എഫ്.സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പോരിനിറങ്ങുമ്പോൾ ലക്ഷ്യം ഒന്നേയുള്ളൂ, ജയിക്കണം. ഒന്നര മാസം മുമ്പാണ് അവസാനമായി ഒരു കളിയിൽ വിജയം കണ്ടത്. അതാകട്ടെ സൂപ്പർ കപ്പിൽ ഐ ലീഗ് ടീമായ ഷില്ലോങ് ലജോങ്ങിനോട്. പിന്നെ തുടർച്ചയായി അഞ്ച് തോൽവികൾ. ഐ.എസ്.എൽ ടേബിൾ ടോപ്പേഴ്സ് എന്നഗമയിൽ സൂപ്പർ കപ്പിന് പോയവരാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ രണ്ടാം പാദം തുടങ്ങി മഞ്ഞപ്പട നേരിട്ടത് ഹാട്രിക് പരാജയം. എത്തിനിൽക്കുന്നത് അഞ്ചാംസ്ഥാനത്ത്. സമ്പാദ്യം 15 മത്സരങ്ങളിൽ എട്ട് ജയവും അഞ്ച് തോൽവിയും രണ്ട് സമനിലയുമായി 26 പോയന്റ്. ജയിച്ചാൽ ഗോവ (28) കടന്ന് നാലാമതെത്താം ബ്ലാസ്റ്റേഴ്സിന്.
പരിക്കാണ് ഇവാൻ വുകുമനോവിച് ബോയ്സിന് ഏറ്റവും വലിയ വെല്ലുവിളി. പത്തോളം താരങ്ങളുടെ സേവനമാണ് സീസണിനിടെ ടീമിന് നഷ്ടമായത്. ഗോൾ വലക്ക് മുന്നിലെ കരുത്തായിരുന്ന സച്ചിൻ സുരേഷും കഴിഞ്ഞ മത്സരത്തോടെ പുറത്തായി. കരൺജിത് സിങ്ങാവും കാവൽക്കാരൻ. സീസണിലെ സ്ഥിരം ഗോളിയായിരുന്നു സച്ചിൻ. പരിക്കുമാറി ഗ്രീക്ക് സൂപ്പർ താരം ദിമിത്രിയോ ഡയമന്റകോസ് മടങ്ങിയെത്തുന്നത് ആശ്വാസമാണ്. അഡ്രിയാൻ ലൂണയുടെ പകരക്കാരൻ ലിത്വേനിയൻ താരം ഫെഡോർ സെർനിച് ഡയമന്റകോസിനൊപ്പം മുന്നേറ്റം നയിക്കും. മധ്യനിരയിലേക്ക് വിപിൻ മോഹനന്റെ വരവും പ്രതീക്ഷ നൽകുന്നു. ഒപ്പം കെ.പി. രാഹുൽ, മുഹമ്മദ് അയ്മൻ, നിഹാൽ സുധീഷ്, ഡെയ്സൂകി സകായ് എന്നിവരും ഒത്തിണക്കത്തോടെ കളിച്ചാൽ ജയം ബ്ലാസ്റ്റേഴ്സിന് അപ്രാപ്യമല്ല.
ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചിനും ചെന്നൈയിൻ എഫ്.സിക്കെതിരായ കളിക്കിടെ പരിക്കേറ്റിരുന്നു. ലെസ്കോവിച് ഇന്ന് ഇറങ്ങിയില്ലെങ്കിൽ യുവ ഇന്ത്യൻ താരം ഹോർമിപാം റൂയിവ ബ്ലാസ്റ്റേഴ്സ് ഇലവനിൽ ഇടംപിടിക്കും. രണ്ടാം പാദത്തിൽ ഒഡിഷ എഫ്.സിയോട് 2-1നും പഞ്ചാബിനോട് 3-1നും ചെന്നൈയിനോട് 1-0ത്തിനുമാണ് മഞ്ഞപ്പട തോറ്റത്. പഞ്ചാബിനോട് ഏറ്റുവാങ്ങിയത് സീസണിൽ കലൂർ സ്റ്റേഡിയത്തിലെ ആദ്യ പരാജയവും. പ്ലേ ഓഫ് പ്രതീക്ഷയിൽ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. ഇതിൽ നാലും എവേ മത്സരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.