ഷൂട്ടൗട്ടിന് മുമ്പേ പരിശീലകനെ ‘പുറത്താക്കി’ തന്ത്രങ്ങൾ മെനഞ്ഞ് ബ്രസീൽ ടീം; വിവാദമായതോടെ വിശദീകരണം -വിഡിയോ

അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ കോപ അമേരിക്ക ടൂർണമെന്റിലെ പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു. നിർണായക ക്വാർട്ടർ പോരാട്ടത്തിൽ ഉറു​ഗ്വായിയോട് ഷൂട്ടൗട്ടിൽ തോറ്റ് മഞ്ഞപ്പട മടങ്ങേണ്ടി വന്നതിന് പിന്നാലെയുള്ള വിമർശനങ്ങൾക്ക് പുറമെ വിവാദവും ടീമിനെ തേടിയെത്തിയിരിക്കുകയാണ്. മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ അവസാനിച്ചതിന് പിന്നാലെയായിരുന്നു സംഭവം.

ഷൂട്ടൗട്ടിനൊരുങ്ങുമ്പോൾ ടീം അംഗങ്ങൾ തന്ത്രം മെനയാൻ പരസ്പരം വലയം തീർത്തപ്പോൾ പരിശീലകൻ ഡൊറിവാൾ ജൂനിയറിന് അതിൽ ഇടം ലഭിച്ചില്ല. ടീം അംഗങ്ങൾ വട്ടംകൂടി നിന്നപ്പോൾ അതിൽ കയറിക്കൂടാനാവാതെ കോച്ച് പുറത്തുനിൽക്കുന്നതിന്റെയും നിർണായക ഘട്ടത്തിൽ പരിശീലകനെ താരങ്ങൾ ഗൗനിക്കാത്തതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. അതേസമയം, ഉറുഗ്വായ് പരിശീലകൻ മാഴ്സലൊ ബിയൽസ ടീം വലയത്തിനുള്ളിൽനിന്ന് താരങ്ങൾക്ക് കൃത്യമായി വിശദീകരണം നൽകുന്നതും വിഡിയോയിലുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് വ്യാപക വിമർശനം ഉയർന്നത്.

ഇതോടെ പരിശീലകൻ ​ഡൊറിവാൾ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തൻ്റെ അധികാരത്തിന് ടീം അധികൃതർ എപ്പോഴെങ്കിലും തടസ്സം നിന്നതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കളിക്കാരുമായി ഇതിന് തൊട്ടുമുമ്പ് സംസാരിച്ചതിനാൽ സ്വയം മാറിനിൽക്കുകയായിരുന്നു. മത്സരത്തിൽ ഷൂട്ടൗട്ട് സാധ്യത മുന്നിൽ കണ്ട് ഞങ്ങൾ അതിനായി പരിശീലിച്ചിരുന്നെന്നും ആദ്യ അഞ്ച് കിക്കെടുക്കുന്നവരെ നേരത്തെ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിശീലകന്റെ വാദം ശരിവെച്ച് ടീമിലെ മുതിർന്ന അംഗങ്ങളിലൊരാളായ മാർക്വിഞ്ഞോസും രംഗത്തെത്തി. അസി. കോച്ച് ലൂകാസ് കാര്യങ്ങൾ വിശദീകരിക്കാൻ വലയത്തിനുള്ളിലുണ്ടായിരുന്നെന്ന് താരം ചൂണ്ടിക്കാട്ടി. പെനാൽറ്റിയിൽ പരിശീലിക്കുന്ന സമയത്ത് ലൂകാസ് ആണ് കൂടുതൽ ഇടപെട്ടിരുന്നത്. വലയത്തിനുള്ളിൽനിന്ന് അദ്ദേഹമാണ് തീരുമാനങ്ങൾ അറിയിച്ചത്. പരിശീലകൻ പുറത്തുനിന്നെങ്കിൽ സഹ പരിശീലകന് അതിനുള്ള അധികാരം നൽകിയ ശേഷമാണെന്നും താരം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Brazil team strategized by 'kicking out' the coach before the shootout; Explanation after the controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT