ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ ആതിഥേയരായ ഒഡിഷ എഫ്.സിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. പിറ്റേന്ന് മഡ്ഗാവിലെ ഫട്രോഡ സ്റ്റേഡിയത്തിൽ എഫ്.സി ഗോവക്കെതിരെ ചെന്നൈയിൻ എഫ്.സിയും ഇറങ്ങും. വിജയികൾ സെമി ഫൈനലിൽ യഥാക്രമം മോഹൻ ബഗാനുമായും മുംബൈ സിറ്റിയുമായും ഏറ്റുമുട്ടും.
കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ പുറത്തായ ബ്ലാസ്റ്റേഴ്സിന് ഇടവേളക്കുശേഷം അവസാന നാലിലെത്താനുള്ള അവസരമാണ് ഒഡിഷക്കെതിരായ പോരാട്ടം. ഇക്കുറി നന്നായി തുടങ്ങിയ പിറകോട്ടുപോവുകയായിരുന്നു ഇവാൻ വുകമനോവിചിന്റെ ശിഷ്യന്മാർ. പ്രമുഖരായ പല താരങ്ങളും പരിക്കേറ്റ് പുറത്തായി. മുന്നേറ്റത്തിലെ കുന്തമുനയും ഗോളടി വീരനുമായ ദിമിത്രിയോസ് ഡയമന്റകോസിന് കൂടി പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടിയായി.
എങ്കിലും അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ 3-1ന് തോൽപിച്ചത് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. പരിക്ക് കാരണം കുറേനാളായി പുറത്തിരിക്കുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ആരോഗ്യം വീണ്ടെടുത്തത് ആശ്വാസമാണ്. ലൂണക്കും ദിമിത്രിയോസിനും കളിക്കാനായാൽ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് വർധിക്കും. ഇരുവരും ടീമിനൊപ്പം ഭുവനേശ്വറിലെത്തിയിട്ടുണ്ട്.
ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ എതിർ താരത്തെ തലകൊണ്ടിടിച്ച് താഴെയിട്ടതിന് ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ നവോച്ച സിങ്ങിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നേരിട്ട് ചുവപ്പ് കാർഡും ലഭിച്ചതിന് പിന്നാലെയാണ് മൂന്ന് കളികളിൽ വിലക്കും 20,000 രൂപ പിഴയും വിധിച്ചുകൊണ്ട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വിധി വന്നത്. നാവോച്ച പ്ലേ ഓഫ് മത്സരത്തിനുണ്ടാവില്ല.
മികച്ച ഫോമിൽ കളിച്ചുവന്ന ഒഡിഷ അവസാന ലീഗ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് 3-0ത്തിന്റെ തോൽവി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ്. 22 കളികളിൽ 39 പോയന്റുമായി നാലാം സ്ഥാനത്തായി ഇവർ. 33 പോയന്റാണ് അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.