മാഞ്ചസ്റ്റർ: പുതുസീസണിൽ സ്വപ്നതുല്യമായ തുടക്കവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഓൾഡ് ട്രാഫേഡിനെ ചെങ്കടലാക്കി ഒഴുകിയെത്തിയ ആരാധകക്കൂട്ടത്തെ ഉന്മാദത്തിലാറാടിച്ച ചെങ്കുപ്പായക്കാർ ലീഡ്സ് യുനൈറ്റഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്കാണ് തകർത്തത്. ഹാട്രിക് ഗോളുകളുമായി സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസ് സീസണിലെ കന്നി മത്സരം അവിസ്മരണീയമാക്കി. അസിസ്റ്റുകളുമായി കളം നിറഞ്ഞ പോൾ പോഗ്ബയും യുനൈറ്റഡിന് ശുഭസൂചനയാണ് നൽകുന്നത്.
പന്തടക്കത്തിൽ ഒപ്പത്തിനൊപ്പം നിെന്നങ്കിലും പ്രതിരോധം തുറന്നിടുന്ന ലീഡ്സിന്റെ കളി ശൈലി യുനൈറ്റഡ് മുതലെടുക്കുകയായിരുന്നു. 30 മിനിറ്റിൽ ബ്രൂണോയിലൂടെയാണ് യുനൈറ്റഡ് അക്കൗണ്ട് തുറന്നത്. ആദ്യ പകുതിയിൽ മറ്റുഗോളുകളൊന്നും പിറന്നില്ല. 48ാം മിനിറ്റിൽ ലൂക് ഐലിങ്ങിന്‍റെ ഗോളിലൂടെ ലീഡ്സ് ഒപ്പമെത്തി. ഉണർന്നെണീറ്റ യുനൈറ്റഡ് 52ാം മിനിറ്റിൽ ഗ്രീൻവുഡിലൂടെ ലീഡ് പിടിച്ചു. 54, 60 മിനിറ്റുകളിൽ ബ്രൂണോയുടെ കാലുകൾ വീണ്ടും ഗോൾ ചുരത്തിയതോടെ യുനൈറ്റഡ് അജയ്യരാകുകയായിരുന്നു. 68ാം മിനിറ്റിൽ ഫ്രെഡ് യുനൈറ്റഡിന്‍റെ ഗോൾ പട്ടിക പൂർത്തിയാക്കി.
റെക്കോർഡ് തുകക്ക് കൗമാര താരം ജേഡൻ സാഞ്ചോയെയും ഫ്രാൻസിന്‍റെ സൂപ്പർ താരം റാഫേൽ വരാനെയയും ടീമിലെത്തിച്ച യുനൈറ്റഡ് ഇക്കുറി പ്രീമിയർ ലീഗ് കിരീടം ഓൾഡ് ട്രാഫേഡിെലത്തിക്കണമെന്ന വാശിയിലാണ്. 2012-13 സീസണിലെ കിരീട നേട്ടത്തിന് ശേഷം പ്രതാപികളായ യുനൈറ്റഡിന് പ്രീമിയർ ലീഗിൽ മുത്തമിടാൻ ആയിട്ടില്ല.
അതേസമയം, പുതു സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആഴ്സനൽ 2-0ത്തിന് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ബ്രെൻറ്ഫോഡിനോട് തോറ്റു. സെർജി കാനോസ് (22), ക്രിസ്റ്റ്യൻ നൊഗാർഡ് (73) എന്നിവരാണ് ഗോൾ നേടിയത്. 1947നു ശേഷം ആദ്യമായാണ് ബ്രെൻറ്ഫോഡ് ഇംഗ്ലണ്ടിലെ ടോപ് ലീഗ് ടിക്കറ്റെടുക്കുന്നത്. മറ്റൊരു മത്സരത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ചെൽസി ക്രിസ്റ്റൽ പാലസിനെ (3-0) തോൽപിച്ചു. മറ്റു മത്സരങ്ങളിൽ എവർടെനും ലെസ്റ്റർ സിറ്റിയും ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.