ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയത്തോടെ മാഞ്ചസ്റ്റർ യുനൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ഏറെ അടുത്തപ്പോൾ സമനില വഴങ്ങിയ ലിവർപൂളിന്റെ വഴി ഏറക്കുറെ അടഞ്ഞ സ്ഥിതിയിലായി കാര്യങ്ങൾ. ബോൺമൗത്തിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുനൈറ്റഡ് തോൽപിച്ചത്. അതേസമയം, ആസ്റ്റൻ വില്ലക്കെതിരായ കളിയിൽ തോൽവിമുനയിൽ നിന്ന് 1-1ന് സമനില പിടിക്കുകയായിരുന്നു ലിവർപൂൾ. രണ്ട് മത്സരം ബാക്കിനിൽക്കെ 69 പോയന്റുമായി നാലാമതുണ്ട് യുനൈറ്റഡ്. ഒരു കളി മാത്രം ശേഷിക്കെ അഞ്ചാംസ്ഥാനത്ത് ലിവർപൂളിന് 66 പോയന്റേയുള്ളൂ.
ഒമ്പതാം മിനിറ്റിൽ കാസെമിറോ നേടിയ ഗോളിൽ മുന്നിലെത്തിയ യുനൈറ്റഡ് ഇതേ സ്കോറിൽതന്നെ കളി അവസാനിപ്പിക്കുകയായിരുന്നു. ലിവർപൂൾ-ആസ്റ്റൻവില്ല മത്സരം സമനിലയിലായതോടെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ബെർത്ത് പിടിക്കാനുള്ള യുനൈറ്റഡിന്റെ സാധ്യതകളും സജീവമായി. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ന്യൂകാസിൽ യുനൈറ്റഡിനും 36 കളിയിൽ 69 പോയന്റാണുള്ളത്. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിന്റെ 27ാം മിനിറ്റിൽ റാംസെയിലൂടെ ആസ്റ്റൻ ലീഡ് പിടിച്ചു. സന്ദർശകർ ജയത്തിലേക്ക് നീങ്ങവെ 89ാം മിനിറ്റിൽ റോബർട്ടെ ഫെർമിനോയാണ് ലിവർപൂളിന്റെ പ്രതീക്ഷയും മാനവും കാത്തത്.
ടോട്ടൻഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോൽപിച്ച ബ്രെന്റ്ഫോർഡ് ഒമ്പതാം സ്ഥാനം ഉറപ്പിച്ചു. എട്ടാം മിനിറ്റിൽ സൂപ്പർ താരം ഹാരി കെയ്നിലൂടെ ആതിഥേയർ മുന്നിലെത്തിയിരുന്നെങ്കിലും രണ്ടാം പകുതിയിൽ മൂന്നു ഗോൾ വഴങ്ങി. ബ്രയാൻ എംബ്യൂമോ 50, 62 മിനിറ്റുകളിലും യോനെ വിസ്സ 88ലും സ്കോർ ചെയ്തു. 37 മത്സരങ്ങളിൽ 56 പോയന്റാണ് ബ്രെന്റ്ഫോർഡിന്. എട്ടാം സ്ഥാനത്തുള്ള ടോട്ടൻഹാമിന് 57ഉം. ഫുൾഹാം-ക്രിസ്റ്റൽ പാലസ് മത്സരം 2-2 സമനിലയിൽ പിരിഞ്ഞു. 37 മത്സരങ്ങളിൽ നേടിയ 52 പോയന്റുമായി ഫുൾഹാം പത്താം സ്ഥാനത്ത് തുടരും. ഇത്രയും കളികളിൽ 44 പോയന്റുമായി ക്രിസ്റ്റൽ 11ാമതാണ്. വൂൾവ്സ്-എവർട്ടൺ മത്സരം 1-1ൽ തീർന്നു. ഇരു ടീമും യഥാക്രമം 13ഉം 17ഉം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.