ഫുട്ബാൾ ഇതിഹാസം പെലെയുടെ നിര്യാണത്തെ തുടർന്ന് ബ്രസീലിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെലെ വ്യാഴാഴ്ച അർധരാത്രിയാണ് മരിച്ചത്.
‘ഫുട്‌ബാളിലെ രാജാവായ പെലെ എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാളായിരുന്നു’ -പ്രസിഡന്‍റ് ജെയർ ബൊൽസനാരോ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മൂന്ന് തവണ ലോക ചാമ്പ്യനായ ഒരേയൊരു വ്യക്തി, ഒരു മികച്ച കായികതാരം എന്നതിലുപരി, നല്ലൊരു മനുഷ്യനും രാജ്യസ്നേഹിയും ആയിരുന്നു, അവൻ പോകുന്നിടത്തെല്ലാം ബ്രസീലിന്റെ യശശ്ശ് ഉയർത്തിയെന്നും പത്രക്കുറിപ്പിൽ പറയുന്നു.
‘ഫുട്‌ബാളിലൂടെ ബ്രസീലിനെ ലോകത്തിന് പരിജയപ്പെടുത്തി. അവൻ ഫുട്ബാളിനെ കലയും ആനന്ദവുമാക്കി. ദൈവം നിങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കട്ടെ’ -ബോൽസനാരോ ട്വിറ്ററിൽ കുറിച്ചു. പെലെയുടെ സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച പ്രദേശിക സമയം 10ന് നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
കരിയറിലെ ഭൂരിഭാഗവും പന്തുതട്ടിയ സാന്‍റോസിൽ വിലാപയാത്ര നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഒന്നര പതിറ്റാണ്ട് ബ്രസീൽ ദേശീയ ടീമിന്റെ അവിഭാജ്യ ഭാഗമായിരുന്ന പെലെ മൂന്നു ലോകകപ്പ് നേടിയ ഏക താരമാണ്. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളിലാണ് പെലെയുടെ കൈയൊപ്പ് പതിഞ്ഞത്.
ദേശീയ ടീമിനായി 92 മത്സരങ്ങളിൽ 77 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിലെ സാന്റോസിന്റെ ഇതിഹാസ താരമായ പെലെ ക്ലബിനായി 659 മത്സരങ്ങളിൽ 643 ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.