ബ്രസീല്‍ ലോകകപ്പ് ഫേവറിറ്റുകളല്ല! ഖത്തറില്‍ മഞ്ഞപ്പടക്ക് വലിയ സാധ്യത കാണുന്നില്ലെന്ന് നിരീക്ഷിച്ചത് മുന്‍ ബ്രസീല്‍ താരം വാള്‍ട്ടര്‍ കസാഗ്രാന്‍ഡെ ജൂനിയറാണ്. ടീമിന്റെ നായകനായ നെയ്മറിന്റെ സാന്നിധ്യം തന്നെയാണ് ബ്രസീലിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുന്നതെന്ന് അദ്ദേഹം പറയുന്നു. ലാറ്റിനമേരിക്കന്‍ ടോക്ക് ഷോ ആയ മെസ റെഡോന്‍ഡയിലാണ് മുന്‍ താരം നെയ്മറിനെതിരെ കടുത്ത വിമര്‍ശം അഴിച്ചുവിട്ടത്. പ്രഫഷനലിസം തൊട്ടുതീണ്ടിയിട്ടില്ലാത്ത കളിക്കാരനാണ് നെയ്മര്‍. അയാള്‍ ധിക്കാരിയും താന്തോന്നിയുമാണ്. ലോകകപ്പ് ജയിക്കാന്‍ വേണ്ട താരത്തിന്റെ ജീവിത ശൈലിയല്ല നെയ്മറിന്റേതെന്നും വാള്‍ട്ടര്‍ കുറ്റപ്പെടുത്തി.
മെസ്സിയുടെ അര്‍ജന്റീനക്കൊപ്പം ലോകകപ്പിലെ ഫേവറിറ്റുകളായി പൊതുവെ കണക്കാക്കുന്നത് ബ്രസീലിനെയാണ്. ടിറ്റെയുടെ ടീം വളരെ ശക്തമാണ്. ഒരു പൊസിഷനില്‍ പകരമെത്തുന്ന താരം പോലും സ്റ്റാര്‍ട്ടിങ് ലൈനപ്പ് അര്‍ഹിക്കുന്നവര്‍. എന്നാല്‍, ക്യാപ്റ്റന്‍ നെയ്മറിന്റെ അലക്ഷ്യമായ ജീവിത രീതി ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തുന്നുവെന്നാണ് വാള്‍ട്ടര്‍ തൊടുത്തുവിട്ട കൂരമ്പ്.
ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍നിന്ന് പുറത്തേക്കുള്ള വഴിയിലാണ് നെയ്മര്‍. കെയ്‍ലിയന്‍ എംബാപെയും മെസ്സിയും ഉള്‍പ്പെടുന്ന മുന്നേറ്റ നിരയില്‍ നെയ്മര്‍ കളിക്കാനിറങ്ങിയെങ്കിലും വൈകാതെ താരത്തെ ക്ലബ് വില്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ നെയ്മറിന്റെ സംഭാവനകള്‍ വളരെ കുറവായിരുന്നു. 28 മത്സരങ്ങളില്‍നിന്ന് 13 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് നെയ്മറിന് സാധിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് ടീം പരാജയപ്പെട്ടപ്പോള്‍ ആരാധകര്‍ നെയ്മറിനെയാണ് കൂക്കിവിളിച്ചത്.
ക്ലബ് ആരാധകര്‍ക്ക് താൽപര്യമില്ലാത്ത ഒരു താരത്തെ വെച്ചുപൊറുപ്പിക്കാന്‍ പി.എസ്.ജിയും ഒരുക്കമല്ല. ജഴ്‌സി വിപണിയില്‍ നെയ്മറിന്റെ മൂല്യം ഇടിഞ്ഞുവെന്നതാണ് മറ്റൊരു കാര്യം. പരിക്കൊഴിഞ്ഞ നേരമില്ലാത്തതിനാല്‍ നെയ്മറിനെ ടീമിലെടുക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളും വലിയ താൽപര്യം കാണിക്കുന്നില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍നാര്‍ഡോ സില്‍വയെ വിട്ടുകിട്ടിയാല്‍ നെയ്മറിനെ സിറ്റിക്ക് നല്‍കാന്‍ പി.എസ്.ജി തയാറാണെന്ന് അറിയിച്ചതാണ് ട്രാന്‍സ്ഫര്‍ നീക്കത്തിലെ ലേറ്റസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.