പനാജി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം പരാജയം. എഫ്.സി ഗോവയോട് 3-1നാണ് കൊമ്പന്മാർ കൊമ്പുകുത്തിയത്. തുടർച്ചയായ രണ്ടാം എവേ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് തോൽവി രുചിക്കുന്നത്. കഴിഞ്ഞ റൗണ്ടിൽ മുംബൈ സിറ്റിയോടും പരാജയപ്പെട്ടിരുന്നു.
14 മത്സരങ്ങളിൽ 25 പോയന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. 15 മത്സരങ്ങളിൽനിന്ന് 39 പോയന്റുമായി മുംബൈയും 35 പോയന്റോടെ ഹൈദരാബാദ് എഫ്.സിയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. കഴിഞ്ഞ നാലു റൗണ്ടുകളിൽ ജയം അന്യംനിന്നിരുന്ന ഗോവ ബ്ലാസ്റ്റേഴ്സിനെതിരായ ജയത്തോടെ 23 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു. എ.ടി.കെ മോഹൻ ബഗാനാണ് 24 പോയന്റുമായി ബ്ലാസ്റ്റേഴ്സിനും ഗോവക്കും ഇടയിലുള്ളത്.
ഗോവക്കായി ഐകർ ഗ്വാറോട്സേന (35 പെനാൽറ്റി), നോഹ സദൗയി (43), റെദീം ത്ലാങ് (69) എന്നിവരാണ് സ്കോർ ചെയ്തത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 51ാം മിനിറ്റിൽ ദിമിത്രിയോസ് ഡിയാമന്റകോസിന്റെ വകയായിരുന്നു. സ്വന്തം തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ തുടക്കം മുതലേ മുൻതൂക്കം നേടിയ ഗോവ ആദ്യ പകുതിയിൽതന്നെ രണ്ടു ഗോളിനു മുന്നിലെത്തി. സൗരവ് മണ്ഡൽ ബ്രൻഡൻ ഫെർണാണ്ടസിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു സ്പോട്ട് കിക്ക്. ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിങ് ഇടത്തോട്ടു ചാടിയപ്പോൾ ഗ്വാറോട്സേന വലയുടെ മധ്യത്തിലേക്ക് പന്തടിച്ചുകയറ്റി. ഗോളിന്റെ ആഘാതം മാറുംമുമ്പ് ബ്ലാസ്റ്റേഴ്സ് വലയിൽ വീണ്ടും പന്തെത്തി.
സന്ദീപ് സിങ്ങിന്റെ പിഴവിൽ പന്തുമായി കുതിച്ച നോഹ സദൗയി ഹോർമിപാം റുയിവയെയും കടന്ന് കുതിച്ച് ഗില്ലിന് പിടികൊടുക്കാതെ പന്ത് വലയിലെത്തിച്ചു. ഇടവേളക്കുശേഷം വർധിതവീര്യത്തോടെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് അഞ്ചു മിനിറ്റ് പിന്നിടുമ്പോഴേക്കും ഒരു ഗോൾ തിരിച്ചടിച്ചു. അഡ്രിയൻ ലൂനയുടെ ഫ്രീകിക്കിൽനിന്ന് ഹെഡറിലൂടെയായിരുന്നു ഡിയമാന്റകോസിന്റെ ഗോൾ. എന്നാൽ, പകരക്കാരനായി ഇറങ്ങിയ റെദീം ത്ലാങ് ബ്രൻഡൻ ഫെർണാണ്ടസിന്റെ പാസിൽനിന്ന് സ്കോർ ചെയ്തതോടെ ഗോവ ജയമുറപ്പിച്ചു. ഈമാസം 29ന് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.