തിരുവനന്തപുരം: ഖത്തറിൽ ലോകക്കപ്പിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. ലോകക്കപ്പ് അടുത്തതോടെ ഖത്തറിന്റെ മണ്ണിൽ ആ സ്വർണക്കിരീടം ആര് ഉയർത്തുമെന്ന ആകാംക്ഷയിലാണ് ഫുട്ബാൾ പ്രേമികൾ. മുൻ ലോകക്കപ്പുകൾ പോലെ കേരളത്തിൽ ബ്രസീലും അർജന്റീനയുമാണ് ഫേവറിറ്റുകൾ. ഇപ്പോഴിതാ ആരാകും ജേതാക്കൾ എന്നത് സംബന്ധിച്ച് കേരളത്തിലെ രാഷ്ട്രീയനേതാക്കൾക്കിടയിലും ഉഗ്രൻ പോര് നടക്കുകയാണ്.
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് നേതാക്കൾക്കിടയിലെ വാക്പോര്. ഇത്തവണ ബ്രസീൽ പിടിക്കുമെന്നായിരുന്നു ശിവൻകുട്ടി പങ്കുവെച്ച ചിത്രത്തിലുണ്ടായിരുന്നത്. ഇതിന് താഴെ ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെയെന്നായിരുന്നു സി.പി.എം നേതാവ് എം.എം.മണിയുടെ കമന്റ്.
എം.എം മണിക്ക് പിന്തുണയുമായി ഇ.പി ജയരാജനും രംഗത്തെത്തി. കോപ അമേരിക്ക കീഴടക്കി. ഫൈനലിസ്മയും നേടി. ഇനി ഖത്തറിൽ ലോകക്കപ്പിലും അർജന്റീന മുത്തമിടുമെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.
പി.മമ്മികുട്ടി എം.എൽ.എ, എം.വിജിൻ, എം.നൗഷാദ്, വി.കെ പ്രശാന്ത്, കെ.വി സുമേഷ്, ലിന്റോ ജോസഫ് എന്നിവരെല്ലാം ഖത്തറിൽ അർജന്റീനയുടെ നീലപ്പട തന്നെ കിരീടം നേടുമെന്ന് പറഞ്ഞു. എന്നാൽ സച്ചിൻദേവ് എം.എൽ.എ ബ്രസീലിനൊപ്പമായിരുന്നു. കപ്പ് മഞ്ഞക്കുമില്ല നീലക്കുമില്ല ഇംഗ്ലണ്ടിനായിരിക്കുമെന്ന വ്യത്യസ്തമായ പ്രവചനവുമായി പി.വി.ശ്രീനിജിൻ എം.എൽ.എയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.