സാവേപോളോ: ബൊളീവിയയെ 5-0ത്തിന് തകർത്ത് ബ്രസീൽ ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങൾക്ക് സ്വപ്നത്തുടക്കമിട്ടു. സാവേപോളോയിൽ നടന്ന മത്സരത്തിൽ റോബർട്ടോ ഫിർമിനോ ബ്രസീലിനായി ഇരട്ട ഗോൾ നേടി. മാർക്വീനോസും കൗടീന്യോയും ഓരോ ഗോൾ നേടിയപ്പോൾ ഒരുഗോൾ ബൊളീവിയയുടെ സമ്മാനമായി.
നവംബറിൽ ദക്ഷിണ കൊറിയക്കെതിരെ 3-0ത്തിന് വിജയിച്ച ശേഷം കളത്തിലെത്തിയ ബ്രസീലിന് ഒട്ടും വിയർപ്പൊഴുക്കേണ്ടി വന്നില്ല. മാർച്ചിൽ നടക്കേണ്ടിയിരുന്ന മത്സരം കോവിഡ് വ്യാപനത്തെതുടർന്ന് മാറ്റി വെച്ചതിനെത്തുടർന്നാണ് ഇത്ര നീട്ട കാലത്തേക്ക് ടീമിന് ഒരുമിക്കാൻ സാധിക്കാതിരുന്നത്.
ഖത്തർ ലോകകപ്പിലേക്കുള്ള പ്രയാണം തുടങ്ങും മുമ്പ് 2015ന് ശേഷം ലോകകപ്പ് യോഗ്യത റൗണ്ടിൽ തോറ്റിട്ടില്ലെന്ന വസ്തുത ബ്രസീലിെൻറ ആത്മവിശ്വാസമേറ്റിയിരുന്നു. 17 മത്സരങ്ങളാണ് ടിറ്റെയും സംഘവും അപരാജിതരായി പൂർത്തിയാക്കിയത്. അവസാനം കണ്ടുമുട്ടിയ നാല് മത്സരങ്ങളിലും തങ്ങൾക്കെതിരെ സ്കോർ ചെയ്യാൻ സാധിക്കാതിരുന്ന ബൊളീവിയയെ എതിരാളിയായി കിട്ടിയതിനാൽ അവർ കൂടുതൽ സന്തോഷിച്ചു.
1994ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടുന്നതിനായി കൊതിക്കുന്ന ബൊളീവിയയും ജയിക്കാനുറച്ചായിരുന്നു കളത്തിലിറങ്ങിയത്. ബ്രസീലിനെ 4-3-3 ഫോർമേഷനിലാണ് ടിറ്റെ കളത്തിലിറക്കിയത്. 4-4-2 ശൈലിയിൽ ബൊളീവിയയും.
വെവർട്ടണായിരുന്നു ബ്രസീലിയൻ ഗോൾവല കാത്ത്. റെനാൻ ലോഡി, മാർക്വീനോസ്, സിൽവ, ഡാനിലോ എന്നിവർ പ്രതിരോധക്കോട്ട കെട്ടി. കൗടീന്യോ, ഡഗ്ലസ് ലൂയിസ്, കാസ്മിറോ എന്നിവർക്കായിരുന്നു മധ്യനിരയുടെ ചുമതല. ഫോർവേഡായി കളിച്ച ഫിർമിനോക്കൊപ്പം നെയ്മറും എവർട്ടണും മുന്നേറ്റ നിരയിൽ സ്ഥാനം പിടിച്ചു.
കളി തുടങ്ങി ആദ്യ മൂന്ന് മിനിറ്റിനകം രണ്ട് ഗോൾ സ്കോർ ചെയ്യാനുള്ള അവസരം ബ്രസീലിനുണ്ടായിരുന്നു. എന്നാൽ എവർട്ടണും മാർക്വീനോസും സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നു. 16ാം മിനിറ്റിൽ ബ്രസീൽ ആദ്യ ഗോൾ നേടി. മാർക്ക് ചെയ്യപ്പെടാതിരുന്ന പി.എസ്.ജി ഡിഫൻഡറായ മാർക്വീനോസ് പിഴവുകളില്ലാതെ ഗോൾകീപ്പറെ പരാജിതനാക്കി പന്ത് വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു.
ഡാനിലോയുടെ അളന്നുമുറിച്ച ക്രോസാണ് ബ്രസീലിെൻറ ലീഡിലേക്ക് വഴി തുറന്നത്. ആദ്യ 20 മിനിറ്റിൽ മൈതാനത്ത് തങ്ങളുടെ ആധിപത്യം കാണിച്ച ബ്രസീൽ 30ാം മിനിറ്റിൽ ലീഡുയർത്തി. ലോഡിയുടെ പാസിൽ നിന്നും ഫിർമിനോയുടെ ഗോൾ. ആദ്യ പകുതി അവസാനിക്കുേമ്പാൾ ബ്രസീൽ രണ്ടുഗോളിന് മുന്നിൽ. ആദ്യ 45 മിനിറ്റിൽ ബൊളീവിയക്ക് ഒന്നും തന്നെ അവകാശപ്പടാനില്ലായിരുന്നു. അവർ ബ്രസീലിയൻ ബോക്സിൽ കയറിയത് തന്നെ വിരളമായിട്ടായിരുന്നു.
രണ്ടാം പകുതി തുടങ്ങി വെറും നാല് മിനിറ്റിനകം ഫിർമിനോ മൂന്നാം വെടിപൊട്ടിച്ചു. നെയ്മർ നൽകിയ സ്ക്വയർ പാസ് താരം അനായാസം വലയിലാക്കി. രണ്ട് മിനിറ്റിനകം മിറാൻഡയുടെ ഷോട്ട് ബൊളീവിയൻ ഗോൾകീപ്പർ തടഞ്ഞു. കളി തീരാൻ 30 മിനിറ്റ് ശേഷിക്കേ എവർട്ടെൻ പിൻവലിച്ച് റയൽ മഡ്രിഡിെൻറ കൗമാര താരം റോരഡിഗോക്ക് ടിറ്റെ അവസരം നൽകി.
66ാം മിനിറ്റിൽ ജോസെ മരിയ കരാസ്കോയുടെ വക സെൽഫ് ഗോളിലൂടെ ബ്രസീലിെൻറ ഒരുഗോൾ സമ്മാനമായി ലഭിച്ചു. 73ാം മിനിറ്റിൽ കൗടീനോാ ബ്രസീലിെൻറ ലീഡ് അഞ്ചാക്കി ഉയർത്തി. രണ്ടാം അസിസ്റ്റുമായി നെയ്മറാണ് ഗോളിന് പിന്നിൽ പ്രവർത്തിച്ചത്. മത്സരത്തിൽ 69 ശതമാനം പന്തടക്കത്തോടെ ആധികാരികമായായിരുന്നു ബ്രസീലിെൻറ ജയം. ചൊവ്വാഴ്ച നടക്കാൻ പോകുന്ന അടുത്ത മത്സരത്തിൽ പെറുവാണ് ബ്രസീലിെൻറ എതിരാളി. ലയണൽ മെസ്സിയുടെ അർജൻറീനയാണ്അതേ ദിവസം ബൊളീവിയയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.