സാവോപോളോ: ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച വനിത താരങ്ങളിലൊരാളായ ബ്രസീലിയൻ സ്ട്രൈക്കർ മാർത്ത കളിക്കളം വിടുന്നു. ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പ് കരിയറിലെ അവസാനത്തേതായിരിക്കുമെന്ന് 37കാരി പ്രഖ്യാപിച്ചു. നിരന്തരം പരിക്കുകൾ അലട്ടുന്ന മാർത്ത, ആറാം ലോകകപ്പാണ് കളിക്കാൻ പോവുന്നത്. ആസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന ടൂർണമെന്റിലേക്ക് ടീം വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രഖ്യാപനം.
''ഇത് എന്റെ അവസാന ലോകകപ്പായിരിക്കും. മറ്റു കാര്യങ്ങൾക്കും പരിഗണന നൽകേണ്ട സമയമായെന്ന് നമ്മൾ മനസ്സിലാക്കണം. ഇത്രയും വർഷം ദേശീയ ടീമിൽ നിലനിന്നതിന് എനിക്ക് നന്ദിയുള്ളവളായിരിക്കാൻ മാത്രമേ കഴിയൂ.''-മാർത്ത പറഞ്ഞു. 2002ൽ ബ്രസീൽ ടീമിലെത്തിയ മാർത്ത വിയേര ഡാ സിൽവ 174 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 117 ഗോളുമായി കാനറി പെൺപടയുടെ എക്കാലത്തെയും ടോപ് സ്കോററാണ്. 2000ത്തിൽ റിയോ ഡെ ജനീറോ ആസ്ഥാനമായ വാസ്കോ ഡാ ഗാമയിലാണ് ക്ലബ് കരിയർ തുടങ്ങിയത്.
പത്തിലധികം ക്ലബുകൾക്കായി വിവിധ ലീഗുകൾ കളിച്ച മാർത്ത, ഏഴ് വർഷമായി ഫ്ലോറിഡയിലെ ഒർലാൻഡോ പ്രൈഡിന്റെ താരമാണ്. ആറ് തവണ ഫിഫ ലോക വനിത ഫുട്ബാളർ പുരസ്കാരം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.