തിരുവനന്തപുരം: ജൂലൈ 26ന് നടക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് 2022 ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാൻ ബ്ലാസ്റ്റേഴ്‌സിന്‍റെ യൂത്ത് ടീം ലണ്ടനിലേക്ക് പറന്നു. ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്നാണ് യാത്ര തിരിച്ചത്.
ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീം അംഗങ്ങളായ ജീക്‌സണ്‍ സിങ്, ഹോര്‍മിപാം റൂയിവ, ആയുഷ് അധികാരി, ബിജോയ് വര്‍ഗീസ്, സച്ചിന്‍ സുരേഷ്, ഗിവ്‌സണ്‍ സിങ് എന്നിവരാണ് 18 അംഗ ടീമിലെ ശ്രദ്ധേയ താരങ്ങള്‍. സച്ചിന്‍ സുരേഷ്, മുഹീദ് ഷാബിര്‍ ഖാന്‍, മുഹമ്മദ് മുര്‍ഷിദ് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍. പ്രതിരോധനിര താരങ്ങളായി മുഹമ്മദ് ബാസിത്, ബിജോയ് വര്‍ഗീസ്, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാരി, അരിത്ര ദാസ് എന്നിവരും ടീമിലുണ്ട്.
മധ്യ നിരയില്‍ മുഹമ്മദ് ജാസിമും ജീക്‌സണ്‍ സിങ്ങും ആയുഷ് അധികാരിയും ഗിവ്‌സണ്‍ സിങ്ങും മുഹമ്മദ് അസ്ഹറും ബൂട്ടുകെട്ടും. മുഹമ്മദ് അജ്‌സലും മുഹമ്മദ് അയ്‌മെനും നിഹാല്‍ സുധീഷുമാണ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പോളണ്ടില്‍നിന്നുള്ള യുവേഫ എ ലൈസന്‍സ്ഡ് കോച്ച് തോമസ് തോഷാണ് പരിശീലകന്‍.
മുന്‍ ഇന്ത്യന്‍ ഫുട്‌ബാളറും നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീമിന്‍റെ സഹപരിശീലകനുമായ ടി.ജി. പുരുഷോത്തമനാണ് സഹപരിശീലകന്‍. കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളിലായി ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണറപ്പുകളായതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് ലണ്ടനിലേക്കുള്ള ടിക്കറ്റ് ഉറപ്പായത്.
ഡെവലപ്‌മെന്‍റ് ലീഗ് ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയുടെ യൂത്ത് ടീമും ടൂർണമെന്‍റിനുണ്ട്. പ്രീമിയര്‍ ലീഗ് ക്ലബുകളായ ടോട്ടനം ഹോട്ടസ്പര്‍, ലീസസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, വെസ്റ്റ്ഹാം യുനൈറ്റഡ് അടക്കം എട്ടോളം ടീമുകളുടെ അണ്ടര്‍ 18 ടീമുകളുമായി ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.