ആരാണ് ബ്രസീലിന്റെ ബിഗ്ഗസ്റ്റ് സ്റ്റാര്‍? കോച്ച് ടിറ്റെയുടെ അഭിപ്രായം ഇതാണ്

ഖത്തര്‍ ലോകകപ്പില്‍ ഹോട് ഫേവറിറ്റുകള്‍ അര്‍ജന്റീനയും ബ്രസീലുമാണ്. ലാറ്റിനമേരിക്കയിലെ രണ്ട് ഐതിഹാസിക ഫുട്‌ബോള്‍ രാഷ്ട്രങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളെ പിന്തള്ളിക്കൊണ്ട് ലോകകപ്പ് ഫേവറിറ്റുകളായി ഒരുപോലെ പരിഗണിക്കപ്പെടുന്നത് സമാനതകളില്ലാത്തതാണ്.

അര്‍ജന്റീന കിരീട സാധ്യതയുള്ള ടീമുകളില്‍ മുന്നിലെത്താന്‍ കാരണം ലയണല്‍ മെസി എന്ന സൂപ്പര്‍താരത്തിന്റെ ഫോം ആണ്. കോപ അമേരിക്കയിലും ഫൈനലിസിമയിലും മെസിയുടെ തിളക്കം കണ്ടു. മാത്രമല്ല, മെസിക്ക് ചുറ്റിലുമായി മികച്ചൊരു ടീമിനെ കോച്ച് സ്‌കലോണി നിര്‍മിച്ചു കഴിഞ്ഞു.

ബ്രസീലിനെ ഫേവറിറ്റ് ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത് ടിറ്റെ എന്ന പരിശീലകന് കീഴില്‍ നാല് വര്‍ഷം കൊണ്ട് പ്രതിഭകളുടെ നിരയായി ടീം മാറിയതാണ്. ബ്രസീലിന്റെ ബിഗ്ഗസ്റ്റ് സ്റ്റാര്‍ ആരാണെന്ന് ആരാധകര്‍ക്ക് സംശയമുണ്ട്. കാരണം, ഒന്നിലധികം പേരുണ്ട് ആ പെരുമയില്‍. പി എസ് ജിയുടെ നെയ്മറും റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും ടീമിന്റെ നെടുംതൂണുകളാണ്. ക്ലബ്ബ് സീസണിലെ ഫോമും നേട്ടങ്ങളും പരിഗണിച്ചാല്‍ നെയ്മറിനും മുകളിലാണ് വിനീഷ്യസ് ജൂനിയര്‍. റയല്‍ മാഡ്രിഡിനായി സീസണില്‍ 52 മത്സരങ്ങള്‍ കളിച്ച വിനീഷ്യസ് 22 ഗോളുകള്‍ നേടുകയും 20 അസിസ്റ്റ് നടത്തുകയും ചെയ്തു. റയലിനൊപ്പം ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും സ്വന്തമാക്കി.

2021-22 സീസണില്‍ പി എസ് ജിക്കായി വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 28 മത്സരങ്ങളാണ് നെയ്മര്‍ കളിച്ചത്. പതിമൂന്ന് ഗോളുകളും എട്ട് അസിസ്റ്റുമാണ് ബ്രസീല്‍ സൂപ്പര്‍താരത്തിന് സാധ്യമായത്. ലീഗ് കിരീട വിജയം മാത്രമാണ് ആശ്വാസം.

എന്നാല്‍, ലോകകപ്പില്‍ ബ്രസീലിന്റെ ബിഗ്ഗസ്റ്റ് സ്റ്റാര്‍ ആരെന്നത് ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കോച്ച് ടിറ്റെയുള്ളത്.

നെയ്മര്‍ നെയ്മറാണ്, അയാള്‍ തന്നെയാണ് ഞങ്ങളുടെ ബിഗ്ഗസ്റ്റ് സ്റ്റാര്‍. ബ്രസീലിന്റെ യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതും മാര്‍ഗനിര്‍ദേശിയാകുന്നതും നെയ്മറാണ്. അദ്ദേഹത്തിന്റെ പരിചയ സമ്പത്തും വര്‍ഷങ്ങള്‍ കൊണ്ട് കൈവന്ന പക്വതയും ദേശീയ ടീമിന് മുതല്‍ക്കൂട്ടാകും- ടിറ്റെ പറഞ്ഞു.

ബ്രസീലിനായി 118 മത്സരങ്ങള്‍ കളിച്ച നെയ്മര്‍ 74 ഗോളുകളും 51 അസിസ്റ്റുകളും നടത്തി. ഗോള്‍ ശരാശരി ഒരു മത്സരത്തില്‍ 1.06 ആണ്. പെലെയുടെ 77 ഗോളുകളുടെ റെക്കോര്‍ഡിനരികിലാണ് നെയ്മര്‍. ലോകകപ്പില്‍ ബ്രസീലിന്റെ കുതിപ്പ് നെയ്മറിന്റെ ഗോളുകളിലാണെങ്കില്‍ രാജ്യത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന ഖ്യാതിയും മുപ്പതുകാരനെ തേടിയെത്തും.

Tags:    
News Summary - Brazil coach Tite about brazil super star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.