എം.വി. ഡേവീസ്, വിക്ടർ മഞ്ഞില

സുവർണ സ്​​മരണകളുടെ ചാമ്പ്യന്മാർ

ഒക്ടോബർ 19ന് സുവർണ ജൂബിലിയിലെത്തുന്ന കേരളത്തി​െൻറ പ്രഥമ ദേശീയ വിജയത്തെക്കുറിച്ച് പറയുമ്പോൾ അന്നത്തെ ഫുട്​ബാൾ ക്യാപ്റ്റനും പിന്നീട് കേരള കോച്ചുമായ വിക്ടർ മഞ്ഞിലക്കും സ്​റ്റോപ്പർ ബാക്കും പിന്നീട്​ യൂനിവേഴ്സിറ്റി ക്യാപ്റ്റനുമായ എം.വി. ഡേവീസിനും പുത്തനാവേശം. 70 പിന്നിട്ട ഈ തൃശൂർക്കാരുടെ കണ്ണുകളിൽ യൗവനത്തിളക്കം

1971 ഒക്ടോബർ 19, തേ ഞ്ഞിപ്പലത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ അശുതോഷ് മുഖർജി ഷീൽഡിനുവേണ്ടിയുള്ള അഖിലേന്ത്യ ഇൻറർവാഴ്സിറ്റി ഫുട്ബാൾ ടൂർണമെൻറ്​ ഫൈനൽ റൗണ്ടിൽ ആതിഥേയരായ കാലിക്കറ്റും ഗ​ുവാഹതിയും തമ്മിൽ നിർണായക മത്സരം. ഇരു ടീമുകളും നാലു വീതം പോയൻറുമായാണ് റൗണ്ട് റോബിൻ ലീഗ് മത്സരത്തിലെ അവസാന പോരാട്ടത്തിന് കളത്തിലിറങ്ങിയത്.

യൂനിവേഴ്സിറ്റി നിലവിൽ വന്ന് മൂന്നാം വർഷത്തിൽ അരങ്ങേറിയ വാശിയേറിയ മത്സരത്തി​െൻറ രണ്ടാം പകുതിയിൽ നിറഞ്ഞ കാണികളെ ഇളക്കിമറിച്ച് ആതിഥേയരുടെ മുൻനിരക്കാരൻ എം.ആർ. ബാബു ഗോൾ നേടി (1-0). അതി​െൻറ അലകൾ ഒടുങ്ങും മുമ്പ് ഗ​ുവാഹതി തുല്യ നാണയത്തിൽ തിരിച്ചടിച്ചു (1-1). തൊട്ടുടനെ ഏവരെയും ഞെട്ടിച്ച് മറ്റൊരു ഗോളിലൂടെ ഗ​ുവാഹതി മുന്നിലെത്തി (2-1). കളി തീരാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ കാലിക്കറ്റി​െൻറ മുൻനിര താരം എം .ഐ. മുഹമ്മദ് ബഷീറി​െൻറ (പിന്നീട് ഇന്ത്യൻ ജഴ്സിയണിഞ്ഞ ഇൻറർനാഷനൽ ഡോ. മുഹമ്മദ് ബഷീർ) ബൂട്ടിൽനിന്ന് സമനില ഗോൾ പിറന്നു (2-2).

അതൊരു കേവല സമനിലയായിരുന്നില്ല. പുതു ചരിത്രം പിറവിയെടുക്കുകയായിരുന്നു തേഞ്ഞിപ്പലത്ത്. അഞ്ചു പോയൻറുമായി പോയൻറ്​ നിലയിൽ മുന്നിലെത്തിയ കാലിക്കറ്റ് അശുതോഷ് മുഖർജി ഷീൽഡിൽ മുത്തമിട്ടു. ദേശീയ ചാമ്പ്യനായി. ദേശീയ ഫുട്ബാൾ ചരിത്രത്തിൽ അങ്ങനെ ആദ്യമായി കേരളം രേഖപ്പെടുത്തപ്പെട്ടു. സംസ്ഥാന ഫുട്ബാൾ ചരിത്രത്തിൽ വഴിത്തിരിവാകുകയും ചെയ്തു തങ്കലിപികളിൽ കുറിച്ച ആ വിജയം.


കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം അശുതോഷ് മുഖർജി ഷീൽഡുമായി

പ്രത്യേകം സജ്ജമാക്കിയ ഗാലറികളിൽനിന്ന് ആവേശാരവത്തോടെ കാണികൾ ഗ്രൗണ്ടിലിറങ്ങി. കളിക്കാരെ കോരിയെടുത്ത് ആനന്ദനൃത്തമാടി. പിറ്റേന്ന് പത്രങ്ങൾ ആ വിജയം ഏറെ കൊട്ടിഘോഷിച്ചു. കേരളമാകെ ആഘോഷദിനങ്ങളിലായിരുന്നു അന്ന്. ഈ ഒക്ടോബർ 19ന് സുവർണ ജൂബിലിയിലെത്തുന്ന കേരളത്തി​െൻറ പ്രഥമ ദേശീയ വിജയത്തെക്കുറിച്ച് വിവരിക്കുമ്പോൾ അന്നത്തെ ക്യാപ്റ്റനും പിന്നീട് കേരള കോച്ചുമായ പ്രശസ്ത ഗോൾകീപ്പർ ഇൻറർനാഷനൽ വിക്ടർ മഞ്ഞിലക്കും അന്നത്തെ സ്​റ്റോപ്പർ ബാക്കും തൊട്ടടുത്ത വർഷം യൂനിവേഴ്സിറ്റി ക്യാപ്റ്റനുമായ എം.വി. ഡേവീസിനും പുത്തനാവേശം. 70 പിന്നിട്ട ഇരു തൃശൂർക്കാരുടെയും കണ്ണുകളിൽ യൗവന തിളക്കം.

വിക്ടർ മഞ്ഞില, എം.വി. ഡേവീസ് (തൃശൂർ സെൻറ്​ തോമസ്), കെ.പി. രത്നാകരൻ, ഹമീദ് പനങ്ങാട്, കെ.സി. പ്രകാശ്, എൻ.കെ. സുരേഷ് (കണ്ണൂർ എസ്.എൻ), ഇ. രാമചന്ദ്രൻ (കോഴിക്കോട് ഗവ. ആർട്സ് ആൻഡ്​ സയൻസ്), പി. പൗലോസ്, എം.ആർ. ബാബു (ഇരിഞ്ഞാലക്കുട ക്രൈസ്​റ്റ്​), പി. കുഞ്ഞിമുഹമ്മദ് (എം.ഇ.എസ് മമ്പാട്), എം.ഐ. മുഹമ്മദ് ബഷീർ (പാലക്കാട് വിക്ടോറിയ) എന്നിവരായിരുന്നു ആദ്യ ഇലവനിൽ. കെ. പ്രദീപ്, അബ്​ദുൽ റഫീഖ് (കണ്ണൂർ എസ്.എൻ), ദിനേശ് പട്ടേൽ (മലബാർ ക്രിസ്​ത്യൻ), പി. അശോകൻ (ദേവഗിരി), സി.എസ്. ശശികുമാർ (വിക്ടോറിയ) എന്നിവർ പകരക്കാരും. ഇതിൽ വിക്ടർ, ഹമീദ്, കെ.സി. പ്രകാശ് എന്നിവർ അക്കാലത്ത് കേരള ടീമിനുവേണ്ടി ജഴ്സി അണിഞ്ഞവരായിരുന്നു. അന്നത്തെ ടീം അംഗങ്ങളിൽ രത്നാകരൻ, എം.ആർ. ബാബു, ദിനേശ് പട്ടേൽ, സി.എസ്. ശശികുമാർ എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല.

അപരാജിത ചാമ്പ്യൻ

ദക്ഷിണമേഖല ചാമ്പ്യന്മാരായ കാലിക്കറ്റ് ആ മത്സരങ്ങളിൽ അപരാജിതരായാണ് ഫൈനൽ റൗണ്ടിലെത്തിയത്. ദക്ഷിണമേഖല മത്സരത്തിനും ആതിഥേയത്വം വഹിച്ചത് കാലിക്കറ്റായിരുന്നു. പാടം നികത്തി പണിത മൈതാനം. 15,000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഗാലറി സജ്ജമാക്കി. ടിക്കറ്റ് വെച്ച് നടത്തിയ മത്സരം കാണാൻ വൻ തിരക്കായിരുന്നുവെന്ന് വിക്ടറും ഡേവീസും ഓർക്കുന്നു. ഗാലറിക്ക് ഒരു രൂപയും കസേരക്ക് രണ്ടു രൂപയുമായിരുന്നു നിരക്ക്.


 


അന്നത്തെ ക്യാപ്റ്റൻ വിക്ടർ മഞ്ഞിലയെ കോച്ച് സി.പി.എം. ഉസ്മാൻ കോയ അഭിനന്ദിക്കുന്നു

ഒക്ടോബർ മൂന്നിനായിരുന്നു ദക്ഷിണ മേഖല മത്സരങ്ങളുടെ കിക്കോഫ്. ഇതിൽ വെങ്കിടേശ്വര യൂനിവേഴ്സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്കും കർണാടകയെ 12-0ത്തിനും പൊട്ടിച്ചു. മധുരയെയും മൈസൂരിനെയും മറുപടിയില്ലാത്ത നാലു വീതം ഗോളുകൾക്കും മുട്ടുകുത്തിച്ചു. സി.പി.എം. ഉസ്മാൻ കോയയുടെ ശിക്ഷണത്തിൽ ഇറങ്ങിയ ചുണക്കുട്ടികൾ 29 ഗോൾ സമ്പാദ്യവുമായാണ് അന്തിമ റൗണ്ടിൽ പോരിനിറങ്ങിയത്.

ഒക്ടോബർ 15 മുതൽ 19 വരെയായിരുന്നു അവസാനവട്ട മത്സരങ്ങൾ. വിവിധ മേഖല ചാമ്പ്യന്മാരുടേതായിരുന്നു മാറ്റുരക്കൽ. വടക്കൻ മേഖലയിൽനിന്ന് പഞ്ചാബ്, കിഴക്കൻ മേഖലയിൽ നിന്ന് ഗ​ുവാഹതി, പശ്ചിമമേഖലയിൽനിന്ന് വിക്രം യൂനിവേഴ്സിറ്റി (മഹാരാഷ്​ട്ര) എന്നിവരായിരുന്നു എതിരാളികൾ.

പഞ്ചാബി​െൻറ പരാക്രമം

റൗണ്ട് റോബിൻ ലീഗ് മത്സരത്തിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടണമായിരുന്നു. ഏറ്റവും കൂടുതൽ പോയൻറ്​ കിട്ടുന്നവർ ചാമ്പ്യന്മാരാകും. കാലിക്കറ്റി​െൻറ ആദ്യ കളി വിക്രമുമായിട്ടായിരുന്നു. മത്സരത്തിൽ ആതിഥേയർ 4-1ന് ജേതാക്കളായി. പഞ്ചാബുമായുള്ള കാലിക്കറ്റി​െൻറ കളി സംഭവബഹുലമായി. മത്സരത്തിൽ കളി തീരാൻ 10 മിനിറ്റ്​ മാത്രം അവശേഷിക്കുംവരെയും ആതിഥേയർ ഒരു ഗോളിന് മുന്നേറിനിൽക്കുകയായിരുന്നു. ഇന്ത്യൻ താരം ഗുരുദേവ് സിങ്ങി​െൻറ നായകത്വത്തിൽ ഇറങ്ങിയ സർദാർജികൾ പരുക്കൻ അടവുകൾ പുറത്തെടുത്തു. റഫറിയെ ചോദ്യംചെയ്യലും മറ്റുമായി കളിയുടെ രസച്ചരട് പൊട്ടിച്ചു. അതിനിടെ, ഗോളിൽ കലാശിക്കുമെന്ന് ഉറപ്പായ ബഷീറി​െൻറ മുന്നേറ്റം. പെനാൽറ്റി ബോക്സിനടുത്ത് വെച്ച് പഞ്ചാബ് നായകൻ ബഷീറിനെ ഗുരുതരമായി ഫൗൾ ചെയ്ത് വീഴ്ത്തി. റഫറി ജമാലുദ്ദീൻ ഗുരുദേവിനെ പുറത്താക്കി. അദ്ദേഹം പുറത്തുപോകാൻ കൂട്ടാക്കിയില്ല. ടീമിനെ കളിപ്പിക്കാൻ സമ്മതിച്ചതുമില്ല. തർക്കംമൂലം കളി നിർത്തിവെക്കേണ്ടിവന്നു. അതോടെ കാലിക്കറ്റിനെ ജേതാക്കളായി റഫറി പ്രഖ്യാപിച്ചു. അങ്ങനെ രണ്ടു വിജയത്തിൽനിന്നായി നാലു പോയൻറ്​ നേടിയാണ് കാലിക്കറ്റ് നിർണായക മത്സരത്തിൽ ഗ​ുവാഹതിയെ എതിരിട്ടത്. ടൂർണമെൻറിൽ ബഷീറിനെ മികച്ച താരമായി തെരഞ്ഞെടുത്തു.

ഗ്രേസ് മാർക്കി​െൻറ തുടക്കം

അന്നത്തെ കാലിക്കറ്റി​െൻറ ചാമ്പ്യൻപട്ടം പൊതുവെ ചില ഗുണപരമായ മാറ്റങ്ങൾക്ക് വഴിവെച്ചതായി വിക്ടർ മഞ്ഞില പറയുന്നു. കായികവാർത്തകളെ പത്രങ്ങൾ കുറേക്കൂടി ഗൗരവത്തിൽ കണ്ടുതുടങ്ങി എന്നതാണ് അതിലൊന്ന്. കല-കായികപ്രതിഭകൾക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനമെടുക്കുന്നതിന് കാരണമായതാണ് മറ്റൊന്ന്. ഇതിന് അന്നത്തെ ടീം മാനേജർ ഇ.ജെ. ജേക്കബിന് നന്ദി പറയണമെന്ന് വിക്ടർ സ്മരിക്കുന്നു. ജേതാക്കളായ കളിക്കാർക്ക് കോഴിക്കോട് അളകാപുരിയിൽ സ്വീകരണം നൽകാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചു. ​പ്രഫ. എം.എം. ഗനിയായിരുന്നു വി.സി. വിജയം നേടിക്കൊടുത്ത് കാലിക്കറ്റിനെ രാജ്യത്തെ സർവകലാശാലകളുടെ തലപ്പത്തെത്തിച്ചതിന് എന്തുവേണമെന്ന് വി.സി കളിക്കാരോട് ചോദിക്കുമെന്നും ഗ്രേസ് മാർക്ക് എന്ന് മറുപടി നൽകണമെന്നും മാനേജർ ത​െൻറ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അതുപോലെതന്നെ വി.സി ചോദിച്ചപ്പോൾ ഗ്രേസ് മാർക്ക് മതിയെന്ന് കളിക്കാർ പറഞ്ഞു. പ​േക്ഷ, അത് നേടിക്കൊടുക്കാൻ വി.സി നിസ്സഹായനായിരുന്നു. എന്നാൽ, അതൊരു വഴിമരുന്നായി. അധികം വൈകാതെ കല-കായിക പ്രതിഭകൾക്ക് ഗ്രേസ് മാർക്ക് നൽകിത്തുടങ്ങി; അതിന് തുടക്കംകുറിച്ചവർക്ക് അത് ലഭിക്കാൻ ഭാഗ്യമില്ലാതായി എന്നു മാത്രം. 


ദേശീയതലത്തിൽ കേരളം ശ്രദ്ധിക്കപ്പെടാൻ കാലിക്കറ്റി​െൻറ അന്നത്തെ വിജയം കാരണമായി. കേരളം മുഴുവൻ ടീമിന് സ്വീകരണമൊരുക്കി. രണ്ടു വർഷം കഴിഞ്ഞപ്പോൾ -1973ൽ- കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. ഇന്ത്യൻ ഫുട്ബാളിൽ അങ്ങനെ കേരളം ആധികാരികമായി കൈയൊപ്പ് ചാർത്തിയപ്പോൾ കാലിക്കറ്റ് സർവകലാശാലയെ ഉന്നതങ്ങളിലെത്തിച്ച ടീമിലെ വിക്ടർ അടക്കം നാലു പേർ സംസ്ഥാന ജഴ്സിയണിഞ്ഞിരുന്നു. പൗലോസ്, ഹമീദ്, പ്രകാശ് എന്നിവരാണ് മറ്റുള്ളവർ. പിന്നീട് രത്നാകരനും ബഷീറും കേരള ടീമിൽ എത്തി. ബഷീറിന് മെഡിസിന് സീറ്റ് ലഭിക്കാൻ അന്നത്തെ വിജയം സഹായിച്ചു.


ഒരുകാലത്ത് രാജ്യത്താകെ തിളങ്ങിനിന്ന കേരള ക്ലബ് പ്രീമിയർ ടയേഴ്സിൽ പിന്നീട് കാലിക്കറ്റി​െൻറ മൂന്നു താരങ്ങൾ- വിക്ടർ മഞ്ഞില, ഡോ. മുഹമ്മദ് ബഷീർ, പി. പൗലോസ് എന്നിവർ എത്തി; രത്നാകരൻ, പ്രദീപ്, ഹമീദ് എന്നിവർ ടൈറ്റാനിയത്തിലും കെ.സി. പ്രകാശ് സ്‌റ്റേറ്റ് ബാങ്കിലും. ഇവരെല്ലാം കേരള ടീമിലെ പ്രിയ താരങ്ങളായി. ഈ മാസം 19ന് അന്നത്തെ ടീമംഗങ്ങൾക്ക് കാലിക്കറ്റ് സർവകലാശാല സ്വീകരണമൊരുക്കിയിട്ടുണ്ട്; സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്. ടീമംഗങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും ഇതോടനുബന്ധിച്ച് ആദരിക്കപ്പെടും.

Tags:    
News Summary - calicut university football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.