സമനിലയിൽ രണ്ടു പോയിന്റ് നഷ്ടം; ഡോർട്മുണ്ടിനെ കടന്ന് ബുണ്ടസ് ലിഗ കിരീടത്തിലേക്ക് വീണ്ടും ബയേൺ

റിവിയർഡെർബിയിൽ ഷാൽക്കെക്കു മുന്നിൽ ബൊറൂസിയ ഡോർട്മുണ്ട് കളഞ്ഞുകുളിച്ച രണ്ടു പോയിന്റ് അവസരമാക്കി ബുണ്ടസ് ലിഗയിൽ ഒന്നാം സ്ഥാനത്ത് ലീഡ് പിടിച്ച് ബയേൺ. പലവട്ടം അവസരം തുറന്ന് ഡോർട്മുണ്ട് മുന്നിൽനിന്ന ദിനത്തിൽ രണ്ടുവട്ടം തിരിച്ചടിച്ചാണ് ഷാൽക്കെ എതിരാളികളെ സമനിലയിൽ കുരുക്കിയ​തെങ്കിൽ രണ്ടാമത്തെ കളിയിൽ ഓഗ്സ്ബർഗിനെതിരെ 5-3നായിരുന്നു ബയേൺ വിജയം.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ചെൽസിയോടേറ്റ തോൽവിയുടെ ആഘാതവുമായാണ് ഡോർട്മുണ്ട് ബുണ്ടസ് ലിഗ മത്സരത്തിനിറങ്ങിയത്. തുടർച്ചയായ എട്ടു ജയങ്ങളുടെ ആഘോഷം തുടരാനായിരുന്നു ടീമിന്റെ അങ്കക്കലിയെങ്കിലും ആദ്യ പകുതിയിലെ അവസരങ്ങൾ ഗോളാകാതെ പോയതോടെ വിജയം അകന്നു. പിന്നീട് രണ്ടുവട്ടം ഗോളടിച്ച് ലീഡ് പിടി​ച്ച ഡോർട്മുണ്ടിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഷാൽകെ ഒപ്പംപിടിക്കുകയായിരുന്നു. 

ഓഗ്സ്ബർഗിനെതിരെ സ്വന്തം മൈതാനത്ത് പക്ഷേ, മ്യൂണിക്കുകാരുടെ ആധിപത്യം കണ്ട മത്സരമായി. സാദിയോ മാനെ മുന്നിൽ പട നയിച്ച കളിയിൽ ബെഞ്ചമിൻ പവാർഡ് രണ്ടു വട്ടം ഗോളടിച്ചപ്പോൾ യൊആവോ കാൻസലോ, ലിറോയ് സാനെ, അൽഫോൺസോ ​ഡേവിസ് എന്നിവരും വല കുലുക്കി. ഓഗ്സ്ബർഗിനായി മെർഗിം ബെരിഷ ഡബ്ളടിച്ചപ്പോൾ ഇർവിൻ ​കാർഡോണ ഒരുവട്ടവും വല കുലുക്കി.

ഒരു ഘട്ടത്തിൽ ബയേണിനു മുന്നിൽ കടന്ന് ബുണ്ടസ് ലിഗയിൽ കിരീടം സ്വപ്നം കണ്ട ഡോർട്മുണ്ടിന് ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ വിയർത്താലേ കിരീടം പിടിക്കാനാകൂ. എന്നാൽ, കഴിഞ്ഞ 10 തവണയും തുടർച്ചയായി ചാമ്പ്യൻമാരായ ബയേണിനു മുന്നിൽ ബുണ്ടസ് ലിഗ കിരീടം മാത്രമല്ല, ചാമ്പ്യൻസ് ലീഗിലെ വലിയ നേട്ടങ്ങളും കാത്തിരിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.