ജർമൻ മുൻനിര ലീഗിൽ ഒരു പതിറ്റാണ്ടായി തുടരുന്ന ബയേൺ വാഴ്ചക്ക് ഇത്തവണ മാറ്റമാകുമോ? മത്സരങ്ങൾ പകുതിയിലേറെ പിന്നിട്ട ബുണ്ടസ് ലിഗയിൽ ആർ.ബി ലൈപ്സിഗിനെതിരായ മത്സരം ജയിച്ച് ബൊറൂസിയ ഡോർട്മുണ്ട് താത്കാലികമായെങ്കിലും ഒന്നാം സ്ഥാനത്തേക്ക് കയറിയതോടെയാണ് സാധ്യത ശക്തമായത്.
കരുത്തർ മുഖാമുഖം നിന്ന ആവേശപ്പോരിൽ ഡോർട്മുണ്ട് തന്നെയായിരുന്നു തുടക്കം മുതൽ മുന്നിൽനിന്നത്. ജൂഡ് ബെല്ലിങ്ങാമിന്റെ പാസിൽ ജൂലിയൻ ബ്രാൻഡ്റ്റ് പന്ത് വലയിലെത്തിച്ച് തുടങ്ങിയെങ്കിലും ഹാൻഡ്ബാളെന്നു കണ്ട് റഫറി ഗോൾ അനുവദിച്ചില്ല. വൈകാതെ പെനാൽറ്റി ഗോളാക്കി മാർകോ റൂയസ് ഡോർട്മുണ്ടിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ എംറെ കാൻ വല കുലുക്കി ലീഡ് ഇരട്ടിയാക്കി. ഇതോടെ, ജയമുറപ്പിച്ച ഡോർട്മുണ്ട് വലയിൽ രണ്ടാം പകുതിയിൽ ഒരുവട്ടം പന്തെത്തിച്ച് ലൈപ്സീഗ് തോൽവി ഭാരം കുറച്ചു. എമിൽ ഫോർസ്ബെർഗ് ആയിരുന്നു സ്കോറർ.
ജയത്തോടെ ഒരു കളി അധികം കളിച്ച് ഡോർട്മുണ്ട് ബയേണിനെക്കാൾ മൂന്നു പോയിന്റ് മുന്നിലെത്തി. തരം താഴ്ത്തൽ ഭീഷണിയിലുള്ള സ്റ്റുട്ട്ഗർട്ടിനെതിരെ ഇന്ന് ജയിക്കാനായാൽ ബയേണിന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം.
തുടർച്ചയായ 10 ജയങ്ങളുമായി കുതിപ്പ് തുടരുന്ന ഡോർട്മുണ്ടിന് ചാമ്പ്യൻസ്‍ ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ചെൽസിക്കെതിരെയാണ് അടുത്ത പോരാട്ടം. കളി സ്റ്റാംഫോഡ് ബ്രിഡ്ജിലാണെങ്കിലും ആദ്യ പാദം ജയിച്ചത് ജർമൻ ടീമിന് ആനുകൂല്യമാകും. ബുണ്ടസ് ലിഗയിൽ അടുത്തയാഴ്ച പട്ടികയിലെ അവസാനക്കാരായ ഷാൽക്കെയാണ് ടീമിന് എതിരാളികൾ.
2012ൽ യുർഗൻ ക്ലോപിനൊപ്പമാണ് ഡോർട്മുണ്ട് അവസാനമായി ബുണ്ടസ് ലിഗ കിരീടം നേടിയത്. അതുകഴിഞ്ഞ് തുടർച്ചയായ 10 തവണയും ബയേൺ മ്യൂണിക്കിനൊപ്പമായിരുന്നു കിരീടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.