സോക്കർ മൈതാനങ്ങളെ ത്രസിപ്പിച്ചുനിർത്തിയ ചേതോഹര നീക്കങ്ങളുമായി കാലത്തെ ജയിച്ചുനിൽക്കുന്ന പെലെ എന്ന മാന്ത്രികൻ അരങ്ങൊഴിഞ്ഞത് അടുത്തിടെയാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞും ലോകം കുതൂഹലത്തോടെ കണ്ടുനിൽക്കുന്ന ഗോളുകളും ഗോൾനീക്കങ്ങളുമായിരുന്നു പെലെ. സമാനതകളില്ലാത്തതെന്നും ഏറ്റവും മികച്ചവയെന്നും നിസ്സംശയം പറയാവുന്നവ. ഇതിന്റെ തുടർച്ചയായി ഇനി ഏറ്റവും മികച്ച എന്തിനും ‘പെലെ’ എന്ന വാക്ക് ഉപയോഗിക്കാമെന്ന് ബ്രസീൽ തീരുമാനിച്ചിരിക്കുന്നു.
രാജ്യത്തെ പ്രശസ്തമായ മൈകലിസ് ഡിക്ഷണറിയാണ് ‘പെലെ’ എന്ന വാക്ക് നിഘണ്ടുവിൽ ചേർത്തത്. ‘സവിശേഷമായത്, സമാനതകളില്ലാത്തത്, അദ്വിതീയമായത്’ എന്നൊക്കെയാണ് നൽകിയ അർഥം. കായിക രംഗം കവിഞ്ഞും ഇതിഹാസ താരത്തിന്റെ ഓർമയും ആദരവും നിലനിർത്താൻ ലക്ഷ്യമിട്ട് അടുത്തിടെ ഒന്നേകാൽ ലക്ഷത്തിലേറെ പേരുടെ ഒപ്പ് ശേഖരിച്ചതിന് പിറകെയാണ് ഈ നീക്കം. 82ാം വയസ്സിൽ കഴിഞ്ഞ ഡിസംബറിലാണ് പെലെ വിടവാങ്ങിയത്. മൂന്നു വട്ടം ലോകകിരീടം ചൂടിയ റെക്കോഡ് ഇപ്പോഴും സ്വന്തമായുള്ള താരത്തിന്റെ മടക്കമ ഖത്തർ ലോകകപ്പ് കഴിഞ്ഞ് നാളുകൾക്ക് ശേഷമായിരുന്നു.
‘അത്യസാധാരണനായ ഒരാൾ, തന്റെ കഴിവും മികവും മൂല്യവും കൊണ്ട് സമാനതകളില്ലാത്ത സാന്നിധ്യമായവൻ- അതാണ് ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച താരമായി വിളിക്കപ്പെടുന്ന എഡ്സൺ അരാന്റെസ് ഡോ നാസിമെന്റോ (1940-2022)യുടെ വിളിപ്പേരായ പെലെ. സവിശേഷമായത്, സമാനതകളില്ലാത്തത്, അദ്വിതീയമായത്. ഉദാഹരണം: ഇയാൾ ബാസ്കറ്റ്ബാളിലെ പെലെ. അവൾ ടെന്നിസിലെ പെലെ, ബ്രസീൽ നാടകരംഗത്തെ പെലെ, വൈദ്യശാസ്ത്രത്തിലെ പെലെ’’- ഡിക്ഷ്ണറിയിൽ പെലെയെ പരിചയപ്പെടുത്തുന്നതിങ്ങനെ.
പെലെ എന്ന വാക്ക് നിഘണ്ടുവിലെത്തിയത് അദ്ദേഹത്തിന്റെ ദീർഘകാല ക്ലബായിരുന്ന സാന്റോസ് എഫ്.സി, പെലെ ഫൗണ്ടേഷൻ തുടങ്ങിയവ ആഘോഷിച്ചു.
രണ്ടു പതിറ്റാണ്ട് കാലമാണ് സാന്റോസ് ക്ലബിനൊപ്പവും ദേശീയ ജഴ്സിയിലും പെലെ നിറഞ്ഞുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.